കൊല്ലം: നാടകം ജീവിതമാണ്, അതുകൊണ്ടുതന്നെ സിനിമയെപ്പോലെ അത് അത്ര എളുപ്പമല്ലെന്ന് ചലച്ചിത്ര നടന്‍ ഇന്ദ്രന്‍സ്. കൊല്ലം സോപാനം ആഡിറ്റോറിയത്തില്‍ പത്തനാപുരം ഗാന്ധിഭവന്‍ കലാസാംസ്‌കാരിക കേന്ദ്രം സംഘടിപ്പിച്ച സംസ്ഥാന നാടകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡ് മഹാമാരി ലോകം മുഴുവന്‍ ദുരിതം വിതച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ വേദനിച്ചത് കലാകാരന്മാരാണ്. ഉത്സവപറമ്പുകളില്‍ അഭിനയത്തിന്റെ നല്ല മുഹൂര്‍ത്തങ്ങള്‍ കാഴ്ചവച്ച നാടക കലാകാരന്‍മാര്‍ ഇന്ന് സങ്കട കണ്ണീരിലാണ്. സിനിമയെക്കാള്‍ അതികഠിനമാണ് നാടക അഭിനയം. അവിടെ പ്രതിഭ വേദിയില്‍ തിളങ്ങുകയാണ്. എത്ര മികവുള്ള കലാകാരനും വേദിയില്‍ പതറിയാല്‍ പേരുദോഷമുണ്ടാകും. നാടക കലാകാരന്മാര്‍ക്ക് വലിയ പ്രചോദനവും പ്രോത്സാഹനവുമാണ് ഈ നാടകോത്സവവും നാടകമത്സരവുമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടന്മാരായ പ്രേംകുമാര്‍, നാടകകൃത്ത് ഹേമന്ത്കുമാര്‍ എന്നിവര്‍ മുഖ്യ അതിഥികളായി. ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ പി.എസ്. അമല്‍രാജ്, കെ.പി.എ.സി ലീലാകൃഷ്ണന്‍, നടന്‍ സച്ചിന്‍ ആനന്ദ്, കോട്ടാത്തല ശ്രീകുമാര്‍, എസ്. സുവര്‍ണ്ണകുമാര്‍, പ്രൊഫ. ജി. മോഹന്‍ദാസ്, ജോര്‍ജ് എഫ്. സേവിയര്‍, ബൈജു എസ്. പട്ടത്താനം, ബി. പ്രദീപ്, അനില്‍ ആഴാവീട് എന്നിവര്‍ സംസാരിച്ചു. നാടകോത്സവത്തിന്റെ ഭാഗമായി രാജേശ്വരി തുളസി, രശ്മി രാഹുല്‍ എന്നിവരുടെ ചിത്രപ്രദര്‍ശനവുമുണ്ടായിരുന്നു. മത്സരത്തിന്റെ ആദ്യദിനത്തില്‍ കൊല്ലം അനശ്വരയുടെ സുപ്രീംകോര്‍ട്ട് എന്ന നാടകം അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: