കാര്‍ഷികോത്സവം എന്നതിനപ്പുറം വിഷുവിന്റെ ഐതിഹ്യം ഭഗവാന് കൃഷ്ണനുമായി ബന്ധപ്പെട്ടിരിക്കുന്നു. നരകാസുരന് ശ്രീകൃഷ്ണ ഭഗവാനാല്‍ വധിക്കപ്പെട്ട ദിവസമത്രേ വിഷു. അതിനാല്‍ മഹാവിഷ്ണു ക്ഷേത്രങ്ങളില്‍ പ്രത്യേകിച്ച് ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ വിഷു സമുചിതമായി ആഘോഷിക്കാറുണ്ട്.
ഭാരതത്തിലെ പ്രധാന വൈഷ്ണവക്ഷേത്രങ്ങളിലൊന്നായ ഗുരുവായൂരിലും വിഷു ആഘോഷം സുപ്രധാനമാണ്. സാധാരണ ദിവസങ്ങളില്‍ വെളുപ്പിന് മൂന്നു മണിക്കാണ് ദര്‍ശനവും ചടങ്ങുകളും ആരംഭിക്കുന്നത്. വിഷുനാളില്‍ വെളുപ്പിന് 2.30 ന് ക്ഷേത്ര നട തുറക്കും. അതിനു മുമ്പേ തന്നെ മേല്‍ശാന്തി കുളികഴിഞ്ഞെത്തി കണിക്കു വേണ്ട ഒരുക്കങ്ങള്‍ ആരംഭിക്കും. ശ്രീകോവിലിന്റെ മുഖമണ്ഡപത്തില്‍ തെക്കുവശത്തായാണ് കണിയൊരുക്കാറുള്ളത്. സ്വര്ണസിംഹാസനത്തില് നെറ്റിപ്പട്ടം വെച്ച് അതില്‍ ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ച് വയ്ക്കും. അതിനു മുമ്പിലായി ഒരു ഉരുളിയിലാണ് കണി ഒരുക്കം.
ഉരുളിയില്‍ ഉണക്കലരി, നെല്ല്, അലക്കു മുണ്ട്, ഗ്രന്ഥം, വാല്‍ക്കണ്ണാടി, കണിവെള്ളരി, കൊന്നപ്പൂവ്, ചക്ക, മാങ്ങ, നാളികേരം, നാളികേരം ഉടച്ച് രണ്ടു മുറിയില്‍ നെയ്ത്തിരി കത്തിച്ചു വച്ചത് എന്നിങ്ങനെ കണി ഒരുക്കി മേല്‍ശാന്തി ആദ്യം ഗുരുവായൂപ്പനെ കണിക്കാണിക്കും. രണ്ടരയ്ക്ക് തന്നെ ശ്രീകോവില്‍ നട ഭക്തര്‍ക്ക് ദര്‍ശനത്തിനായി തുറന്നു കൊടുക്കും. കണ്ണടച്ചും കണ്ണു കെട്ടിയും നിരവധി പേര് ശ്രീകോവിലിനു മുമ്പിലെത്തി കണ്ണു തുറന്ന് കണികാണുകയും ഭഗവാന് കാണിക്ക അര്‍പ്പിക്കുകയും ചെയ്യും.
തുടര്‍ന്ന് നാലമ്പലത്തിനകത്ത് ഗണപതിയെ വണങ്ങുന്ന ഭക്തരില്‍ കുറച്ചു പേര്‍ക്ക് മേല്‍ശാന്തി വിഷുക്കൈനീട്ടം നല്‍കും. നാലമ്പലത്തിന് പുറത്ത് അയ്യപ്പനേയും ഭഗവതിയേയും തൊഴുന്നതോടു കൂടി കണിദര്‍ശനം പൂര്‍ണമാകും. വെളുപ്പിന് മൂന്നു മുതല്‍ പതിവു ചടങ്ങുകളാണ് ഉണ്ടാവുക. നാലു മണിക്കാണ് കണിദര്‍ശനം.
വിഷുവിനുള്ള മൂന്ന് ശീവേലിക്കും ആനയെഴുന്നള്ളിപ്പും മേളം, തായമ്പക എന്നിവയും ഗുരുവായൂരില്‍ ഉണ്ടാകാറുണ്ട്. വിഷുവിന് ഉച്ചപൂജയ്ക്ക് ദേവസ്വം വകയായി നാലമ്പത്തില്‍ നമസ്ക്കാര സദ്യ നടക്കും. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ തന്നെ കാളന്, ഓലന്‍, വിശേഷാല്‍ പായസങ്ങള്‍ എന്നിവ തയ്യാറാക്കും. രാത്രിയില്‍ വിഷു വിളക്ക് ആചാരവും വിഷു വിളക്കും നടക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: