കോട്ടയം: എന്‍എസ്എസ്സിനെക്കുറിച്ചുള്ള അജ്ഞതയും കേരളചരിത്രം പഠിക്കാത്തതുകൊണ്ടുമാണ് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന് വളഞ്ഞ വഴികളിലൂടെ എന്‍എസ്എസ്സിനെ ഉപദേശിക്കാന്‍ എത്തിയതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പരിഹസിച്ചു.
വര്‍ഗ്ഗീയധ്രുവീകരണത്തിന് ഇടനല്കാതെയും സാമ്പത്തികപരിഷ്കാരങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ പരമാവധി സഹകരണം നല്‍കിയുമുള്ള സമീപനമാണ് എന്‍എസ്എസ് ആരംഭിച്ച കാലം മുതല്‍ സ്വീകരിച്ചുവരുന്നതെന്ന കാര്യം ലേഖകന്‍ ഒരുപക്ഷേ അറിയില്ലായിരിക്കും. ദേശാഭിമാനിപത്രത്തില്‍ ‘സമുദായസംഘടനകളും ജനവിധിയും’- എന്ന തലക്കെട്ടോടുകൂടി എ. വിജയരാഘവന്റേതായിവന്ന ലേഖനം മറുപടി അര്‍ഹിക്കുന്നില്ലെങ്കിലും അതില്‍ അടങ്ങിയിട്ടുള്ള പൊള്ളത്തരം ജനങ്ങളെ അറിയിക്കേണ്ട ബാധ്യതയുള്ളതുകൊണ്ടാണ് പ്രതികരിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും ആര്‍എസ്എസ് പോലെയുള്ള സംഘടനകളുമായും സൗഹൃദം പങ്കിടുന്നതോടൊപ്പം എല്ലാവരുമായും തുല്യഅകലം പാലിച്ച്, ഒരു സമുദായസംഘടനയാണെങ്കില്‍കൂടിയും സാമൂഹ്യസംഘടനയായി പ്രവര്‍ത്തിക്കുന്ന എന്‍എസ്എസ്സിനെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി വിമര്‍ശിക്കാന്‍ ലേഖകന്‍ തയ്യാറായത് എന്‍എസ്എസ്സിനെക്കുറിച്ചുള്ള അജ്ഞതകൊണ്ടാണ്.
മുന്നാക്കവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ആദ്യം നടപ്പിലാക്കിയത് കേരളത്തിലാണെന്നാണ് കൊട്ടിഘോഷിക്കുന്നത്. 10 ശതമാനം സാമ്പത്തികസംവരണം ഒരു ഭരണഘടനാഭേദഗതിയിലൂടെ രാജ്യമൊട്ടാകെ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായപ്പോള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും അത് നടപ്പാക്കാനുള്ള ബാധ്യതയുണ്ട്. സാമ്പത്തികസംവരണം ഭരണഘടനാഭേദഗതിയിലൂടെ 2019 ജനുവരി ആദ്യമാണ് രാജ്യത്ത് നിലവില്‍വന്നത്. രണ്ടുവര്‍ഷത്തോളം കഴിഞ്ഞാണ് കേരള സ്റ്റേറ്റ് ആന്റ് സബോര്‍ഡിനേറ്റ് സര്‍വീസ് റൂളില്‍ ഭേദഗതി വരുത്തി 10% സംവരണം സംസ്ഥാനത്ത് നടപ്പാക്കി ഉത്തരവായത്.
എന്നാല്‍, ഇപ്പോഴും ഈ സംവരണത്തിന്റെ പ്രയോജനം അര്‍ഹരായവര്‍ക്ക് ലഭിക്കാന്‍ വ്യവസ്ഥ ഉണ്ടായിട്ടുണ്ടോയെന്ന് ബന്ധപ്പെട്ടവര്‍ ആത്മപരിശോധന നടത്തണമെന്ന് ജി. സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.എന്‍എസ്എസ് അന്യായമായ ഒരാവശ്യവും ഒരു സര്‍ക്കാരിനോടും ഉന്നയിക്കാറില്ല. എന്‍എസ്എസ്സിനു വേണ്ടി ഈ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് മന്നത്തിന്റെ ജന്മദിനമായ ജനുവരി രണ്ട് നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്ടിന്റെ പരിധിയില്‍ വരുന്ന അവധിയായിട്ടു കൂടി പ്രഖ്യാപിക്കണമെന്നു മാത്രമാണ്.
വെറും മുടന്തന്‍ ന്യായം പറഞ്ഞ് അത് തള്ളുകയായിരുന്നു. വിശ്വാസസംരക്ഷണവും മുന്നാക്കസംവരണവുമൊക്കെ എന്‍എസ്എസ്സിന്റെ മാത്രം ആവശ്യമല്ല, പൊതുസമൂഹത്തെ ബാധിക്കുന്നവയാണ്. ഇക്കാര്യങ്ങളിലും ഒന്നുമാവാത്ത അവസ്ഥയാണുള്ളത്. എങ്കില്‍പോലും, ഈ സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളിലോ എതെങ്കിലും വിവാദങ്ങളിലോ ഇടപെടാനോ അഭിപ്രായം പറയാനോ എന്‍എസ്എസ് ശ്രമിച്ചിട്ടില്ല എന്ന കാര്യവും ഓര്‍ക്കണം.
തെരഞ്ഞെടുപ്പുദിവസം വോട്ടുചെയ്തു മടങ്ങവേ, മാധ്യമങ്ങള്‍ ചോദിച്ചതിനു മറുപടിയായി പറഞ്ഞതില്‍ രാഷ്ട്രീയമോ മതപരമോ ജാതീയമോ ആയതൊന്നും ഉണ്ടായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ ഈ വിഷയത്തെ ദേവനും ദേവഗണങ്ങളും ആരാധനാമൂര്‍ത്തികളും ആയി ബന്ധപ്പെടുത്തി മത-സാമുദായികപരിവേഷം നല്‍കിയത് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനമാണ്. അതിന്റെ ചുവടുപിടിച്ച് ഇടുപക്ഷനേതാക്കള്‍ നടത്തിയ പ്രസ്താവനകളെല്ലാം അര്‍ഹിക്കുന്ന അവഗണനയോടെ എന്‍എസ്എസ് തള്ളിക്കളഞ്ഞിട്ടുള്ളതാണെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: