ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ആഭ്യന്തര കലാപം രൂക്ഷമായ പശ്ചാത്തലത്തില്‍ സോഷ്യൽ മീഡിയയ്‌ക്ക് സമ്പൂര്‍ണ വിലക്ക്. വാട്സാപ്പ്, യൂട്യൂബ്, ട്വിറ്റർ, ടെലഗ്രാം, ഫേസ്ബുക്ക് സേവനങ്ങൾ റദ്ദാക്കി. വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ ഉച്ചയ്‌ക്ക് നാലു മണി വരെയാണ് എല്ലാ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും വിലക്ക് ഏര്‍പെടുത്തിയത്.
രാജ്യത്ത് ക്രമസമാധാനം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് തീരുമാനമെന്ന് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. എല്ലാ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളെയും താത്കാലികമായി വിലക്കി കൊണ്ടാണ് ഉത്തരവ് ഇറക്കിയത്. നിലവില്‍ പാകിസ്ഥാനില്‍ ആഭ്യന്തര കലാപം രൂക്ഷമാണ്. ഇത് നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായാണ് കടുത്ത നടപടി എന്നാണ് റിപോര്‍ടുകള്‍. സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭമാണ് പാകിസ്ഥാനിൽ നടക്കുന്നത്. താലിബാന്റെ (Taliban) പിന്തുണയോടെയാണ് അക്രമം നടക്കുന്നതെന്നാണ് സർക്കാരിന്റെ വാദം.
തീവ്ര ഇസ്ലാമിക് പാര്‍ടിയായ തെഹ്രീക്-ഇ-ലബായ്‌ക് പാകിസ്ഥാനെ (ടിഎല്‍പി) തീവ്രവാദ വിരുദ്ധ നിയമപ്രകാരം പാകിസ്ഥാന്‍ സര്‍കാര്‍ നിരോധിച്ചിരുന്നു. ഇതേതുടർന്നാണ് ആഭ്യന്തര കലാപം തുടങ്ങിയത്. കലാപത്തില്‍ ഏഴ് പേര്‍ മരിക്കുകയും 300 ലധികം പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാര്‍ടിയുടെ അനുയായികളും പ്രവര്‍ത്തകരും തങ്ങളുടെ തലവന്‍ സാദ് റിസ്വിയുടെ അറസ്റ്റിനെ തുടര്‍ന്നാണ് രാജ്യത്തുടനീളം അക്രമാസക്തമായ പ്രതിഷേധം നടത്തിവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: