മംഗളൂരു: മംഗലാപുരം ബോട്ടപകടത്തിൽ കാണാതായ ഒൻപത് മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ നാലാം ദിവസവും പുരോഗമിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ തെരച്ചിലിൽ ആരേയും കണ്ടെത്താനായില്ല. കടലിൽ പൂർണമായും മുങ്ങിയ കപ്പലിന്റെ ക്യാബിനലിൽ ഇവർ കുടുങ്ങിക്കിടക്കുകയായിരിക്കും എന്നായിരുന്നു സൂചന. എന്നാൽ മുങ്ങൽ വിദഗ്ധർ നടത്തിയ പരിശോധനയിൽ ആരേയും കണ്ടെത്താനായില്ല.
നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരും തെരച്ചില്‍ സംഘത്തിലുണ്ട്. നിയന്ത്രണം വിട്ട ബോട്ട് കപ്പല്‍ ചാലിലേക്ക് കയറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മംഗലാപുരം തീരത്തു നിന്ന് 60 നോട്ടിക്കല്‍ മൈല്‍ പുറംകടലില്‍ കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സിംഗപ്പൂരില്‍ നിന്നുള്ള വിദേശ ചരക്കുകപ്പലില്‍ ബോട്ട് ഇടിച്ചത്. തമിഴ്‌നാട്, ബംഗാള്‍ സ്വദേശികളാണ് കാണാതായ ഒമ്പത് പേരും. രാജ്ദൂത്, അമര്‍ത്യ, സി 448 എന്നീ കപ്പലുകളും, ഒരു ഡോണിയര്‍ വിമാനവുമാണ് തെരച്ചില്‍ നടത്തുന്നത്. ഇതോടൊപ്പമാണ് നാവികസേനയുടെ പ്രത്യേക ദൗത്യ സംഘം തെരച്ചില്‍ തുടങ്ങിയത്. മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ളവര്‍ ചേര്‍ന്നാണ് മുങ്ങിയ ബോട്ടിലുള്ളവരെ കണ്ടെത്താന്‍ ശ്രമം നടത്തുന്നത്. കാര്‍വാറില്‍ നിന്ന് ഐഎന്‍എസ് സുഭദ്ര എന്ന കപ്പലിലാണ് പ്രത്യേക ദൗത്യസംഘം എത്തിയത്.
സ്രാങ്ക് അബദ്ധത്തില്‍ ഉറങ്ങിപ്പോയതാണ് ബോട്ടിന്റെ നിയന്ത്രണം വിടാന്‍ കാരണമെന്നാണ് സംശയം. ചരക്കുകപ്പലിന്റെ പുറകുവശത്താണ് ബോട്ട് പോയി ഇടിച്ച് തലകീഴായി മറിഞ്ഞത്. ചരക്കുകപ്പലിലുള്ളവര്‍ തന്നെയാണ് അപകടവിവരം കോസ്റ്റ്ഗാര്‍ഡിനെ അറിയിച്ചത്. ചരക്ക് കപ്പലിന്റെ കപ്പിത്താനോട് മംഗലാപുരം തീരത്തേക്ക് കപ്പല്‍ അടുപ്പിക്കാന്‍ കോസ്റ്റ്ഗാര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
മംഗലാപുരം തീരത്തോടടുപ്പിച്ച് ബോട്ടും കപ്പലും തമ്മില്‍ ഇടിക്കുന്നത് ഇതാദ്യമല്ല. സിഗ്‌നലുകളോ, മൊബൈല്‍ റേഞ്ചോ കിട്ടാതിരിക്കുമ്പോള്‍ തീരത്തോട് അടുപ്പിക്കുകയാണ് കപ്പിത്താന്‍മാര്‍. മീന്‍പിടിക്കാന്‍ കാതങ്ങള്‍ സഞ്ചരിച്ച് എത്തുന്ന ബോട്ടുകള്‍ക്ക് ഭീമാകാരമായ കപ്പലുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു പഴുതും പലപ്പോഴും ലഭിക്കാറുമില്ല. മംഗലാപുരം പുറങ്കടല്‍ നൂറുകണക്കിന് ബോട്ടുകളില്‍ മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിക്കുന്ന സ്ഥലമാണ്. മീന്‍ ലഭ്യത കൂടുതല്‍ ആയതിനാല്‍ കേരളത്തില്‍ നിന്നുള്ള ധാരാളം ബോട്ടുകള്‍ ഇവിടേക്ക് എത്താറുണ്ട്.
കപ്പലുകളുടെ കൂട്ടിയിടിയില്‍ നിന്നും പലപ്പോഴായി രക്ഷപ്പെട്ട അനുഭവം മത്സ്യത്തൊഴിലാളികളില്‍ പലരും പങ്കിടുന്നുണ്ട്. രാത്രികാലത്ത് എവിടെ നിന്ന് വരുന്ന കപ്പലാണ് എന്നൊന്നും അറിയാത്തതിനാല്‍ പരാതി നല്‍കാന്‍ പലപ്പോഴും മത്സ്യതൊഴിലാളികള്‍ പോകാറില്ല. എന്നാല്‍ നിരവധി തവണ പരാതി നല്‍കിയിട്ടും തെളിവില്ലാത്തതിന്റെ പേരില്‍ അധികൃതര്‍ നടപടി എടുത്തിട്ടില്ലെന്നും ബോട്ടുടമകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: