ന്യൂദല്‍ഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ഗഗന്യാന് പദ്ധതിയില്‍ ഫ്രാന്‍സും പങ്കാളികളാകും. ഇതുസംബന്ധിച്ച കരാറില്‍ ഫ്രാന്‍സിന്റെ വിദേശകാര്യമന്ത്രി ജീന്‍ വെസ് ലെ ഡ്രിയാന്‍ ഒപ്പുവെച്ചു. വ്യാഴാഴ്ച ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തില്‍ (ഐഎസ്ആര്‍ഒ) വെച്ചാണ് ഇന്ത്യാസന്ദര്‍ശനത്തിനിടെ ഫ്രഞ്ച് വിദേശകാര്യമന്ത്രി ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്.
ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനെയ്ന്‍ പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചു. സഹകരണത്തിന്റെ ഭാഗമായി ബഹിരാകാശ മെഡിഡിനില്‍ ആണ് ഇന്ത്യയും ഫ്രാന്‍സും സഹകരിക്കുക. ഫ്രാന്‍സിലെ ഫ്രഞ്ച് നാഷണല്‍ സ്പേസ് ഏജന്‍സിയും(സിഎന്‍ഇഎസ്) ഐഎസ്ആര്‍ഒയിലെ ഹ്യൂമന്‍ സ്പേസ് ഫ്ളൈറ്റ് സെന്ററും ആണ് പരസ്പരം സഹകരിക്കുക. ഫുഡ് പാക്കേജിംഗിലും ന്യൂട്രീഷന്‍ പദ്ധതിയിലും ഇരുരാജ്യങ്ങളും വിവരങ്ങള്‍ കൈമാറും.
2020ലും 2021ലും മനുഷ്യരില്ലാത്ത പേടകങ്ങള്‍ ബഹിരാകാശത്ത് എത്തിച്ച ശേഷം 2022 അവസാനത്തോടെ മനുഷ്യരെ ഉള്‍പ്പെടുത്തി പേടകങ്ങള്‍ ബഹിരാകാശത്ത് എത്തിക്കാനാണ് ഗഗന്യാന് പദ്ധതി വഴി ഉദ്ദേശിക്കുന്നത്. മൂന്ന് പേരെയാണ് ഇന്ത്യ ബഹിരാകാശത്തേക്ക് അയക്കുക. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ടാണ് 2022ല്‍ മൂന്ന് പേരെ ബഹിരാകാശത്തേക്ക് അയക്കുക.
ഐഎസ്ആര്‍ഒയും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡും റഷ്യയുടെ ഫെഡറല്‍ സ്പേസ് ഏജന്‍സിയായ റോസ്കോസ്മോസ് സ്റ്റെയ്റ്റ് കോര്പ്പറേഷന് ഫോര്‍ സ്പേസ് ആക്ടിവിറ്റീസും ഒരുമിച്ചാണ് ഗഗന്യാന് പദ്ധതിക്ക് വേണ്ടി പ്രവര്‍ത്തിച്ചുവരുന്നത്.
ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിലാണ് യാത്രികരെ എത്തിക്കുക. ഏഴ് ദിവസത്തോളം ബഹിരാകാശ് യാത്രികരെ താമസിപ്പിക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: