കണ്ണൂര്‍: പാര്‍ട്ടിക്കെതിരെ നിരന്തരം വാര്‍ത്തകള്‍ കൊടുക്കുന്നുവെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് ഉപരോധിച്ച് സിപിഎം. പാര്‍ട്ടിക്കെതിരെ വാര്‍ത്ത കൊടുക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ദുഷ്ട ചിന്താഗതിക്കാരാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു പറഞ്ഞു.
മുന്‍പ് ചാനല്‍ ചര്‍ച്ചയ്‌ക്കിടെ വിനു വി ജോണ്‍ സി.പിഎമ്മിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിന് ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ച സിപിഎം ബഹിഷ്‌കരിച്ചതാണ്. സിപിഎമ്മിന്റെ ഒരാളെ വിളിച്ച് അയാള്‍ക്ക് മതിയായ സമയം നല്‍കാതെ കോണ്‍ഗ്രസ്, ബിജെപി, വലതുപക്ഷ രാഷ്‌ട്രീയ നിരീക്ഷകര്‍, അവതാരകനായ വിനു.വി ജോണ്‍ എന്നിവര്‍ ചേര്‍ന്ന് ബാക്കിയുള്ള സമയം അക്രമിച്ചു. ഇതിലെ നീതി നിഷേധം ചൂണ്ടിക്കാണിച്ചാണ് ബഹിഷ്‌കരിച്ചത്.
തുടര്‍ന്ന് എ.കെ.ജി സെന്ററില്‍ വന്ന് ഏഷ്യാനൈറ്റ് ന്യൂസ് ചീഫ് എം.ജി രാധാകൃഷ്ണന്‍ ക്ഷമ പറഞ്ഞു. തുടര്‍ന്ന് വിനു വി. ജോണ്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ സിപിഎം പ്രതിനിധികള്‍ പങ്കെടുക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെ വിനു വി. ജോണും എകെജി സെന്ററില്‍ വന്നു മാപ്പു പറഞ്ഞന്ന് എംവി ജയരാജന്‍ പറഞ്ഞു. പിന്നീടാണ് ഏഷ്യാനെറ്റില്‍ ചര്‍ച്ചയ്‌ക്ക് സിപിഎം പ്രതിനിധികള്‍ പോയി തുടങ്ങിയത്.
ഇപ്പോള്‍ ഏഷ്യാനെറ്റ് വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് എടുക്കുകയാണ്. മനസില്‍ ദുഷ്ടത്തരം ഒളിപ്പിച്ചാണ് ചാനല്‍ വാര്‍ത്ത നല്‍കുന്നത്. ഇതിന്റെ ഉദാഹരണമാണ് മന്‍സൂര്‍ വധക്കേസിലെ വാര്‍ത്തകള്‍. നിഷ്പക്ഷമെന്നു ഏഷ്യാനെറ്റ് പറയുന്നത് കാപട്യമാണ്. ഇടതുപക്ഷ വിരുദ്ധതയാണ് ചാനല്‍ മുന്നോട്ട് വെയ്‌ക്കുന്ന ആശയമെന്നും ജയരാജന്‍ പറഞ്ഞു.
മന്‍സൂര്‍ വധക്കേസില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ടതില്‍ മനംനൊന്താണ് രതീഷ് തൂങ്ങിമരിച്ചത്. മരണത്തിന് കാരണക്കാരായ ലീഗുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രതീഷിന്റെ അമ്മ പരാതി നല്‍കിയിട്ടുണ്ട്. എന്നിട്ടും ആത്മഹത്യ, കൊലപാതകമെന്നാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്. രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയെന്ന് നിരന്തരം പറയുന്ന കെ. സുധാകരന്‍ തെളിവുകള്‍ ഹാജരാക്കണമെന്നും എം.വി ജയരാജന്‍ പറഞ്ഞു.
വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ലീഗ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന വിവരം രതീഷ് വീട്ടില്‍ പറഞ്ഞിരുന്നു. ബോംബേറില്‍ പരിക്കേറ്റ മന്‍സൂര്‍ മരിച്ച കേസില്‍ അന്യായമായി പ്രതി ചേര്‍ത്തതില്‍ അവന്‍ ആകെ പ്രയാസത്തിലായിരുന്നു. എല്ലാവരുമായി സൗഹൃദം പുലര്‍ത്തുന്ന ആളായിരുന്നു രതീഷ്. യാതൊരു അടിസ്ഥാനവുമില്ലാതെ പ്രദേശത്തെ ലീഗുകാര്‍ ഗൂഢാലോചന നടത്തി കൊലക്കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്താണ് അയാള്‍ ആത്മഹത്യ ചെയ്തതെന്നും ജയരാജന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: