ന്യൂദല്‍ഹി: ദല്‍ഹി കലാപങ്ങളില്‍ കുറ്റാരോപിതനായ ഷഹ്രുഖ് പതാന്‍ ഖാന്റെ ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സുരേഷ് കൈതിന്റെ സിംഗിള്‍ ബഞ്ചാണ് അപേക്ഷ തള്ളിയത്. കഴിഞ്ഞവര്‍ഷം നടന്ന ദല്‍ഹി കലാപത്തില്‍ ജാഫറാബാദില്‍ ദല്‍ഹി പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിനുനേരെ വെടിയുര്തിര്ത്തതുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ഷഹ്രുഖ് പതാന്‍ ഖാനുമേല്‍ ചുമത്തിയിട്ടുള്ളത്. പൊലീസ് തെളിവായി സമര്‍പ്പിച്ച വീഡിയോ ദൃശ്യങ്ങള്‍ കോടതി വിശ്വാസത്തിലെടുത്തു.
‘പ്രതി എങ്ങനെ നിയമം കയ്യിലെടുത്തുവെന്നതുമായി ബന്ധപ്പെട്ട് ഈ കോടതിക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങളും ചിത്രങ്ങളും കോടതിയുടെ മനസാക്ഷിയെ ഉലച്ചു’- ജഡ്ജി നിരീക്ഷിച്ചു. പരാതിക്കാരനെയോ, പൊതു സ്ഥലത്തുള്ള ഏതെങ്കിലും ആളെയോ കൊലപ്പെടുത്താന്‍ എയര്‍ പിസ്റ്റലുകൊണ്ട് വെടിവച്ചുവെന്ന ഉദ്ദേശ്യം പരിഗണിക്കാതെ തന്നെ, സ്ഥലത്തുണ്ടായിരുന്ന ആളുകളെ തന്റെ പ്രവൃത്തി മുറിവേല്പ്പിക്കാമെന്ന് അറിയില്ലായിരുന്നുവെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്നും കോടതി ചൂണ്ടിക്കാട്ടി.
നവംബറില്‍ കര്‍കര്‍ദൂമ കോടതി പതാന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളിയിരുന്നു. 2020 ഫെബ്രുവരിയില്‍ നടന്ന കലാപത്തിനിടെ പൊലീസുകാരനുനേരെ വെടിയുതിര്‍ക്കുന്ന ഇയാളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 24ന് പതാന്‍ പിടിയിലായി. ഹെഡ് കോണ്‍സ്റ്റബിളായ ദീപക് ദാഹിയയ്ക്കുനേര്ക്കായിരുന്നു പതാന്‍ തോക്കുചൂണ്ടിയത്. ജാഫര്‍ബാദ് മെട്രോ സ്റ്റേഷന് സമീപം ദീപക് ദാഹിയ ക്രമസമാധാന ചുമതല നിര്‍വഹിക്കുന്നതിനിടെയായിരുന്നു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: