തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡിയറ്റ് ആണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്. ദേശീയ വാര്‍ത്ത ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ വിശദാംശങ്ങള്‍ അദ്ദേഹം ട്വീറ്റും ചെയ്തു. രാവിലെ ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച പിണറായിക്കെതിരേ കേസെടുക്കണമെന്ന് വി. മുരളീധരന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് തുടര്‍ച്ചയായി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന പിണറായി വിജയനെ വിശേഷിപ്പിക്കാന്‍ കോവിഡിയറ്റ് എന്നതിനേക്കാള്‍ മറ്റൊരു വാക്കുമില്ലെന്നും മുരളീധരന് ട്വീറ്റ് ചെയ്തു. എന്താണ് കോവിഡിയറ്റ് എന്നു വിളിക്കാന്‍ കാരണമെന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് രണ്ടു വാക്കുകള്‍ ചേര്‍ന്നുള്ള വാക്കാണ് അതെന്നും രണ്ടു വാക്കുകള്‍ ഏതെന്നു വ്യക്തമാണെന്നും മുരളീധരന് മറുപടി നല്കി.
ഗുരുതരമായ പിഴവാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഏപ്രില്‍ നാലിന് മുഖ്യമന്ത്രിക്ക് കൊറോണ ബാധിച്ചെന്നാണ് മെഡിക്കല്‍ കോളേജ് ഡോക്റ്റര്‍മാര്‍ പറയുന്നത്. രോഗബാധിതനായ ആള് ഏപ്രില്‍ നാലിന് റോഡ് ഷോയും നടത്തി. കോവിഡ് രോഗബാധ കൂടിയിരിക്കുന്ന സാഹചര്യത്തില്‍ സാമാന്യ മര്യാദ മുഖ്യമന്ത്രി കാണിച്ചില്ല. കോവിഡ് ബാധിച്ച ആള് ആശുപത്രിയില്‍ പ്രവേശിക്കുന്ന പോലെയാണോ മുഖ്യമന്ത്രി പോയത്. ഗണ്മാന് അടക്കം ആള്‍ക്കാരെ കൂട്ടി ഔദ്യോഗിക കാറിലാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്. നിയമം എല്ലാവര്ക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.കാരണവര്‍ക്ക് എന്തും ആകാമെന്ന നിലപാടാണൊ മുഖ്യമന്ത്രിക്കെന്ന് മുരളീധരന് ചോദിച്ചു. കോവിഡ് ബാധിച്ച് ആറാം ദിവസം അദ്ദേഹം ആശുപത്രി വിട്ടു. ഇതെല്ലാം സാധാരണക്കാര്‍ക്കും ബാധകമാണോ എന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ വ്യക്തമാക്കണമെന്നും അദ്ദേഹം രാവിലെ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: