ന്യൂദല്‍ഹി: കൊവിഡ് വ്യാപനം ശക്തമായ ദല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. വാരാന്ത്യ നിരോധനാജ്ഞ കര്‍ശനമാക്കി. ഏപ്രില്‍ 17മുതല്‍ കര്‍ഫ്യു നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് അറിയിച്ചു. വെളളിയാഴ്ച രാത്രി 10ന് ആരംഭിക്കുന്ന കര്‍ഫ്യൂ തിങ്കളാഴ്ച പുലര്‍ച്ചെ 6 മണിവരെ നീളും. നിരോധനാജ്ഞ നിലവിലുളളപ്പോള് അവശ്യ സര്‍വീസുകളെ മാത്രമേ അനുവദിക്കൂ. അന്തര്‍സംസ്ഥാന സര്‍വീസുകളും നടത്താം.
മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജാലും തമ്മിലുളള ആലോചനാ യോഗത്തിന് ശേഷമാണ് തീരുമാനമെടുത്തത്. ചന്തകള്‍, മാളുകള്‍, സ്പാ, ജിമ്മുകള്‍,എന്നിവ അടഞ്ഞുകിടക്കും. ഓഡിറ്റോറിയങ്ങളും അടയ്ക്കും. എന്നാല്‍ സിനിമാ തീയേറ്ററുകളില്‍ ആകെ സീറ്റുകളുടെ 30 ശതമാനം ആളുകള്‍ക്ക് പ്രവേശനം അനുവദിക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ വീടുകളിലിരുന്ന് ജോലി നോക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.
മരുന്നുകള്‍ പൂഴ്ത്തിവയ്ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. കൂടുതല്‍ കൊവിഡ് കെയര്‍ സെന്ററുകള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് അറിയിച്ചു. വരുംദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞില്ലെങ്കില്‍ വാരാന്ത്യ കര്‍ഫ്യൂ നീട്ടിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: