നിലവിൽ സംസ്ഥാന ട്രഷറിയിൽ നിന്ന് ശമ്പളം കൈപ്പറ്റുന്ന താൽക്കാലിക ജീവനക്കാരടക്കം 10,27,260 സർക്കാർ ജീവനക്കാരാണ് കേരളത്തിൽ ഉള്ളത്. ഇതിൽ 3,81,862 പേർ മാത്രമാണ് പി.എസ്സ്.സി. വഴി ജോലിയിൽ പ്രവേശിച്ചത്. ബാക്കിയുള്ള 6,45,398 പേരിൽ 1,39,669 പേർ സ്വകാര്യ സ്ക്കൂൾ മാനേജ്മെൻ്റിന് കോഴ നൽകി സർവ്വീസിൽ പ്രവേശിച്ച എയ്ഡഡ് സ്ക്കൂൾ അധ്യാപകരാണ്. ഇവർ പി.എസ്സ്.സി. നടത്തുന്ന മത്സര പരീക്ഷ പാസ്സായവരല്ല. നൽകിയ കോഴ പണത്തിന്റെ വലുപ്പമാണ് ഇവരുടെ യോഗ്യത മാനദണ്ഡം. എന്നാൽ ബാക്കിയുള്ള 5,05,729 പേരും സർവ്വീസിൽ കയറിയത് പി.എസ്സ്.സി.അറിയാതെ താൽക്കാലിക നിയമനമെന്ന ഓമനപേരിൽ പിൻവാതിൽ വഴിയാണ്.
ഉറക്കമൊഴിഞ്ഞ് പഠിച്ച് പരീക്ഷ എഴുതി പാസ്സായി റാങ്ക് ലിസ്റ്റിൽ കയറി ഒരു ജോലി പ്രതീക്ഷിച്ചിരിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ സ്വപ്നങ്ങളെ തല്ലി തകർത്തു കൊണ്ട് റാങ്ക് ലിസ്റ്റുകൾ റദ്ദാക്കപ്പെടുമ്പോഴാണ് ഈ പിൻവാതിൽ നിയമനമെന്ന് ഓർക്കണം. കാലാകാലങ്ങളിൽ മാറി മാറി അധികാരത്തിൽ വരുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ ഉദ്യോഗാർത്ഥികളോട് കാണിക്കുന്നത് കൊടും വഞ്ചനയാണ്.
കഴിഞ്ഞ യു.ഡി.എഫ്.സർക്കാറിന്റെ കാലത്ത് പി.എസ്സ്.സി. നിയമനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്ന് ഒരു വിധി വന്നിരുന്നു. എന്നാൽ ഈ വിധി നടപ്പിലാക്കാത്തതിനെ തുടർന്ന് എൽ.ഡി.എഫ്.സർക്കാറിന്റെ കാലത്താണ് കോടതി അലക്ഷ്യ ഹരജി വന്നത്. ഉടനെ കോടതി വിധി പ്രകാരമുള്ള അന്വേഷണം ആരംഭിക്കുകയും അന്വേഷണം യു.ഡി.എഫ്. മന്ത്രിമാരുടെയും നേതാക്കളുടെയും വീട്ടുപടിക്കൽ എത്തിയപ്പോൾ അന്വേഷണം നിർത്താൻ ആവശ്യപ്പെട്ടത് എൽ.ഡി.എഫിലെ പ്രമുഖ മന്ത്രിയായിരുന്നു.
യു.ഡി.എഫ്, നേതാക്കളല്ലെ പ്രതികളാവുക, പിന്നെ എന്തിന് അന്വേഷണം നിർത്തണമെന്ന് ആ പോലീസ് ഉദ്യോഗസ്ഥൻ ചോദിച്ചപ്പോൾ മന്ത്രി പറഞ്ഞ മറുപടി, യു.ഡി.എഫ്. നേതാക്കൾ പ്രതികളാവുന്നതിലല്ല പ്രശ്നം, ഞങ്ങളുടെ ആൾക്കാരെ കയറ്റാൻ കഴിയാത്ത അവസ്ഥ വരുമെന്നായിരുന്നു. അതിനു വേണ്ടി കോടതി അലക്ഷ്യ കേസ് എങ്ങനെയാണ് അവസാനിപ്പിച്ചതെന്ന് കോടതി രേഖകൾ തന്നെ തെളിവാണ്. ഇതാണ് കേരള രാഷ്ട്രീയം.
തങ്ങൾക്ക് വേണ്ടപ്പെട്ടവർക്ക് ആദ്യം താൽക്കാലിക നിയമനം നൽകുന്നു. സർക്കാറിന്റെ കാലാവധി കഴിയാറാവുമ്പോൾ താൽക്കാലിക നിയമനം സ്ഥിരപ്പെടുത്തി ഇറങ്ങി പോകുന്നു. കഴിഞ്ഞ യു.ഡി.എഫ്. സർക്കാറിന്റെ കാലത്ത് നടത്തിയ ഇത്തരം നിയമനങ്ങൾ സ്ഥിരപ്പെടുത്താൻ വേണ്ടി തീരുമാനിച്ച മന്ത്രിസഭാ തീരുമാനങ്ങൾ ഈ സർക്കാറിന്റെ കാലത്ത് മന്ത്രി എ.കെ.ബാലന്റെ നേതൃത്തിലുള്ള മന്ത്രിസഭാ ഉപസമിതി പുന:പരിശോധിക്കുകയും താൽക്കാലിക നിയമനം സ്ഥിരപ്പെടുത്തിയ മന്ത്രിസഭാ തീരുമാനങ്ങൾ നിയമവിരുദ്ധവും സുപ്രീം കോടതി വിധിയുടെ ലംഘനവുമാണെന്ന് കണ്ടെത്തിയെങ്കിലും ഇന്നുവരെ ഒരു നടപടിയും ഉണ്ടായില്ല. ഇതാണ് കേരള രാഷ്ട്രീയം.
വിദ്യാസമ്പന്നരായ യുവജനങ്ങളെ ചിരിച്ച് കൊണ്ട് ചതിക്കുന്നവർ. 10,27,260 സർക്കാർ ജീവനക്കാരിൽ 6,45,398 പേരും പി.എസ്സ്.സി. അറിയാത്തവർ. അതായത് 63% നിയമനവും നടക്കുന്നത് പി.എസ്സ്.സി.ക്ക് പുറത്ത്. ഇങ്ങനെയെങ്കിൽ കുറച്ച് രാഷ്ട്രീയ നോമിനികൾക്ക് ജീവിക്കാൻ വേണ്ടി മാത്രം ജനങ്ങളുടെ നികുതി പണം മുടക്കി പി.എസ്സ്.സി. എന്ന ഒരു സ്ഥാപനം നിലനിർത്തേണ്ടതുണ്ടോ ?
പി.എസ്സ്.സി.യ്ക്ക് ചെയർമാൻ ഉൾപ്പെടെ 21 അംഗങ്ങളാണ് ഉള്ളത്. ചെയർമാൻ മാസം 1,89,596 രൂപ ശമ്പളം വാങ്ങിക്കുമ്പോൾ 1,89,319 രൂപ പ്രതിമാസം ശമ്പളം വാങ്ങിക്കുന്ന 16 ഉം 1,62,834 രൂപ ശമ്പളം വാങ്ങിക്കുന്ന ഒരംഗവും 1,53,718 രൂപ ശമ്പളം വാങ്ങിക്കുന്ന 3 അംഗങ്ങളുമാണ് ഉള്ളത്. ചെയർമാന് ഔദ്യോഗിക വസതിയും കാറും ഉണ്ട്. മറ്റുള്ളവർക്ക് ഔദ്യോഗിക വസതി ഇല്ലെങ്കിലും ഇവർ ഒരോ വർഷവും വീട്ടുവാടകയായി 1,20,000 രൂപ കൈപ്പറ്റുന്നുണ്ട്. ഇതിന് പുറമെ ചികിത്സാ ചിലവും ദിന ബത്തയും യാത്രാബത്തയും ലഭ്യമാണ്. ഒരു വർഷം 4 ലക്ഷം രൂപ വരെയാണ് ഇവരിൽ പലരും യാത്രാബത്ത കൈപ്പറ്റുന്നത്. ചികിത്സാ ചിലവിനത്തിൽ പലരും ഓരോ വർഷവും ശരാശരി 3 ലക്ഷം രൂപ വരെ കൈപ്പറ്റുന്നുണ്ട്. കൺവേയൻസ് ബത്തയായി 5000 രൂപ വേറെയും കൈപ്പറ്റുന്നുണ്ട്.
ഇന്ത്യയിൽ ഒരു സംസ്ഥാനത്തും പി.എസ്സ്.സി.യ്ക്ക് 9 ൽ കൂടുതൽ അംഗങ്ങൾ ഇല്ല. ഇവിടെ കാലാകാലങ്ങളിൽ ഭരിക്കുന്ന മുന്നണിയിലെ പാർട്ടികളുടെ എണ്ണത്തിനനുസരിച്ചാണ് പി.എസ്സ്.സി. മെമ്പർമാരുടെയും എണ്ണം കൂടുന്നത്. ഇത്രയും പണം ചിലവഴിച്ച് നമുക്ക് ഒരു പി.എസ്സ്.സി ആവശ്യമുണ്ടോ ? പാവപ്പെട്ട യുവജനങ്ങളെ വഞ്ചിക്കുന്ന ഈ രാഷ്ട്രീയം കേരളത്തിലെ യുവജനങ്ങൾക്ക് ആവശ്യമുണ്ടോ ? പി.എസ്സ്.സി. പരീക്ഷ പാസ്സായി റാങ്ക് ലിസ്റ്റിൽ തൊഴിൽ പ്രതീക്ഷിച്ച് കാത്തിരിക്കുന്നവരും, തൊഴിൽ കിട്ടാതെ റദ്ദാക്കപ്പെട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നവരും വിദ്യഭ്യാസവും ചിന്താശേഷിയും ഉള്ളവരാണെങ്കിൽ, സ്വന്തം തലച്ചോർ മറ്റാർക്കെങ്കിലും പണയം വെച്ചിട്ടില്ലായെങ്കിൽ ഇനിയെങ്കിലും ചിന്തിക്കുക. ഈ സ്ഥിതി തുടരണമോ ?
അഡ്വ.വി.ടി.പ്രദീപ് കുമാർ
പ്രതികരിക്കാൻ ഇവിടെ എഴുതുക: