ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ നിമിഷത്തിലേക്ക് വീണ്ടും ആ സുന്ദരദിനം എത്തിയിരിക്കുന്നു. നമ്മുടെ പ്രിയ വിഷു. മനുഷ്യമനസ്സില്‍ ആഹ്ലാദവും ആര്‍ദ്രതയും സ്നേഹവും നിര്‍വൃതിയും നിറയ്ക്കുന്നവയാണ് ഓരോ ഉത്സവവും. അതില്‍ അതീവ പ്രാധാന്യത്തോടെ ആഘോഷിക്കുന്നതാണ് വിഷു.
വിഷമില്ലാത്ത മനസ്സുകള്‍ രമ്യതയോടെ, ഇഴയടുപ്പത്തോടെ കൂടിച്ചേരുമ്പോഴുള്ള അനിതര സാധാരാണമായ അവസ്ഥയാണ് വിഷുനാളിലേത്.
കാര്‍ഷിക സമൃദ്ധിയുടെ കൈപ്പുണ്യമായി ഇതിനെ പലരും വിലയിരുത്തുന്നു. ഒരര്‍ഥത്തില്‍ അത് ശരിയാണ്. കൃഷിപ്പണിയുടെ മുന്നൊരുക്കത്തിന് ശുഭകരമായ തുടക്കമാവുന്നത് വിഷു നാളോടു കൂടിയാണ്. വടക്കന്‍ കേരളത്തില്‍ വിഷു ദിനത്തോടനുബന്ധിച്ചും മുന്നോടിയായും ഒരു കിളി പാട്ടുംപാടി പറന്നലയാറുണ്ട്. ‘വിത്തും കൈക്കോട്ടും’ എന്നത്രേ ആ കിളി എല്ലാവരെയും ഓര്‍മിപ്പിക്കുന്നത്. കാര്‍ഷിക സംസ്കാരത്തിന്റെ ഊടുംപാവും കിളിക്കു പോലും മനസ്സിലാവുന്ന രീതി അല്‍ഭുതാവഹമല്ലേ. പ്രകൃതിയുടെ ഉര്‍വരതയിലേക്ക് ചിറകിട്ടടിക്കുന്ന കിളിയും ആ കിളിയുടെ സ്വരശുദ്ധിയിലേക്ക് പ്രതീക്ഷാനിര്‍ഭരതയോടെ ഇറങ്ങിച്ചെല്ലുന്ന മനുഷ്യരും ഒത്തുചേരുമ്പോള്‍ തന്നെ അനിതര സുന്ദരമായ ഒരു താളം പരുവപ്പെടുകയാണ്.
അങ്ങനെ തുടിച്ചുയരുന്ന താളത്തിനൊത്ത് ജീവിക്കുമ്പോഴാണ് ദയാപരമായ മനുഷ്യത്വത്തിന്റെ സാരള്യം പൂത്തുലയുന്നത്. എന്നും ഓര്‍മ്മയില്‍ വസന്തോത്സവമായി പരിലസിക്കുന്ന ഉത്സവങ്ങളെ പ്രതീക്ഷിച്ച് നാമിരിക്കുന്നതും മറ്റൊന്നും കൊണ്ടല്ല.
താളം നഷ്ടമായാല്‍ കോളിളക്കമാവുമെന്ന് ആര്‍ക്കാണറിയാത്തത്.2019 അവസാനം മുതല്‍ മാനവികതയുടെ താളം ഒരു മഹാമാരി കവര്‍ന്നെടുത്തിരിക്കുകയാണ്.പണവും ഔദ്യോഗിക സംവിധാനവും സൗകര്യങ്ങളും വിരല്‍ത്തുമ്പിലെന്ന് അഹങ്കരിച്ചിരുന്നവരുടെ താളം ഒരു പരമാണു നിഷ്പ്രയാസം തെറ്റിച്ചു. പാവപ്പെട്ടവനേയും പണക്കാരനേയും ഒരുപോലെ ആ പരമാണു സ്നേഹിച്ചു, കെട്ടിപ്പിടിച്ചു.അതിന്റെ ഭയാനകതയില്‍ വിറങ്ങലിച്ചു നില്ക്കുന്ന ലോകത്തോട് നമ്മുടെ വിഷുവിന് പറയാന്‍ ഒന്നേയുള്ളൂ; അതിതാണ്: ‘പ്രകൃതിയിലേക്ക് മടങ്ങൂ,വികൃതി ഉപേക്ഷിക്കൂ’.
വിഷുവിന്റെ ആത്യന്തികമായ സന്ദേശം മണ്ണിന്റെ മണമറിയൂ എന്നതത്രേ. മണ്ണില്‍ നിന്നും വിണ്ണിലേക്ക് നോക്കല്‍ നല്ലതു തന്നെ. എന്നാല്‍ മണ്ണിനെ മറക്കാന്‍
പാടില്ല. മണ്ണ് മറന്നാല്‍ വിണ്ണില്ല. മണ്ണൊരുക്കാനും വിത്തെറിയാ
നും കാര്‍ഷികവൃത്തിക്കായി ഒരുക്കം നടത്താനും വിഷു ഓര്‍മിപ്പിക്കുമ്പോള്‍ അത് നെഞ്ചേറ്റുക എന്നതത്രേ കാലം നമ്മോട് ആവശ്യപ്പെടുന്നത്.
പടക്കം പൊട്ടിച്ചും കണിവച്ചും കരളു ശുദ്ധമാക്കി വിഷു സന്ദേശത്തില്‍
നാം മുഴുകുമ്പോള്‍ മണ്ണിന്റെ മനസ്സിലേക്കു
നാം സ്നേഹത്തിന്റെ അമൃതധാരയൊഴുക്കണം. സംതൃപ്ത ജനകമായ മണ്ണിന്റെ മാറില്‍നിന്ന്
പൊട്ടി വിരിഞ്ഞു വരുന്ന വിളകളില്‍ നിന്ന് നമുക്കു ഊര്‍ജ്ജം നേടാനാവും. ആ ഊര്‍ജ്ജത്തിന്റെ നേര്‍ക്കാഴ്ചയാണ് പാദസരമണികള്‍ പോലെ ചിരിച്ചു
നില്ക്കുന്ന കണിക്കൊന്ന. അങ്ങനെ നേടുന്ന ഊര്‍ജ്ജത്തെ ഒരു പരമാണുവിനും കീഴ്പ്പെടുത്താനാവില്ല.
ക്ഷുദ്രകീടങ്ങളെയും ദുര്‍വ്വാസനകളെയും പടക്കം
പൊട്ടിച്ച് അകറ്റിനിര്‍ത്തുകയും ഫലസമൃദ്ധിയുടെ പൊലിമ പൊന്‍കണിയിലൂടെ മനസ്സില്‍ പതിയുകയും ചെയ്താല്‍ എല്ലാ ദുരിതദുഃഖങ്ങളില്‍ നിന്നും നമുക്കു മോചനം കിട്ടും. അങ്ങനെ പുതിയൊരു വിഭാതം പൊട്ടിവിരിയും. രാവും പകലും ഒരേ സമയദൈര്‍ഘ്യത്തില്‍ വരുന്ന വിഷു പ്രകൃതിയും പുരുഷനും ഒരേ പോലെയെന്ന സന്ദേശമാണ് ഉയര്‍ത്തുന്നത്. അതിനെ തുടര്‍ന്ന് ഒരു പുതുവര്‍ഷം വരികയാണ്. അതിന്റെ സമൃദ്ധി വിളിച്ചോതി കൈ നീട്ടമായി വിഷു ഓരോ കൈയിലും പൊന്‍നാണ്യമായി വീഴുന്നു.
‘മറക്കുവതെങ്ങനെ വിഷുപ്പക്ഷീ
നിന് പാട്ടില്‍ മതിമയങ്ങിയുറങ്ങുകില്ല
ഞാനീമണ്ണിന്റെ സ്നേഹംചാലിച്ചു
നെറ്റിയില്‍പുരട്ടും’
എന്നു നമുക്കു പാടാം. എല്ലാ അശുഭ ചിന്തകള്‍ക്കും മീതെ പ്രതീക്ഷയുടെ വിഷുപ്പുലരി പൊട്ടി വിരിയട്ടെ. കണിക്കൊന്നയുടെ മധുരോദാര നിറവിലേക്കു നമുക്ക് ഉണര്‍ന്നെഴുന്നേല്‍ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: