ശ്ലോകം 314
സംസാരബന്ധ വിച്ഛിതൈ്യ
തദ്ദ്വയ പ്രദഹേദ് യതിഃ
വാസനാവൃദ്ധിരേതാഭ്യാം
ചിന്തയാക്രിയയാ ബഹിഃ
സംസാരത്തെ വിച്ഛേദിക്കുന്നതിന് സാധകന്‍ ഈ രണ്ടിനേയും ചുട്ടുചാമ്പലാക്കണം. വിഷയ ചിന്തനവും സ്വാര്‍ത്ഥ കര്‍മ്മങ്ങളും വാസനകളെ വര്‍ദ്ധിപ്പിക്കുന്നു.
വാസന കൂടിക്കൂടി വരുന്നതിന് രണ്ട് മുഖ്യ കാരണങ്ങളുണ്ട്
1. നിരന്തരമായ വിഷയചിന്തനം.ഇത് മനസ്സില്‍ നടക്കുന്നതാണ്. 2. ബാഹ്യലോകത്ത് ഇന്ദ്രിയ വിഷയങ്ങള്‍ നേടാനുള്ള കര്‍മ്മം. ഇത് ശരീര അവയവങ്ങളും ഇന്ദ്രിയങ്ങളും ചേര്‍ന്ന് ചെയ്യുന്നവയാണ്.
കര്‍മ്മേന്ദ്രിയങ്ങളെ ബലമായി അടക്കി മനസ്സ് കൊണ്ട് വിഷയങ്ങളെ ചിന്തിക്കുന്നയാള്‍ മിഥ്യാചാരനാണെന്ന് ഗീതയില്‍ ഭഗവാന്‍ പറയുന്നു. ശരിയായ കര്‍മ്മം സദാചാരത്തിലേക്ക് നയിക്കും. എന്നാല്‍ ശരിയായ ചിന്തകളാണ് വാസ്തവത്തില്‍ സത്കര്‍മ്മത്തിന് ആധാരമായിരിക്കുന്നത്. ഉള്ളിലെ ചിന്തകളും പുറമെയുള്ള കര്‍മ്മങ്ങളും രണ്ടും വാസനകളെ സൃഷ്ടിച്ച് വീണ്ടും ജനന മരണങ്ങള്‍ക്ക് ഇടയാക്കും. അതിനാല്‍ അവയെ നന്നായി നശിപ്പിക്കണം.
വിത്ത്കരിച്ചാലോ വറുത്താലോ പുഴുങ്ങിയാലോ പിന്നെ മുളയ്‌ക്കില്ല. അതുപോലെ വാസനാ വിത്തിനേയും അതിന്റെ കാര്യങ്ങളേയും നശിപ്പിക്കണം.
ചിന്തയും ക്രിയയും വീണ്ടും വീണ്ടും പുതിയ പുതിയ ശരീരങ്ങളെ എടുക്കാനും അതുമൂലം സംസാരത്തില്‍ ഭ്രമിക്കാനും ഇടയാക്കുന്നു. കൂടുതല്‍ കൂടുതല്‍ മണ്ടത്തരങ്ങളിലേക്ക് വലിച്ചിഴക്കുന്ന ദുഃഖകരമായ ഈ നിലയ്‌ക്കാത്ത പ്രവാഹത്തെ തടയാന്‍ ചിന്തയേയും ക്രിയയേയും ഇല്ലാതാക്കണം.
ചിന്തയും ക്രിയയും ചേര്‍ന്നാല്‍ പിന്നെ പുതിയ പുതിയ വാസനകള്‍ നിറയും. ചിന്താക്രിയകളെ വെടിയലാണ് പരിഹാരം. ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ ചരിക്കുന്ന സാധകര്‍ ലക്ഷ്യത്തിനടുത്തെത്തുന്നതിന് മുമ്പ് വഴുതി വീണേക്കാം. വിഷയ വികാര വിചാരാത്മകമായ അനുഭവമണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കിയാല്‍ വീഴ്ച ഉറപ്പാണ്.
മനസ്സും ബുദ്ധിയും പരമാത്മാവിന്റെ നേര്‍ക്ക് തിരിഞ്ഞാല്‍ പിന്നെ പിന്നോട്ട് നോക്കാനേ പാടില്ല. ബഹിര്‍മുഖനായാല്‍ ഉടനെ അഹങ്കാരം തലപൊക്കും. വീണ്ടും സംസാരത്തില്‍ വീഴാന്‍ കാരണമാകും. ചുറ്റുപാടുമുള്ള വിഷയവസ്തുക്കള്‍ വാസന കൂട്ടുകയാണ് ചെയ്യുക. വാസനകള്‍ ശക്തമായാല്‍ സംസാര കുണ്ടിലേക്ക് വീഴും. അതു വരെ ചെയ്ത സാധനകളൊക്കെ പാഴാവും. അതിനാല്‍ പിന്തിരിയാതെ മുന്നോട്ട് നോക്കി യാത്ര തുടരുക.
കാമവികാരമാണ് മറ്റൊരു കുഴപ്പക്കാരന്‍. കാമ ചിന്ത കാമകേളിക്ക് സാധകനെപ്പോലും നിര്‍ബന്ധിക്കും. ചിന്തകളും ക്രിയയും കാമവാസനയെ പുഷ്ടിപ്പെടുത്തും. ഇത് സംസാര ബന്ധനത്തിന് കാരണമാകും. ലക്ഷ്യത്തിലെത്താനാകാതെ വഴിയില്‍ കുടുങ്ങാനിടയാക്കും.
കാമ ചിന്ത ഉള്ളിലുദിക്കുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കരുത്. ഒരു സാക്ഷിയെന്ന നിലയില്‍ അതിനെ വീക്ഷിക്കുക. കാമ ചിന്തകള്‍ വരുമ്പോള്‍ സദ് ചിന്തകളെ കൊണ്ടും ഭഗവദ് നാമജപം കൊണ്ടും അതിനെ മറികടക്കണം. ഉള്ളിലെ നീച ചിന്തകള്‍ക്കെതിരെ എല്ലായ്‌പ്പോഴും ജാഗരൂകരായിരിക്കുക. ദിവ്യ ചിന്തകളെ കൊണ്ട് അവയെ പവിത്രമാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: