നാടന്‍പശുക്കളില്‍ കൃത്രിമ ബീജസങ്കലനം നടത്തി അവയുടെ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് 2010 ല്‍ വിശ്വമംഗളഗോഗ്രാമയാത്ര എന്ന പേരില്‍ ദേശവ്യാപകമായി ഒരു പ്രചരണ പരിപാടി സംഘടിപ്പിച്ചത്. നാടന്‍ പശുക്കളുടെ മേന്മയും സവിശേഷതകളും അവയെ സംരക്ഷിക്കേണ്ട ആവശ്യകതയും ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ വേണ്ടിയായിരുന്നു യാത്ര. പത്ത് വര്‍ഷത്തിന് ശേഷം തിരിഞ്ഞ് നോക്കുമ്പോള്‍ ആ യാത്ര വലിയ വിജയമായി എന്ന് വിലയിരുത്താം. വിശ്വമംഗളഗോഗ്രാമയാത്രയുടെ സങ്കല്പം വിശദീകരിക്കാനായി ഗോകര്‍ണത്തെ സ്വാമിജി എറണാകുളത്തെത്തിയപ്പോള്‍ അദ്ദേഹത്തിന് നല്കാന് നാടന്‍ പശുവിന്റെ പാല് സംഘടിപ്പിക്കാന്‍ സംഘാടകര്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. എന്നാല്‍ ഇന്ന് എവിടെ പോയാലും നാടന്‍ പശുവിനെ വളര്‍ത്തുന്നവരും അതിന്റെ മഹത്വമറിയുന്നവരും ഉണ്ട്. ഇപ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ ഇതിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നു.
സമാനമായ രീതിയില്‍ ഇന്ന് ദേശവ്യാപകമായി വലിയൊരു പ്രചരണ യജ്ഞത്തിന് തുടക്കം കുറിക്കുകയാണ് – ഭൂപോഷണയജ്ഞം. ഈ യജ്ഞം ഭൂമിയെ രക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടിയുള്ളതാണ്. ഭൂമിയെ നശിപ്പിക്കുന്ന, മലിനമാക്കുന്ന മനുഷ്യന്റെ ചെയ്തികള്ക്കെതിരെയുള്ളതാണ്.
ഭാരതം അനാദി കാലം മുതല്‍ ഭൂമിയെ അമ്മയായി കണ്ട് ആരാധിക്കുന്നു. അഥര്‍വ്വവേദത്തിലെ പൃഥ്വി സുക്തത്തില്‍ മാതാ ഭൂമി പുത്രോഹം പൃഥ്വിവ്യാം എന്ന് പറഞ്ഞിരിക്കുന്നു ഭൂമിദേവിയെ വിഷ്ണുവിന്റെ പത്നിയായി കണക്കാക്കുന്നു. നിത്യകര്മ്മാനുഷ്ഠാന പദ്ധതിയില്‍ നാം പ്രഭാതത്തില്‍ ഉറക്കം ഉണര്‍ന്നാല്‍ കരദര്ശനത്തിന് ശേഷം സമുദ്ര വസനേ ദേവി പര്‍വ്വതസ്തന മണ്ഡലേ, വിഷ്ണു പത്നി നമസ്തുഭ്യം പാദസ്പര്‍ശം ക്ഷമസ്വമേ എന്ന് ചൊല്ലി ഭൂമിയെ തൊട്ട് വന്ദിക്കുന്നു. ഭൂമി മാതാവാണ് എന്ന സങ്കല്പം മനസ്സിലുറച്ചാല്‍ ഭൂമിയെ മുറിവേല്‍പ്പിക്കുന്ന പ്രവൃത്തികളില്‍ നിന്ന് നാം സ്വയം പിന്‍വാങ്ങും. ഭൂമിയെ രക്ഷിക്കാനും പരിപോഷിപ്പിക്കാനുമായി സാമൂഹ്യമായ യജ്ഞങ്ങള്‍ നടക്കണം. ഭൂമിയെ മലിനമാക്കുന്നതും മണ്ണിന്റെ ജൈവഘടന നശിപ്പിക്കുന്നതുമായ പ്രവര്‍ത്തികള്‍ക്കെതിരെ ജന ജാഗരണം ഉണ്ടാവണം. രാസ പദാര്‍ത്ഥങ്ങള്‍, പ്ലാസ്റ്റിക്ക് എന്നിവയെല്ലാം മണ്ണിന്റെ ജൈവഘടനയെ നശിപ്പിക്കുന്നതാണ്. പശുവിന്റെ ചാണകവും മൂത്രവും മണ്ണിനെ സമ്പുഷ്ടമാക്കും. മണ്ണില്‍ എപ്പോഴും ജലാംശം നിലനില്‍ക്കണം. അതിനായി ജല സ്രോതസ്സുകള്‍ സംരക്ഷിക്കപ്പെടണം. ജലം മലിനമാക്കുന്നതും ജലം പാഴാക്കുന്നതും സാമൂഹ്യതിന്മയാണ്.
കേരളം ജല ലഭ്യത കൊണ്ട് അനുഗ്രഹീതമാണ്. ശാസ്ത്രീയമായ വാട്ടര്‍ മാനേജ്മെന്റാണ് ആവശ്യം. മണ്ണില്‍ നിന്ന് കുഴിച്ചെടുക്കുന്നവക്കൊക്കെ ഒരു അവസാനം ഉണ്ട്. ഒരിക്കലും അവസാനിക്കാത്ത ഊര്‍ജ്ജ സ്രോതസ്സുകളുടെ ഉപയോഗം വര്‍ദ്ധിക്കണം.
ഇത്തരം വിഷയങ്ങളില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് ഈ യജ്ഞം. സമ്പൂര്‍ണ്ണ മാനവരാശിയുടേയും മറ്റ് ജീവജാലങ്ങളുടേയും സുഖവും ക്ഷേമവും ഉറപ്പു വരുത്താന്‍ മുഴുവന്‍ ജനങ്ങളേയും ഈ യജ്ഞത്തില്‍ സഹകരിപ്പിക്കേണ്ടതും പങ്കാളിയാക്കേണ്ടതും അത്യാവശ്യമാണ്. ഭാരതീയ സംസ്കാരവും ജീവിതശൈലിയും പരിസ്ഥിതിയുമായി ഇണങ്ങി ജീവിക്കുന്നതാണ്. ഭാരതീയ സമൂഹത്തെ ഈ വിഷയത്തില്‍ ബോധവല്‍ക്കരിക്കുക എന്നത് എളുപ്പമാണ്. അതുകൊണ്ട് ഇത്തരം വിഷയങ്ങളില്‍ ഭാരതം ലോകത്തിന് മാതൃക ആവേണ്ടതാണ്. ഭൂമിയെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമുള്ള ഈ മഹായജ്ഞത്തില്‍ നമുക്കെല്ലാം പങ്കാളിയാവാം.
ടി.എന്‍.ഈശ്വരന്
(ആര്‍എസ്എസ് പ്രാന്തകാര്യവാഹ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: