ടെഹ്റാന്: ഇറാന്റെ പ്രധാന ആണവസംവിധാനമായ നട്ടാന്സില് അട്ടിമറി നടന്നതായി ആരോപണം. പുതിയ യുറേനിയം സമ്പുഷ്ട ഉപകരണം കൊണ്ടുവന്നതിന് പിന്നാലെയാണ് അട്ടിമറി നടന്നതെന്ന് ഉന്നത ആണവ ഉദ്യോഗസ്ഥന് പറയുന്നു. 50 ഇരട്ടി വേഗത്തില്‍ യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള സംവിധാനമായിരുന്നു പുതുതായി നടപ്പാക്കിയത്.
ശനിയാഴ്ച ഇറാന് പ്രസിഡന്റ് ഹസ്സന് റൂഹാനിയാണ് ഈ പുതിയ വീര്യം കൂടിയ സെന്ട്രിഫൂജുകള് നടാന്‍സില്‍ ഉദ്ഘാടനം ചെയ്തത്. ഈ ചടങ്ങ് ഇറാനിലെ ടെലിവിഷന്‍ സംപ്രേഷണം ചെയ്തിരുന്നു. സമ്പുഷ്ട യുറേനിയം സൃഷ്ടിക്കുള്ള ഉപകരണമാണ് സെന്‍ട്രിഫ്യൂജുകള്‍. സമ്പുഷ്ട യുറേനിയമാണ് ആണവായുധങ്ങളുണ്ടാക്കാനും ന്യൂക്ലിയര്‍ റിയാക്ടറുകളില്‍ ഇന്ധനമായും ഉപയോഗിക്കുന്നത്.
ഈ തീവ്രവാദഅക്രമത്തിന് പിന്നില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് അറിയില്ലെന്ന് ഉന്നത ആണവ ഉദ്യോഗസ്ഥന് അലി അക്ബര്‍ സലേഹി പറഞ്ഞു. പക്ഷെ ആണവ നിലയത്തില്‍ വൈദ്യുതിബന്ധം ഇല്ലാതാകണമെങ്കില്‍ അതിന് പിന്നില്‍ അട്ടിമറി നടന്നിരിക്കാമെന്നാണ് വിലയിരുത്തല്‍.
ഇസ്രയേലിന്റെ രഹസ്യപൊലീസായ മൊസാദാണ് പിന്നിലെന്നും ആരോപണമുണ്ട്. ഇസ്രയേലിന്റെ സൈബര്‍ ആക്രമണമാണ് ഇതിന് പിന്നിലെന്ന് ഇസ്രയേലിലെ മാധ്യമങ്ങള്‍ പറയുന്നു. അതേ സമയം ഇസ്രയേല്‍ ഇതുവരെ ഔദ്യോഗികമായി ഇതേക്കുറിച്ച് പ്രതികരണം നടത്തിയിട്ടില്ല. അതേ സമയം ഈയിടെ ഇസ്രയേല്‍ ഇറാനിലെ ആണവപദ്ധതിയെക്കുറിച്ചുള്ള താക്കീതുകള്‍ ശക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: