ന്യൂഡല്‍ഹി: ബെംഗളൂരു സ്ഫോടന കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കുന്നതിനെതിരെ കര്‍ണാടക സര്‍ക്കാര്‍. അബ്ദുല്‍ നാസര്‍ മദനി കേരളത്തില്‍ എത്തിയാല്‍ ഒളിവില്‍ കഴിയുന്ന ഭീകരരുമായി ബന്ധപ്പെടാന്‍ സാധ്യതയുണ്ട്. മദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കുന്നത് രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുമെന്ന് ആഭ്യന്തര വകുപ്പ് സുപ്രീം കോടതിയില്‍ എഴുതി നല്കിയ വാദത്തില്‍ ആരോപിച്ചു.
കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നും എന്‍ഐഎ പിടികൂടിയ പാക്കിസ്ഥാനുമായി ബന്ധമുള്ള ഭീകരരുമായി മദനിക്ക് ബന്ധമുണ്ട്. കേരളത്തില്‍ എത്തിയാല്‍ മദനി ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഭീകരവാദ കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവുകള്‍ നല്‍കരുതെന്നും 26 പേജ് ദൈര്‍ഘ്യമുള്ള സ്റ്റേറ്റ്മെന്റില്‍ കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.
ബെംഗളൂരു സ്ഫോടനക്കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നതുവരെ കേരളത്തില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മദനി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മദനി അപകടകാരിയായ മനുഷ്യനാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നിരീക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: