കശ്മീര്‍: സുരക്ഷാ സേന നാല് വ്യത്യസ്ത ഇടങ്ങളിലായി നടത്തിയ സേനാ നീക്കങ്ങളില്‍ പന്ത്രണ്ട് ഭീകരരെ വധിച്ചു. ജമ്മു കശ്മീര്‍ ഡിജിപിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 72 മണിക്കൂറുകള്‍ക്കകം 12 ഭീകരരെ കൊന്നു. ബിജ്ബിഹാരയിലെ സേനാ നീക്കം കഴിഞ്ഞു. ഇവിടെ ലഷ്കര്‍ ഇ തൊയ്ബയില്‍ പ്രവര്‍ത്തിച്ച രണ്ട് ഭീകരരെയാണ് വധിച്ചത്. ഹരിപൊറയിലെ അല്‍ ബാദറില്‍ മൂന്ന് ഭീകരരെ കൊന്നു. ത്രാലിലും ഷോപ്പിയാനിലും സൈന്യം നടത്തിയ നീക്കത്തില്‍ ഏഴ് ഭീകരര്‍ കൊല്ലപ്പെട്ടു, ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു.
ഷോപ്പിയാനിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍ ഒരു പതിനാലു വയസുകാരനും ഉള്‍പ്പെട്ടിട്ടുണ്ട്. കുറച്ച് ദിവസമായി വീട്ടില്‍ നിന്നു കാണാതായതാണ് ഈ പതിനാലുകാരനെ. ഈ കുട്ടിയെ രക്ഷിക്കാന്‍ സൈന്യം പരമാവധി ശ്രമിച്ചിരുന്നു. കീഴടങ്ങാന്‍ സൈന്യം പലതവണ കുട്ടിയോട് ആവശ്യപ്പെട്ടു. കുട്ടിയുടെ മാതാപിതാക്കളെ വരെ എത്തിച്ച് കുട്ടിയെ ആയുധം താഴെയിടാന്‍ പ്രേരിപ്പിച്ചുനോക്കിയിരുന്നു. പക്ഷെ മറ്റു ഭീകരര്‍ കുട്ടിയെ കീഴടങ്ങാന്‍ അനുവദിച്ചില്ല.
ധീരജവാന് ഹവില്‍ദാര്‍ മുഹമ്മദ് സലീം അക്ഹൂണിന്റെ കൊലപാതകത്തില്‍ പ്രതികാരം വീട്ടി സൈന്യം. ഹവില്ദാര്ക്കു നേരെ വെടിയുതിര്‍ത്ത രണ്ട് ഭീകരരെ കണ്ടെത്തി സൈന്യം ഇന്നലെ വകവരുത്തി. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹവില്‍ദാര്‍ മുഹമ്മദ് സലീമിനെതിരെ ഭീകരര്‍ നിറയൊഴിച്ചത്, കൊലപ്പെടുത്തിയത്. മാര്‍ച്ച് 22 മുതല്‍ അവധിയില്‍ പ്രവേശിച്ചിരുന്ന അദ്ദേഹം കശ്മീരിലെ ബിജ്ബെഹറ സ്വദേശിയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് മുഹമ്മദ് സലീം കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: