മുംബൈ: ഐപിഎല്ലില്‍ മലയാളി താരം സഞ്ജുവിന്റെ നായകനായുള്ള അരങ്ങേറ്റം നാളെ. സഞ്ജുവിന്റെ രാജസ്ഥാന് റോയല്‍സ് പതിനാലാം പതിപ്പിലെ ആദ്യ മത്സരത്തില്‍ കെ.എല്‍. രാഹുലിന്റെ പഞ്ചാബ് കിങ്സിനെ നേരിടും. രാത്രി 7.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
കൂറ്റന്‍ അടികളുടെ ആശാന്മാരായ സഞ്ജുവും രാഹുലും വിജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. സഞ്ജുവിന് കരുത്ത് പകരാന്‍ ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്സും ഇംഗ്ലീഷ് ബാറ്റ്സ്മാന് ജോസ് ബട്ലറും ടീമിലുണ്ട്. യശസ്വി ജയ്സ്വാളും ജോസ് ബട്ലറും രാജസ്ഥാന്റെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. ബെന്‍ സ്റ്റോക്സും സഞ്ജുവും മധ്യനിരയക്ക് കരുത്ത് പകരും. ഇവര്‍ നിലയുറപ്പിച്ചാല്‍ പിന്നെ എതിരാളികള്‍ക്ക് രക്ഷയില്ല. ഗ്രൗണ്ടിന്റെ നാലുഭാഗത്തേക്ക് പന്ത് പറക്കും . പോയ വര്‍ഷം യുഎഇയില്‍ നടന്ന പതിമൂന്നാമത് ഐപില്ലിലെ ആദ്യ മത്സരങ്ങളില്‍ സഞ്ജു മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
ഓള് റൗണ്ടര്‍മാരായ ശിവം ദുബെ, ശ്രേയ്സ് ഗോപാല്‍, രാഹുല്‍ തെവാതിയ, റിയാന്‍ പരാഗ്, ലിയാം ലിവിങ്സ്റ്റണ് എന്നിവരും ടീമിലുണ്ട്. പേസര്‍ ജോഫ്ര അര്‍ച്ചറുടെ അഭാവമാണ് റോയല്‍സിനെ അലട്ടുന്നത്. പരിക്കേറ്റ ആര്‍ച്ചര്‍ ഈ സീസണില്‍ കളിക്കാന്‍ സാധ്യതയില്ല. അര്‍ച്ചറുടെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ് പേസ് ആക്രമണം നയിക്കും. ഇത്തവണ റെക്കോഡ് തുകയ് (16.25 കോടി) ക്കാണ് മോറിസ് രാജസ്ഥാന് റോയല്‍സില്‍ എത്തിയത്.
ബിഗ് ഹിറ്റേഴ്സായ ക്യാപ്റ്റന്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല് എന്നിവരിലാണ് പഞ്ചാബിന്റെ വിജയപ്രതീക്ഷ. കഴിഞ്ഞ സീസണില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച കളിക്കാരാണ് കെ.എല്‍. രാഹുലും മായങ്ക് അഗര്‍വാളും. പോയ സീസണില്‍ രാഹുല്‍ 670 റണ്‍സും മായങ്ക് അഗര്‍വാള്‍ 424 റണ്‍സും നേടി. നിലവില്‍ ടി 20 യിലെ ലോക ഒന്നാം നമ്പര്‍ ബാറ്റ്സ്മാന് ഡേവിഡ് മലാന്, തമിഴ്നാടിന്റെ എം. ഷാരൂഖ് ഖാന്, വിന്‍ഡീസിന്റെ നിക്കോളസ് പൂരന് തുടങ്ങിയ അടിപൊളി ബാറ്റ്സ്മാന്മാരും ടീമിലുണ്ട്.
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയാണ് പഞ്ചാബിന്റെ പേസ് ആക്രമണത്തെ നയിക്കുന്നത്. ജെ. റിച്ചാര്ഡ്സണ്, റിലേ മെറിഡിത്ത്, ക്രിസ് ജോര്‍ദാന്‍ തുടങ്ങിയവര്‍ ഷമിക്ക് പിന്തുണ നല്‍കും. മുരുഗന് അശ്വിനും രവി ബിഷ്നൂയിയുമാണ് സ്പിന്നാക്രമണത്തെ നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: