ശാസ്താംകോട്ട: തെരഞ്ഞെടുപ്പിന് വേണ്ട സഹായങ്ങള്‍ ചെയ്തതിന്റെ പേരില്‍ അവകാശവാദം ഉന്നയിച്ച് പ്ലാനിങ്ങ് ഓഫീസര്‍മാരും ശുചിത്വമിഷനും നേര്‍ക്കുനേര്‍. തെരഞ്ഞെടുപ്പ് ദിവസത്തെ വ്യവസ്ഥകള്‍ എല്ലാം വിജയിച്ചത് തങ്ങളുടെ കഴിവാെണന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുമ്പോള്‍ കഠിനാധ്വാനം ചെയ്ത തങ്ങള്‍ക്ക് പണ്ടുല്ലുവിലയാണ് നല്‍കിയതെന്ന് ശുചിത്വമിഷന് പ്രവര്‍ത്തകര്‍ ആരോപിച്ചു.
ശുചിത്വമിഷനുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പ് ദിവസത്തെ വ്യവസ്ഥകള്‍ ഏറെക്കുറെ ഭംഗിയായി നടന്നത് കുന്നത്തൂര്‍ അസംബ്ലി മണ്ഡലത്തിലാണ്. മറ്റ് മണ്ഡലങ്ങളിലെ സ്ഥിതി പരമദയനീയമായിരുന്നു വെന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ഭക്ഷണവും താമസസൗകര്യവും അടക്കമുള്ള എല്ലാ കാര്യങ്ങളും കുടുംബശ്രീയും പ്ലാനിങ്ങ് ഓഫീസും ചേര്‍ന്ന് നടപ്പാക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ചടയമംഗലം അടക്കമുള്ള ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നരകയാതനയായിരുന്നു.
വനിതാ പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് കയ്യില്‍ കരുതിയ കുപ്പിവെള്ളവും കുടിച്ച് പോളിങ്ങ് ബൂത്ത് പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ പേപ്പര്‍ നിരത്തി കിടന്നുറങ്ങേണ്ടിവന്നു. പല സ്കൂളുകളിലും പ്രാഥമികാവശ്യത്തിന് പോലും ബാത്ത് റൂമുകളില്‍ വെള്ളമില്ലായിരുന്നു. കുന്നത്തൂരില്‍ ഈ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ഥിതി മെച്ചമായിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ ചുമതല വഹിച്ചവര്‍ തമ്മില്‍ നടത്തുന്ന വിഴുപ്പലക്കല്‍, ചെയ്ത പ്രവര്‍ത്തികളുടെ ശോഭ കെടുത്തുന്ന തരത്തിലാണ്. പ്ലാനിങ് ഓഫീസിലെ റിസര്‍ച്ച് ഓഫീസറുടെ നേതൃത്വത്തില്‍ ആഴ്ചകള്‍ക്ക് മുന്‍പേ രംഗത്തിറക്കി എല്ലാം വ്യവസ്ഥാപിതമാക്കിയതാണ് തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമായതെന്ന് ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍ കുന്നത്തൂര്‍ മണ്ഡലത്തെ ഹരിതാഭമാക്കിയത് കഠിനപ്രയത്നം കൊണ്ടാണെന്ന് ശുചിത്വമിഷന് ജീവനക്കാര്‍ പറഞ്ഞു. ആര്‍ക്കും ഒരു പരാതിയുമില്ല. ജീവനക്കാര്‍ രൂപീകരിച്ച വാട്സാപ് ഗ്രൂപ്പിലൂടെയായിരു ന്നു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സൗകര്യമൊരുക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശുചിത്വമിഷന്റെ കുന്നത്തൂര്‍ നിയോജക മണ്ഡലത്തിലെ റിസോഴ്സ് പേഴ്സണ്‍മാരായ ആര്. മിനിമോള്‍, മിഥില എന്നിവരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പ്
ചിട്ടയോടുള്ള പ്രവര്‍ത്തനം തുടങ്ങിയിരുന്നു. കുടുംബശ്രീയുടെയും ഹരിത കര്‍മ്മ സേനയുടെയും സഹായത്തോടെയായിരുന്നു ഭക്ഷണമെത്തിക്കല്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാം. ശാസ്താംകോട്ട ഗവ: ഹൈസ്കൂളിനെ മാതൃകാ ഹരിത ബൂത്തായി ഹരിതചട്ട പരിപാലനത്തിന് മാതൃകയാക്കുന്നതിന് സാധിച്ചതായി ശുചിത്വ മിഷന് പ്രവര്‍ത്തകര്‍ പറഞ്ഞു. ശാസ്താംകോട്ട വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ സഹായവും അവര്‍ക്കുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: