ന്യൂദല്‍ഹി: 1996-ലെ ലോകകപ്പില്‍ നടന്ന ഇന്ത്യ-പാക്കിസ്ഥാന് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ആമിര്‍ സൊഹൈലിന്റെ വിക്കറ്റ് എടുക്കുന്ന മനോഹരമായ ചിത്രം വെങ്കടേഷ് പ്രസാദ് ഞായറാഴ്ച ട്വീറ്റ് ചെയ്തു. പ്രസാദ് പറയുന്നത് അനുസരിച്ച്, ഒരു പന്ത് സൊഹൈല്‍ ബൗണ്ടറി പായിച്ചത് തന്നെ ‘ഇന്ദിരാനഗര്‍ കാ ഗുണ്ട’ ആക്കി മാറ്റിയശേഷമുള്ള അടുത്ത പന്തിലായിരുന്നു അദ്ദേഹം ആമിറിനെ ബൗള്‍ഡ് ആക്കിയത്. ‘പ്രസാദിന്റെ കരിയറിലെ ഏക നേട്ടം’ എന്ന പ്രതികരണവുമായി പാക്കിസ്ഥാനില്‍നിന്നുള്ള മാധ്യമപ്രവര്ത്തകന് പിന്നാലെയെത്തി.
എന്നാല്‍ തന്നെ പരിഹസിക്കാന്‍ ശ്രമിച്ച പാക്ക് പത്രപ്രവര്ത്തകന് ഗംഭീര മറുപടിയാണ് പ്രസാദ് നല്‍കിയത്. ‘അല്ല നജീബ് സഹോദരാ. ശേഷവും കുറച്ചു നേട്ടങ്ങളുണ്ടായിട്ടുണ്ട്. 1999-ല്‍ ഇംഗ്ലണ്ടില്‍ നടന്ന അടുത്ത ലോകകപ്പില്‍ മാഞ്ചസ്റ്ററില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ 27 റണ്‍സിന് അഞ്ച് വിക്കറ്റ് സ്വന്തമാക്കി. അവര്‍ക്ക് 228 റണ്‍സ് പിന്തുടരാനായില്ല. ദൈവം അനുഗ്രഹിക്കട്ടെ’.- പ്രസാദ് കുറിച്ചു.
മുന്‍ ക്രിക്കറ്റ് താരവും ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് പരിശീലകനുമാണ് വെങ്കടേഷ് പ്രസാദ്. ക്രെഡിറ്റ് കാര്‍ഡ് പെയ്മെന്റ് ആപ്ലിക്കേഷനായ ‘ക്രഡ്’ എന്ന കമ്പനിയുടെ പുതിയ പരസ്യത്തില്‍ ‘ഇന്ദിരാ നഗറിലെ ഗുണ്ട’യാണ് താനെന്ന മുന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിന്റെ വാചകം കഴിഞ്ഞദിവസം ട്വറ്ററില്‍ ട്രന്‍ഡിംഗ് ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: