അമ്പലപ്പുഴ: വര്‍ഷങ്ങളായി കരമടച്ചിരുന്ന ഭൂമി രേഖകളില്‍ നിലമായതായി പരാതി. കരമടയ്ക്കാന്‍ കഴിയാതെ നിരവധി കുടുംബങ്ങള്‍ ദുരിതത്തില്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് വണ്ടാനം പഴയ നടക്കാവ് റോഡിന് കീഴക്ക് മുക്കയില്‍ പ്രദേശത്തെ 30 ഓളം കുടുംബങ്ങള്‍ക്കാണ് വസ്തു കരമടക്കാന്‍ കഴിയാതെ വന്നത്.
മുന്‍ വര്‍ഷങ്ങളില്‍ കൃത്യമായി വസ്തുക്കരമടച്ചിരുന്ന ഈ കുടുംബങ്ങള്‍ കരം അടച്ച രസീത് ഹാജരാക്കി വായ്പയെടുത്ത് ഭവന നിര്‍മാണം നടത്തുകയും വായ്പയെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വര്‍ഷം കരമടക്കാനായി അമ്പലപ്പുഴ വടക്ക് വില്ലേജിലെത്തിയപ്പോഴാണ് ഇത്രയും വര്‍ഷം കരമടച്ചിരുന്ന പുരയിടം വില്ലേജ് രേഖകളില്‍ നിലമായി കിടക്കുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇതോടെ 30 ലധികം കുടുംബങ്ങള്‍ക്ക് കരമടക്കാനും കഴിയാതെ വന്നിരിക്കുകയാണ്. ലൈഫ് ഭവന പദ്ധതി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ നിരവധി കുടുംബങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ക്ക് ആനുകൂല്യം ലഭിക്കണമെങ്കില്‍ കരമടച്ച രസീത് ഹാജരാക്കണം. ഇത് ലഭിക്കാത്തതിനാല്‍ പല ആനുകൂല്യങ്ങളും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഈ കുടുംബങ്ങള്‍.
വില്ലേജ് രേഖകളില്‍ ഈ പുരയിടങ്ങള്‍ ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതാണ് കുടുംബങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: