തിരുവന്തപുരം: ബന്ധുവായ കെ ടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിക്കുന്നതിന് യോഗ്യതയില്‍ ഇളവ് വരുത്താനുള്ള ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. ഇതിന്റെ രേഖകള്‍ പുറത്തുവന്നു. ഉദ്യോഗസ്ഥരും അദീബിന്റെ നിയമനത്തെ ചോദ്യം ചെയ്തതിന്റെ രേഖകളും ഇക്കൂട്ടത്തിലുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാരനായ അദീബിന്റെ നിയമനത്തോട് പലവട്ടമാണ് ന്യൂനപക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ വിയോജിപ്പ് പ്രകടിപ്പിച്ചത്.
നിയമനം വിവാദമായപ്പോൾ കെ ടി ജലീലിനെ പൂര്‍ണമായും പിന്തുണയ്ക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. തസ്തികയുടെ യോഗ്യത്തില്‍ മാറ്റം വരുത്തണമെന്ന് നിര്‍ദേശിച്ചുള്ള മന്ത്രി കെ ടി ജലീലിന്റെ കത്ത് ശനിയാഴ്ച പുറത്തുവന്നിരുന്നു. യോഗ്യത നിശ്ചയിച്ചിട്ടുള്ളത് മന്ത്രിസഭയായതിനാല്‍ മാറ്റംവരുത്താന്‍ മന്ത്രിസഭയുടെ അനുമതി ആവശ്യമില്ലേയെന്ന് ഉദ്യോഗസ്ഥര്‍ ആരാഞ്ഞിരുന്നു. അതേസമയം, മന്ത്രിസഭയുടെ അംഗീകാരം ആവശ്യമില്ലെന്ന് കെ ടി ജലീല്‍ ഫയലില്‍ കുറിച്ചു.
തുടര്‍ന്ന് ഇത് മുഖ്യമന്ത്രിക്ക് വിടുകയും ചെയ്തു. 2016 ഓഗസ്റ്റ് ഒന്‍പതിനായിരുന്നു മുഖ്യമന്ത്രി ഈ ഫയലില്‍ ഒപ്പിട്ടത്. റിസര്‍വ് ബാങ്കിന്റെ ഷെഡ്യൂള്‍ പ്രകാരം സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്വകാര്യ ബാങ്ക് ആയതിനാല്‍ നിലവിലെ വ്യവസ്ഥ അനുസരിച്ച് നിയമനം നടത്താനാകില്ലെന്ന് അഡീഷണല്‍ സെക്രട്ടറി 28-09-2018ന് ഫയലില്‍ രേഖപ്പെടുത്തി.
ധനകാര്യ വികസന കോര്പറേഷന് എംഡിയായി സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ടെന്ന് കാട്ടി വീണ്ടും ജലീല്‍ ഇടപെട്ടു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അംഗീകാരമുള്ളതിനാല്‍ നിയമന ഉത്തരവിറണക്കമെന്നും അതേദിവസം ജലീല്‍ നിര്‍ദേശിച്ചു. പിന്നാലെ ഉത്തരവും ഇറങ്ങി. കെ ടി ജലീലിന്റെ ഈ ഇടപെടലുകള്‍ അടക്കം പരിശോധിച്ചാണ് മന്ത്രിയായി തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ലെന്ന വിധിയിലേക്ക് ലോകായുക്ത എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: