ന്യൂദല്‍ഹി: ദിവസവും 17-18 മണിക്കൂറുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജോലി ചെയ്യുന്നുവെന്ന വസ്തുത പരിഗണിക്കുമ്പോള്‍ ദീര്‍ഘനേരം ജോലിയെടുക്കുന്നുവെന്ന് പരാതിപ്പെടാന്‍ തനിക്ക് കാരണങ്ങളൊന്നുമില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. മണിക്കൂറുകള്‍ നീളുന്ന ജോലിക്കിടയിലും കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നമ്മുടെ പ്രധാനമന്ത്രി ഒരുദിവസം 16 അല്ലെങ്കില്‍ 18 മണിക്കൂറുകള്‍ ജോലി ചെയ്യുമ്പോള്‍ നമുക്ക് പരാതിപ്പെടാന്‍ ഒന്നുമില്ല. എനിക്കിത് വ്യക്തിപരമയി അറിയാം. എന്നാലും ഞാന്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാറുണ്ട്’- വെബിനാറില്‍ അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് സമയം കൈകാര്യം ചെയ്യുന്നതെന്നും സ്വകാര്യ പ്രാക്ടീസുമായി താരതമ്യപ്പെടുത്തുമ്പോള്‍ സര്‍ക്കാരിന്റെ നിയമവകുപ്പിലെ ഉദ്യോഗസ്ഥന്റെ ജോലിയെക്കുറിച്ചുള്ള വ്യത്യാസത്തെക്കുറിച്ചുമുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു തുഷാര്‍ മേത്ത.
‘അഭിപ്രായ പ്രകടത്തനത്തിനുള്ള സ്വാതന്ത്ര്യത്തില്‍ വ്യക്തത വരുത്തുന്നു’ എന്ന വിഷയത്തില്‍ മേത്ത നടത്തിയ പ്രഭാഷണത്തിന് ശേഷമായിരുന്നു ചോദ്യോത്തരവേള. ദല്‍ഹി ക്യാംപസ് ലോ സെന്റര്‍, ഡിബേറ്റ്സ് ആന്റ് ഡിസ്കഷന് സൊസൈറ്റി ‘കോടതി മുറിയിലെ ഇതിഹാസങ്ങള്‍’ എന്ന പേരിലായിരുന്നു വെബിനാര്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: