ചെന്നൈ: പതിനാലാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉദ്ഘാടന മത്സരത്തില്‍ അഞ്ചു വിക്കറ്റുകള്‍ കൊയ്തെടുത്ത മീഡിയം പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ അപൂര്‍വ റെക്കോഡിന് ഉടമയായി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളറാണ് ഈ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരം.
നാല് ഓവറില്‍ 27 റണ്‍സിനാണ് ഹര്‍ഷല്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയത്. അവസാന ഓവറിലാണ് മൂന്ന് വിക്കറ്റും നേടിയത്. ക്രുണാല്‍ പാണ്ഡ്യ, മാര്‍കോ ജാന്സന് കീരോണ്‍ പൊള്ളാര്‍ഡ് എന്നീ മുംബൈ ഇന്ത്യന്‍സ് ബാറ്റ്സ്മാന്മാരാണ് അവസാന ഓവറില്‍ ഹര്‍ഷലിന് മുന്നില്‍ അടിതെറ്റി വീണത്. നേരത്തെ പതിനാറാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയേയും പതിനെട്ടാം ഓവറില്‍ ഇഷാന് കിഷനെയും വീഴ്ത്തിയിരുന്നു.
ഹര്‍ഷലാണ് കളിയിലെ കേമന്‍.
ഹര്‍ഷല്‍ പട്ടേലിന് പിന്നാലെ സൂപ്പര്‍ താരം എ.ബി. ഡിവില്ലിയേഴ്സ് വെടിക്കെട്ട്് ബാറ്റിങ്ങും കാഴ്ചവച്ചതോടെ ഉദ്ഘാടന മത്സരം റോയല്‍ ചലഞ്ചേഴ്സിന്റെ പോക്കറ്റിലായി. അവസാന പന്തില്‍ ഒരു റണ്‍സ് നേടി ഹര്‍ഷല്‍ റോയല്‍സിന് രണ്ട് വിക്കറ്റിന്റെ വിജയം സമ്മാനിച്ചു. 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിരാട് കോഹ് ലിയുടെ റോയല്‍ ചലഞ്ചേഴ്സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
തകര്‍ത്തടിച്ച എ.ബി. ഡിവില്ലിയേഴ്സാണ് റോയല്‍സിനെ വിജയത്തിലേക്ക് അടുപ്പിച്ചത്. 27 പന്തില്‍ നാല് ഫോറും രണ്ട് സിക്സറും സഹിതം 48 റണ്‍സ് കുറിച്ചാണ് ഡിവില്ലിയേഴ്സ് മടങ്ങിയത്. ക്യാപ്റ്റന്‍ കോഹ് ലി 29 പന്തില്‍ 33 റണ്‍സും ഗ്ലെന്‍ മാക്സ്വെല് 28 പന്തില്‍ 39 റണ്‍സും നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 159 റണ്‍സ് എടുത്തു. ശക്തമായ പരിശീലനത്തിലൂടെയാണ് ഐപിഎല്ലിന് തയ്യാറെടുത്തതെന്ന്് ഹര്‍ഷല്‍ പട്ടേല്‍ മത്സരശേഷം പറഞ്ഞു. ഇരുപത് ദിവസത്തോളം യോര്‍ക്ക് എറിയാനായി പരിശീലനം നടത്തിയെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: