ചെന്നൈ: വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന് ഇയോന്‍ മോര്‍ഗന്റെ നേതൃത്വത്തില്‍ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനത്തിനായി മുന്‍ ചാമ്പ്യന്മാരായ കെല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇറങ്ങുന്നു. ഐപിഎല്ലില്‍ അവര്‍ ഇന്ന് ,സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചുവരുന്ന ഡേവിഡ് വാര്‍ണറുടെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. രാത്രി 7.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
യുഎഇയില്‍ കഴിഞ്ഞ തവണ നടന്ന ഐപിഎല്ലിനിടയ്ക്കാണ് മോര്ഗന് , ദിനേശ് കാര്‍ത്തിക്കില്‍ നിന്ന് കൊല്‍ക്കത്തയുടെ നായകസ്ഥാനം ഏറ്റെടുത്തത്. മോര്ഗന് നയിച്ച കൊല്‍ക്കത്ത കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമുകള്‍ക്കൊപ്പം പോയിന്റ് നിലയില്‍ ഒപ്പം എത്തി. എന്നാല്‍ മികച്ച റണ്‍ശരാശരിയില്‍ കൊല്‍ക്കത്തയെ പിന്തള്ളി സണ്‍റൈസേഴ്സും റോയല്‍ ചലഞ്ചേഴ്്സും പ്ലേ ഓഫില്‍ കടന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫ് നഷ്ടമായത്.
ലോകത്തെ ഏറ്റവും മികച്ച വൈറ്റ്ബോള്‍ ക്യാപ്റ്റനായ മോര്ഗന് ഇത്തവണ കൊല്‍ക്കത്തയെ കിരീടവിജയത്തിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷ. രണ്ട് തവണ ഐപിഎല്‍ കിരീടം സ്വന്തമാക്കിയ ടീമാണ് കൊല്‍ക്കത്ത . മത്സരഗതി മാറ്റാന്‍ കഴിയുന്ന മുന്‍നിര ബാറ്റ്സ്മാന് ശുഭ്മന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, നിതീഷ് റാണ, പരചയസമ്പന്നനായ കാര്‍ത്തിക് തുടങ്ങിയവര്‍ അണിനിരക്കുന്ന ബാറ്റിങ്നിര ശക്തമാണ്.
കൂറ്റന്‍ അടികള്‍ക്ക് പേരുകേട്ട ആന്ദ്രെ റസലും ടീമിലുണ്ട്. പോയ സീസണില്‍ നിറംമങ്ങിയ ആന്ദ്രെ റസല്‍ ഫോമിലേക്കുയര്‍ന്നാല്‍ പിന്നെ എതിര് ടീമുകള്‍ക്ക് രക്ഷയില്ല. വിന്‍ഡീസിന്‍െ മറ്റൊരു പ്രതിഭയായ സുനില്‍ നരെയ്നും ടീമിലുണ്ട്.
പരിചയ സമ്പന്നനായ ഹര്ഭജന് സിങ്ങാണ് സ്പിന്നാക്രമണത്തെ നയിക്കുന്നത്. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന് എന്നിവരും ബൗളിങ്ങിലെ ശക്തികളാണ്.
പോയസീസണില്‍ നാലു മത്സരങ്ങള്‍ക്ക് ശേഷം പരിക്കേറ്റു മടങ്ങിയ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തിയതോടെ ശക്തമായ ബൗളിങ് നിരയുമായാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് കൊല്‍ക്കത്തയെ നേരിടാനിറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഭുവി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അഫ്ഗാനിസ്ഥാന് താരം റഷീദ് ഖാനാണ് സ്പിന്‍ ബൗളിങ്ങിനെ നയിക്കുന്നത്.
ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും മികച്ച ഫോം തുടരുന്ന ജോണി ബെയര്‍സ്റ്റോയുമാണ് സണ്സൈസേഴ്സിന്റെ ബാറ്റിങ് കരുത്ത്. ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യംസ്്, മനീഷ് പാണ്ഡ്യ എന്നിവരും ടീമിലുണ്ട്.
മത്സരത്തില്‍ കൊല്‍ക്കത്തയ്ക്കാണ് നേരിയ മുന്‍തൂക്കം. പോയ സീസണില്‍ രണ്ട് തവണയും കൊല്‍ക്കത്ത സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: