ഖത്തറില്‍ നിന്നു പൂര്‍ണ്ണമായി ചിത്രീകരിച്ച ഒരെയൊരു ഇന്ത്യന്‍ സിനിമയായ എല്‍മര്‍ ഏപ്രില്‍ 14ന് പ്രദര്‍ശനത്തിനെത്തുന്നു.
ഗോപി കുറ്റിക്കോല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ നടന് സന്തോഷ് കീഴാറ്റുരും, ഖത്തറിലെ മലയാളി വിദ്യാര്‍ഥിയും ആലുവ സ്വദേശിയുമായ മാസ്റ്റര്‍ ദേവും പ്രധാന കഥാപാത്രങ്ങളാകുന്നു. ഈ ചിത്രത്തില്‍ ഖത്തറിലെ പ്രവാസികളായ അറുപതോളം നടീനടന്മാരും അഭിനയിക്കുന്നുണ്ട്.
പ്രവാസ ജീവിതത്തിന്റെ സംഘര്‍ഷത്തിനിടയില്‍ സ്നേഹ വാത്സല്യങ്ങള്‍ ഒരു നുള്ളുപോലെ മാത്രം വീതിച്ചു കിട്ടുന്ന കുട്ടികളിലേക്കു ക്യാമറ തിരിച്ചു വയ്ക്കുന്ന ഈ ചിത്രത്തില്‍ തെക്കെ ഇന്ത്യയിലെ പ്രമുഖ ഗായകര്‍ പാടിയിരിക്കുന്നു. നഷ്ടപെട്ടുപോകുന്ന പൊതു ഇടങ്ങളെ തിരിച്ചു പിടിക്കുക എന്ന പുതിയ രാഷ്ട്രീയ വായനയോട് ചേര്‍ത്തുപിടിക്കുന്നുണ്ട് എല്‍മറിന്റെ പ്രമേയം. കുട്ടിക്കാലത്ത് പഴയ തലമുറ ആസ്വദിച്ചിരുന്ന സ്വാതന്ത്ര്യം പ്രവാസി കുട്ടികള്‍ക്ക് നിഷിദ്ധമാകുന്നതും, അവരുടെ ലോകം ചെറുതാകുന്നതും പുറംലോകത്ത് എത്തിക്കണമെന്ന പ്രതിബദ്ധതകൊണ്ടാണ് എല്‍മര്‍ രൂപംകൊള്ളുന്നത്. മലയാളത്തിന്റെ ഒരു പ്രമുഖ സംവിധായകന് അവതാരകനായി ചിത്രത്തിന്റെ പിന്നണിയിലുണ്ട്.
രാജ് ഗോവിന്ദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രവാസി മലയാളിയും ആലുവ സ്വദേശിയുമായ രാജേശ്വര് ഗോവിന്ദന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിസ്ബിന്‍ സെബാസ്റ്റ്യന്‍ നിര്‍വ്വഹിക്കുന്നു.
റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് അജയ്കുമാര്‍ സംഗീതം പകരുന്നു. ഹരിഹരന്, ഹരിചരണ്‍ എന്നിവരാണ് ഗായകര്‍. കാഞ്ഞങ്ങാട് രാമചന്ദ്രന് സംഗീതം നല്കിയ കുട്ടികളുടെ ഗാനം രാമപ്രിയ ആലപിക്കുന്നു. എഡിറ്റര്‍-ലിന്റൊ തോമസ്സ്, പ്രൊ
ഡക്ഷന്‍ കണ്ട്രോളര്-ഷഫീര്‍ എളവള്ളി. ഖത്തര്‍ എന്ന രാജ്യത്തിന്റെ സൗന്ദര്യം കാണണമെങ്കില്‍ എല്‍മര്‍ സിനിമ കാണണമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: