ദേവദേവന്
”സ്വാതന്ത്ര്യാനന്തര ഭാരതം, തമ്മിലടിക്കുന്ന കഴിവുകെട്ട രാഷ്ട്രീയനേതാക്കളുടേയും കൊള്ളക്കാരുടേയും തെമ്മാടികളുടേയുമൊക്കെ കയ്യിലാകും.”
വിന്സ്റ്റന് ചര്‍ച്ചിലിന്റെ ഈ പരിഹാസം നമുക്ക് ഒരുവിധം പുച്ഛിച്ചു തള്ളാമായിരുന്നു അടിയന്തരാവസ്ഥ എന്ന കറുത്ത ഏട് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഇല്ലായിരുന്നെങ്കില്‍. അടിയന്തരാവസ്ഥ ചര്‍ച്ചയാകുമ്പോഴൊക്കെ ആ കിരാതനാളുകള്‍ മാത്രം ആവര്‍ത്തിച്ചു പറയുന്നത് വെറും രാഷ്ട്രീയ നേട്ടത്തിനാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അന്നത്തെ പോരാളികളെ സ്മരിക്കാനോ പഠിക്കാനോ ആദരിക്കാനോ തെല്ലും ആവേശമില്ലാതെ, ഭരണകൂട ഭീകരത മാത്രം പറയുന്നതിന് വേറെന്ത് അര്‍ത്ഥമാണുള്ളത്? വൈക്കം ഗോപകുമാറും സ്നേഹതലതാ റെഡ്ഡിയുമൊക്കെ അനുഭവിച്ചത് ഇന്നത്തെ തലമുറകളോടു പറയാന്‍, മനസ്സില്‍ അവരോട് കടപ്പാടുണര്ത്താന് അപൂര്‍വ്വം ചിലര്‍ സോഷ്യല്‍ മീഡിയയിലെങ്കിലും ഉണ്ടെന്നതും വിസ്മരിക്കുന്നില്ല. പക്ഷേ രാജ്യം ഇന്നനുഭവിക്കുന്ന ഈ രാഷ്ട്രീയ സ്വാതന്ത്ര്യം നേടിത്തന്നവര്‍, അതിലപ്പുറം അര്‍ഹിക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം പലപ്പോഴും സമൂഹമെന്ന നിലയില്‍ നാം വിസ്മരിക്കുന്നു.
രണ്ടാം സ്വാതന്ത്ര്യസമരം എന്നുതന്നെ അടിയന്തരാവസ്ഥാ വിരുദ്ധ പോരാട്ടങ്ങളെ വിശേഷിപ്പിക്കണം. അന്ന് സംഘടിതമായ പ്രതിരോധങ്ങള്‍ ഇല്ലായിരുന്നെങ്കില്‍, ഏകാധിപതികള്‍ ദ്രവിപ്പിച്ച ചില ആഫ്രിക്കന്‍-ലാറ്റിനമേരിക്കന്‍ രാജ്യങ്ങളേക്കാള്‍ ദയനീയമായേനെ കോളനി ഭരണത്തില്‍ നിന്നും കുടുംബഭരണത്തിലേക്ക് വഴുതിയ ഭാരതത്തിന്റെയും അവസ്ഥ.
ആ ഒരു ദേശീയബോധം തന്നെയാണ് ചിങ്ങോലി അയ്യപ്പന് ചേട്ടന്റെ അടുത്ത് എത്തിച്ചത്. പ്രായം എഴുപതുകളിലെത്തി നില്ക്കുന്ന ആദ്യകാലസംഘപ്രവര്ത്തകന്. അടിയന്തരാവസ്ഥക്കാലത്ത് വൈക്കം ഗോപകുമാറിന്റെ സഹതടവുകാരനായിരുന്നു. അയ്യപ്പനോട് സംവദിക്കാന്‍ ലഭിച്ച ഭാഗ്യാവസരത്തില്‍ നിന്ന് ചിലത് പങ്കുവയ്ക്കുന്നു.
അടിയന്തരാവസ്ഥയിലെ നാളുകളാണ് ആദ്യം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്. ഒപ്പം വൈക്കം ഗോപകുമാര്ജിയോടൊപ്പമുള്ള ജയില്വാസത്തെപ്പറ്റിയുള്ള ഓര്‍മ്മകളും പങ്കുവെയ്ക്കാമോ?
ഗോപകുമാര്‍ജി ഇവിടെ ജില്ലാ (ആലപ്പുഴ) ആര്‍എസ്എസ് പ്രചാരകനായിരുന്നു, രാജ്യത്ത് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍. സംഘനിര്‍ദ്ദേശാനുസരണം പ്രചാരകന്മാര് അടിയന്തരാവസ്ഥ വിരുദ്ധപ്രചാരണങ്ങള്‍ക്ക് വ്യാപകമായി, എന്നാല്‍ രഹസ്യമായും ഓടിനടന്നിരുന്നു. പോലീസ് അദ്ദേഹത്തിന്റെ പിന്നാലെയും സദാ ഉണ്ടായിരുന്നു. ഇവിടെ, ചിങ്ങോലിയില്‍ വന്നുപോയ ഉടനേയും പോലീസ് തിരക്കി വന്നിരുന്നെങ്കിലും പിടിക്കപ്പെട്ടില്ല. ഞാന്‍ മിസ പ്രകാരം രണ്ടാം തവണ അറസ്റ്റിലായി പൂജപ്പുര ജയിലില്‍ കിടക്കുമ്പോഴാണ് അദ്ദേഹത്തിനെ അവിടെ കൊണ്ടുവരുന്നത്. ഇവിടുത്തെ സ്റ്റേഷനില്‍ നിന്നും ക്യാമ്പുകളില്‍ നിന്നുമൊക്കെ ക്രൂരമായ മര്‍ദ്ദനങ്ങളേറ്റ്, തിരുവനന്തപുരത്ത് ജയിലില്‍ വേറൊരു സെല്ലില്‍ പത്തുദിവസത്തോളം ആരെയും കാണിക്കാനാവാത്ത മൃതപ്രായാവസ്ഥയില്‍ ഇട്ടശേഷമാണ് ഞാന്‍ കിടന്ന സെല്ലിലേക്ക് കൊണ്ടുവരുന്നത്. അര്‍ദ്ധ ജീവനോടെ വലിച്ചിഴച്ചു കൊണ്ടുവന്ന ആ ശരീരത്തിലെ ഓരോ മാംസപേശിയും പശുവിന്റെ താടപോലെയായിരുന്നു തൂങ്ങിക്കിടന്ന് ആടിയിരുന്നത്. തലയില്‍ തൂക്കാനായി ജയിലില്‍ നിന്നും തരുന്ന എണ്ണയും മറ്റു തടവുകാരുടെ കുഴമ്പും എല്ലാം ശേഖരിച്ച് ദിവസങ്ങളോളം ഞാനദ്ദേഹത്തിനെ തിരുമ്മി. അങ്ങനെ കുറെദിവസങ്ങള്‍ കഴിഞ്ഞാണ് എഴുന്നേല്‍ക്കാനായത്. ആ ക്രൂരതയൊന്നും ഇന്ന് ചിന്തിക്കാനാവില്ല. അദ്ദേഹത്തിനെപ്പറ്റി പലതും മാധ്യമങ്ങളില്‍ വന്നത് വായിച്ചിരിക്കുമല്ലോ? അന്ന് അദ്ദേഹത്തിന്റെ ജീവന് പോകാഞ്ഞതാണ് ഇന്നും ഉള്‍ക്കിടിലത്തോടെ ഓര്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് അത്ഭുതം.
1976 ജൂണ്‍ ഇരുപത്തിയാറാം തീയതിയാണ് എന്നെ രണ്ടാമത് അറസ്റ്റു ചെയ്തത്. ആ സമയത്ത് ഇന്ദിരാ ഗാന്ധി ഇടുക്കിയില്‍ വരുന്നുണ്ടായിരുന്നു. ആ സന്ദര്‍ശനത്തിനു മുന്നോടിയായിരുന്നു മിസ പ്രകാരമുള്ള അറസ്റ്റ്.
ഞാന്‍ ആദ്യമായി അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിനു പോകുന്നത് 1976 ജനുവരിയിലാണ്. കായംകുളത്തേക്കായിരുന്നു. ഞങ്ങള്‍ ആറുപേരായിരുന്നു ആ ബാച്ചില്‍. സംഘനിര്‍ദ്ദേശാനുസരണം അവസാന ബാച്ച് പോയത് ജനുവരി പതിനാലിനായിരുന്നു. എന്റെ ബാച്ച് ലീഡര്‍ പ്രചാരകായിരുന്ന ആര്. ഗോപാലന് ആയിരുന്നു. അതിലൊരാളൊഴികെ എല്ലാവരും ഇന്ന് ജീവനോടെയുണ്ട്. പത്തൊമ്പതുകാരന് മുതല്‍ മുപ്പത്തിയഞ്ചുകാരന് വരെ ആ ആറിലുണ്ടായിരുന്നു. അറസ്റ്റു ചെയ്ത് കായംകുളം സ്റ്റേഷനിലേക്കാണ് ആദ്യം കൊണ്ടുപോയത്. എനിക്കന്ന് ഇരുപത്തിമൂന്നാണ് പ്രായം. ആ ദിവസങ്ങളില്‍ ഒരു മനുഷ്യശരീരത്തിന് താങ്ങാവുന്നതിലും അധികം പീഡനം ഞങ്ങള്‍ ഏറ്റു. അന്ന് അവിടെയുണ്ടായിരുന്ന പൊലീസുകാര്‍ ചെയ്യാവുന്നതിന്റെ പരമാവധി ഞങ്ങളോട് ചെയ്തു. അതൊന്നും വിശദീകരിക്കാന്‍ പറ്റുന്നതല്ല. ഒരു പത്തൊമ്പതുകാരന്റെ ശരീരം ഒന്നോര്‍ക്കൂ, അതിനു താങ്ങാനാവുമോ മൃഗീയമായ പീഡനങ്ങള്‍. അയാള്‍ ഇന്നും അതിന്റെ പ്രയാസങ്ങളിലാണ് ജീവിക്കുന്നത്. (ഏതാനും നിമിഷങ്ങള്‍ നിശബ്ദനാകുകയാണ്)
പോലീസുകാര്‍ ഇനിയൊന്നും ബാക്കി ചെയ്യാനില്ലെന്ന അവസ്ഥയില്‍ കോടതിയില്‍ ഹാജരാക്കി. റിമാന്റ് ചെയ്ത് ആറ് മാസങ്ങള്‍ക്കു ശേഷം വിട്ടു. പിന്നീടാണ് ഞങ്ങളില്‍ ഒന്നു രണ്ടുപേരെ ദിവസങ്ങള്‍ക്കകം രണ്ടാംവട്ടവും പിടിക്കുന്നത്. ഗോപകുമാര്ജിയെ സഹായിക്കേണ്ട മിക്ക പ്രവര്‍ത്തകരും അങ്ങനെ അകത്തായി. പിന്നെ അദ്ദേഹത്തിന് ഒറ്റയ്ക്കു വിശ്രമമില്ലാതെ അലയേണ്ടി വന്നു. പോലീസുകാര്‍ക്ക് പലപ്പോഴും അദ്ദേഹത്തിനെ തിരിച്ചറിയാനാവാതെ പോയതാണ് പിടിക്കപ്പെടാന്‍ താമസിച്ചതും. അങ്ങനെയാണ് അവര്‍ക്ക് ഒറ്റുകാരെ ആശ്രയിക്കേണ്ടി വന്നതും.
ഒറ്റുകാരും സജീവമായിരുന്നു. ഒരിക്കല്‍ ഒളിവിലെ നാളുകളില്‍ ഉറങ്ങവെ എന്റെ കൂടെകിടന്നിരുന്ന ആളിനെ കാണുന്നില്ല. എന്തോ പന്തികേട് തോന്നി ആ സ്ഥലത്തുനിന്നും മാറി വേറൊരിടത്ത് പതിയിരുന്നു വീക്ഷിച്ചു. ഏകദേശം ഒരു മണിക്കൂറിനുശേഷം പോലീസുകാര്‍ ആ വീട് വളഞ്ഞു പരിശോധിച്ച് വെറുംകയ്യോടെ പോയി.
ജയില്പീഡനത്തിലെ ഭീകരത എങ്ങനെ വിശദീകരിക്കാനാവും! ഗരുഡന് തൂക്കിയിട്ടു, പച്ചീര്‍ക്കലി കയറ്റി എന്നൊക്കെ രണ്ടുവാക്കില്‍ പറഞ്ഞാല്‍ ഒരു ജന്മം മുഴുവന്‍ അതിന്റെ ദോഷം പിന്തുടരുന്നത് കേള്‍ക്കുന്നയാള്‍ക്ക് ഉള്‍ക്കൊള്ളാനാവുമോ? ഇല്ല, അത് അനുഭവിച്ചവര്‍ക്ക് മാത്രമറിയുന്ന ദുരിതമാണ്. ഒറ്റയടിക്കു 32 പല്ലും പോയവരുണ്ട്. ഇന്നും സ്വയം രണ്ടുകാലില്‍ നില്‍ക്കാനാവാത്തവരും കഠിനമായ ആരോഗ്യപ്രശ്നങ്ങളും വേദനയും അനുഭവിക്കുന്നവരുമുണ്ട്. അവരില്‍ ചിലരെ ആലുവായില്‍ നടന്ന അടിയന്തരാവസ്ഥ സേനാനികളുടെ ഒത്തുചേരലില്‍ കണ്ടിരുന്നു. വാക്കുകളില്‍ പറയാനോ പകര്‍ത്താനോ പറ്റുന്നതല്ല ആ വേദനകളൊന്നും തന്നെ.
# ജയിലില്‍ രാജേട്ടന്, എകെജി, ഇഎംഎസ് എന്നിവരെ കാണാനാകുമായിരുന്നോ?
അവരെല്ലാം എ ക്ലാസിലായിരുന്നു. ഞങ്ങളുടേത് ഇയും. ഇടയ്ക്കു വാര്‍ഡുകള്‍ തമ്മില്‍ തിരിക്കുന്ന വാതിലില്‍ കൂടി അവരെ ചിലരെ കാണാമായിരുന്നു, എന്നല്ലാതെ സംവദിക്കാനുള്ള അവസരം തരില്ല.
# അന്നു മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ പിന്നീട് കണ്ടിട്ടുണ്ടോ?
കായകുളം സ്റ്റേഷനിലിട്ട് ക്രൂരമായി ഉപദ്രവിച്ച ഒരാള്‍ ഒരിക്കല്‍ മുന്നില്‍ വന്നതും പെട്ടെന്ന് മാറിമറഞ്ഞതും ഓര്‍മ്മയുണ്ട്. അതല്ലാതെ വേറെ ഉണ്ടായിട്ടില്ല. മാത്രമല്ല അടിയന്തരാവസ്ഥ പിന്‍വലിച്ചയുടനെ ദേവറസ്ജി പറഞ്ഞിരുന്നല്ലോ, സ്വയംസേവകര്‍ക്കു മറക്കാനും പൊറുക്കാനും സാധിക്കണം, വൈരാഗ്യം വെച്ചുകൊണ്ട് പോകേണ്ട കാര്യമില്ലെന്നും.
സംഘടനയ്ക്കുവേണ്ടി ഒരുകാലത്ത് ജീവിതം മാറ്റിവെച്ചവര്‍ പലരും അടിയന്തരാവസ്ഥ കാലഘട്ടത്തിലെ ക്രൂരതയ്ക്ക് ഇരയായവര്‍. ഇവര്‍ക്കൊക്കെ അര്‍ഹിക്കുന്ന പരിഗണ ലഭിച്ചിട്ടില്ലെന്ന് മുതിര്‍ന്ന സ്വയംസേവകര്‍ സ്വകാര്യസംഭാഷണങ്ങളില്‍ പറയാറുണ്ട്. വാസ്തവത്തില്‍ സ്വകാര്യമായി വെയ്ക്കേണ്ടതാണോ ആ സംഗതികള്‍.
# എങ്ങനെയായിരുന്നു ഈ പ്രദേശത്തെ സംഘപ്രവര്‍ത്തനവും അതിലേക്ക് എത്തപ്പെട്ടതും?
ഇവിടെ ചിങ്ങോലിയില്‍ അറുപത്തിയഞ്ചിലാണ് ആലപ്പുഴ ജില്ലാപ്രചാരക് സേതുമാധവന് എന്ന സേതുവേട്ടന് ശാഖ തുടങ്ങിയത്. ആലപ്പുഴയില്‍ ജോലിയുണ്ടായിരുന്ന എന്റെ ജ്യേഷ്ഠന് അന്ന് സേതുവേട്ടനുമായി നല്ല ബന്ധത്തിലായി. ആ വഴിയാണ് സംഘം ഇവിടെയെത്തിയത്. ചേട്ടന് കടുത്ത മാര്‍ക്സിസ്റ്റു ചിന്താഗതിക്കാരനായിരുന്ന ബീഡിത്തൊഴിലാളി ആയിരുന്നു. മുല്ലയ്ക്കലായിരുന്നു ജോലിസ്ഥാപനം, കാര്യാലയവും അവിടെതന്നെ. സേതുവേട്ടനൊക്കെ ചടഞ്ഞിരുന്നു പ്രവര്ത്തിക്കുന്നവരല്ലല്ലോ. അവര്‍ ഇറങ്ങി നടന്ന് സാമര്‍ത്ഥ്യമുള്ളവരെ ഇതുപോലെ കണ്ടെത്തി. ഒരുവാക്കും രാഷ്ട്രീയം പറയാതെ മിടുക്കരായവരെ കൂടെയാക്കുക എന്നതൊരു കലയാണ്, സാധനയാണ്. അന്നത്തെ പ്രചാരകന്മാരുടെ ആര്‍ജ്ജവം അത്രയ്ക്കായിരുന്നു.
സംഘത്തിനെതിരായോ അനുകൂലിച്ചോ മാധ്യമ രാഷ്ട്രീയ കുപ്രചാരണങ്ങള്‍ ഇന്നത്തെ കാലത്തെ പോലേ അന്നില്ലായിരുന്നു. പിന്നീടുള്ള ഓരോ ബൈഠക്കുകളിലും പുതിയ ഇടങ്ങളില്‍ ശാഖതുടങ്ങിയതോ, സമ്പര്‍ക്കങ്ങള്‍ ഊര്ജ്ജിതപ്പെടുത്തിയതോ ഒക്കെ പറയേണ്ടതായി ഉണ്ടാവും. രാപ്പകല്‍ അതിനായി യത്നിക്കുമായിരുന്നു. ഇവിടുന്ന് കരുവാറ്റയ്ക്ക് എട്ടുകിലോമീറ്ററുണ്ട്. സൈക്കിളെടുത്ത് പോവാനുള്ള സാമ്പത്തികമില്ല. വൈകുന്നേരം മൂന്നുമണിയോടെ നടന്നു പോയി ശാഖയെടുക്കും. എന്നിട്ട് എട്ടുമണിവരെ പലവീടുകളിലും കയറിയിറങ്ങി പുതിയ സ്വയംസേവകരെ കൂട്ടാനുള്ള സമ്പര്‍ക്കം നടത്തി തിരികെ നടക്കും. ഈ പോകുന്നവഴികളിലെല്ലാം കാലാന്തരേ പുതിയ മണ്ഡലങ്ങളും അവയില്‍ ശാഖകളും തുടങ്ങാനുള്ള പദ്ധതികളിടും. അങ്ങനെ ഏകദേശം എണ്‍പതുകളില്‍ വരെ എന്റെ സമയമായിരുന്നു. അന്ന് ഗള്‍ഫിലേക്കുള്ള പ്രവാസകാലമായിരുന്നു. പലരും പോയെങ്കിലും അടുത്തകൊല്ലമാകട്ടെ എന്ന ഗണപതികല്യാണമായിപ്പോയി എന്റെ പോക്ക്. ഒന്നോ രണ്ടോയിടങ്ങളില്‍ ഒഴികെ താലൂക്കില്‍ എമ്പാടും ശാഖകളായി. എല്ലാ സ്ഥലങ്ങളിലും ഇതുപോലുള്ളവര്‍ ഉണ്ടാകും. അവരെപ്പറ്റിയും അന്നത്തെ പ്രവര്‍ത്തനങ്ങളെപറ്റിയും ഇന്നത്തെ തലമുറയ്ക്കൊന്നും അറിയാന്‍ സാധ്യതയില്ല. എല്ലാവരും അങ്ങനെയാവണമെന്നല്ല. അടിയന്തരാവസ്ഥ പ്രവര്‍ത്തകര്‍ക്കായുള്ള ആലുവായിലെ ബൈഠക്കില്‍ കെ. സുരേന്ദ്രന് വളരെ കാര്യബോധത്തോടേയും വൈകാരികമായും ഈ വിഷയങ്ങള്‍ പരാമര്‍ശിച്ചത് എടുത്തുപറയേണ്ടതുമുണ്ട്. എല്ലാസംഘടനകളുടേയും ആവേശം അവരെ അവരാക്കിയ അടിത്തറയോടുള്ള, ഐതിഹാസിക സമരസേനാനികളോടുള്ള വിശ്വാസവും ആദരവുമാണ്. അതാണ് പുതിയപ്രവര്‍ത്തകര്‍ക്ക് ഉത്തേജനവും പാഠവും.
ശേഷം ചെറിയൊരു കടയും കുടുംബജീവിതവുമായി തുടര്‍ന്ന് തൊണ്ണൂറ്റിയാറില്‍ വരെ സജീവമായി തന്നെ ഉണ്ടായിരുന്നു. വ്യക്തിപരമായതും ആരോഗ്യപരമായതുമായ കാരണങ്ങളാല്‍ പുതിയ തലമുറയ്ക്കു വേണ്ടി ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍വാങ്ങി. എങ്കിലും ഉത്സവകാര്യപരിപാടികള് എല്ലാം അറിഞ്ഞും കൂടിയുമേ തീരുവെന്ന വാശിയുണ്ട്. പ്രായവും രോഗവും കാരണം ബുദ്ധിമുട്ടിക്കാതിരിക്കാന്‍ പലതും എന്നെ അറിയിക്കില്ല എന്നതുപോലും സഹിക്കാന്‍ പറ്റുന്നതല്ല. ഒരുകാലത്ത് ഇതുമാത്രമായിരുന്നല്ലോ ഞങ്ങളുടെയൊക്കെ ജീവിതം.
അടിയന്തരാവസ്ഥക്കാലത്ത് രഹസ്യമായി മുന്‍കൂട്ടി തീരുമാനിച്ച സ്ഥലത്തുകൂടി കാര്യവിചാരങ്ങള്‍ പങ്കിട്ട് പ്രാര്‍ത്ഥന ചൊല്ലിപ്പിരിയുമായിരുന്നു. അടിയന്തരാവസ്ഥ പിന്‍വലിച്ച ശേഷം, അക്കാലത്തെ സംഘത്തിന്റെ പ്രതിരോധത്തില്‍ ആകൃഷ്ടരായി ചിന്തിക്കുന്ന വലിയൊരു കൂട്ടം യുവാക്കളുടെ പ്രവാഹം തന്നെ സംഘടനയിലേക്ക് ഉണ്ടായിരുന്നു. ആ വരവ് പലപ്പോഴും ഗുണമോ ദോഷമോ എന്നതിനെപ്പറ്റി ചിന്തിക്കാറുണ്ട്.
# എങ്ങനെയായിരുന്നു അടിയന്തരാവസ്ഥക്കാലത്തെ ആശയവിനിമയങ്ങള്‍. പോലീസ് ക്രൂരതകളെപ്പറ്റിയുള്ള വാര്‍ത്തകള്‍ അറിയുമ്പോള്‍ പിന്മാറാന് തോന്നുമായിരുന്നില്ലേ. എന്തായിരുന്നു അന്നത്തെ ലേഖനങ്ങളുടെ ഉള്ളടക്കം. അന്നത്തെ കുടുംബ പശ്ചാത്തലം എല്ലാം പറയുമോ?
ലഘുലേഖകള്‍ (കുരുക്ഷേത്ര മാത്രമായിരുന്നില്ല) എല്ലാവരിലും എത്തിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു. വേറെ പ്രസിദ്ധീകരണങ്ങളും ഉണ്ടായിരുന്നു. അടിയന്തരാവസ്ഥകാലത്ത് ലഘുലേഖകള്‍ രഹസ്യമായി ഞാന്‍ കൊടുത്തിട്ട് ഭയന്നു മേടിക്കാതെ പോയ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളൊക്കെയുണ്ട്. മുന്‍കൂട്ടി തീരുമാനിച്ച അടയാളങ്ങള്‍ പ്രകാരം പലയിടത്തും ആള്ക്കാര് കണ്ടുമുട്ടി ലേഖകള്‍ കൈമാറും. വാങ്ങേണ്ട അതേ വലിപ്പത്തിലുള്ള കാലിപ്പൊതിയും മറ്റെ ആളിന്റെ കയ്യില്‍ കാണും തിരികെ തരാന്‍. പോലീസിന്റെ അതീവ ശ്രദ്ധ പൊതിയിലുണ്ടായേക്കാം എന്നതിനാലാണിത്. പോലീസിനെ പേടിച്ചിരുന്നോ എന്നു ചോദിച്ചാല്‍, ഒരു ലേഖനം കയ്യില്‍ കിട്ടിയാല്‍ ആദ്യമെത്തിക്കുന്നത് പോലീസിനു തന്നെയായിരുന്നു. ഇരുട്ടില്‍ മൂന്നായി പിരിഞ്ഞ് മൂന്നിടത്തു നിന്നും കരിങ്കല്‍ ചീള് പൊതിഞ്ഞ് ഒരേസമയം എറിയും. ഒരെണ്ണമെങ്കിലും നഷ്ടപ്പെടാതെ കിട്ടാനായിരുന്നു മൂന്നെണ്ണം എറിഞ്ഞിരുന്നത്. നൊടിയിടയില്‍ പിടികൊടുക്കാതെ മറയുകയും ചെയ്യും.
അധികാരത്തിന്റെ അഹങ്കാരത്തില്‍ കാട്ടുന്ന നെറികേടുകളും പോലീസ് മര്‍ദ്ദനങ്ങളും പ്രതിരോധങ്ങളുമെല്ലാം ലേഖനങ്ങള്‍ക്ക് വിഷയമായിരുന്നു. ഒരുമാതിരി ബോധമുള്ള ഒരുവന് വായിച്ചാല്‍ അവന്റെ ചോരതിളയ്ക്കുന്ന എഴുത്തായിരുന്നു അവകളില്‍. ഇവിടങ്ങളില്‍ വിതരണത്തിനുള്ളവ, ചെങ്ങന്നൂരിലെവിടെയോ ആണ് കല്ലച്ചില്‍ അടിക്കുന്നതെന്ന് കേട്ടിട്ടുണ്ടെങ്കിലും, അതറിയുന്നത് നമ്മെക്കാള്‍ ദോഷം മറ്റുപലര്ക്കുമായതിനാല് ഒന്നിനേപ്പറ്റിയും ചോദിക്കുകയോ അന്വേഷിക്കുകയോ ഇല്ലായിരുന്നു. ചില മുതിര്‍ന്ന കമ്യൂണിസ്റ്റു നേതാക്കള്‍ ഭയന്നെങ്കിലും ലേഖനങ്ങള്‍ വാങ്ങുമായിരുന്നു. ഞാന്‍ കൊടുത്തിട്ട് ഭയന്ന് മേടിക്കാത്തവരുമുണ്ട്. ഇന്നവരൊക്കെ വീരവാദമടിക്കുന്നത് കേള്‍ക്കുമ്പോള്‍ ചിരിവരും. കമ്യൂണിസ്റ്റുകളുടെ രാഷ്ട്രീയപരമായ ഗുണ്ടാവിളയാട്ടങ്ങളില്‍ പൊറുതിമുട്ടിയ ജനം അടിയന്തരാവസ്ഥയെ ഇവിടെ പിന്നീട് അനുകൂലിക്കുകയാണ് ചെയ്തത്. കാരണം അക്കാലത്ത് അവരുടെ ശല്യം കുറവായതിനാല്‍.
വീട്ടില്‍ അക്കാലത്ത് പട്ടിണിയോട് പട്ടിണിയായിരുന്നു. എങ്കിലും എതിര്‍പ്പുണ്ടായിരുന്നില്ല. എന്റെ അച്ഛന് നല്ല ധൈര്യശാലിയായിരുന്നതിനാല്‍ തടഞ്ഞിട്ടില്ല. പലതവണ പോലീസുകാര്‍ വന്നിരുന്നെങ്കിലും അച്ഛന് പതറാതെ പിടിച്ചുനിന്നിരുന്നു. അന്നിവിടമായിരുന്ന കാര്‍ത്തികപ്പള്ളി താലൂക്കിന്റെ ചുമതലയായിരുന്നു എനിക്ക്. ഞാന്‍ പിടിക്കപ്പെട്ട ശേഷം അച്ഛന് ആരോഗ്യം ക്ഷയിച്ച് മരണപ്പെടും എന്നൊരു അവസ്ഥ വന്നിരുന്നു. രോഗം വല്ലാതെ മൂര്‍ച്ഛിച്ചപ്പോള്‍ പോലീസ് ബന്തവസ്സോടെ ഒരുദിവസം കൊണ്ടുവന്ന് കാണിച്ചു. ഒരു പുത്രനെന്ന നിലയില്‍ ഞാന്‍ ചെയ്യുന്നത് ശരിയാണോ എന്ന് ഉള്ളിനെ മദിച്ചിരുന്നു.
പഴയകാല പ്രവര്‍ത്തനവും ഇന്നത്തെ പ്രവര്‍ത്തനവും തമ്മില്‍ എങ്ങനെ താരതമ്യം ചെയ്യാനാകും. എവിടൊക്കെയാണ് കാലോചിതമായ മാറ്റങ്ങള്‍ വേണമെന്ന് തോന്നുന്നത്?
ഇ.എം.എസ് നമ്പൂതിരിപ്പാട് അണികളോട് പറഞ്ഞതായി പ്രചരിച്ചിരുന്നു, നിങ്ങള്‍ ആര്‍എസ്എസുകാരോട് സംസാരിക്കാനേ പോവരുതെന്ന്. അത്രയ്ക്ക് ലോകവിവരവും സാഹിത്യതത്പരരുമായിരുന്നു സ്വയംസേവകര്‍. എന്റെ ജ്യേഷ്ഠന്റെ മനസ്സ് പ്രചാരകര്‍ മാറ്റിയത് മുന്‍പ് പറഞ്ഞല്ലോ? അതോടൊപ്പം ബുദ്ധിജീവി ജാടയില്ലാത്ത സാമാന്യര്‍ എന്ന പൊതുസ്വീകാര്യതയും ഉണ്ടായിരുന്നു. ഒരാള്‍ രാഷ്ട്രീയപരമായ വാഗ്വാദത്തിനുവന്നാല് അവനെ സംഘപ്രവര്ത്തകനാക്കി മാറ്റാനുള്ള വ്യക്തിത്വവും ധിഷണയും അന്നത്തെ ചുമതലയിലുള്ളവര്‍ക്ക് ഉണ്ടായിരുന്നു. കണ്ണൂരില്‍ നിന്നോ കാസര്‍ഗോഡു നിന്നോ ഒരു ബാഗുമായി ഒരുവന് ഈ നാട്ടിലെത്തി, നമ്മളുടെ വീട്ടില്‍ കയറി ഞാനൊരു പ്രചാരകനാണ് എന്നു പറഞ്ഞാല്‍, ഏതു പാതിരാത്രിയിലും അയാള്‍ക്ക് ഭക്ഷണവും കിടക്കയും ഉറപ്പായിരുന്നു. അത് ആര്‍എസ്എസ്സുകാരന്റെ വീടുപോലും ആകണമെന്നില്ല. അതായിരുന്നു അന്ന് ‘ആര്എസ്എസുകാരന്’ എന്നു പറഞ്ഞാല്‍. പാതിരാത്രി അച്ഛന് കപ്പപറിച്ച് സേതുവേട്ടനൊക്കെ പുഴുങ്ങി നല്‍കുന്നത് അദ്ദേഹത്തിനെ പോലുള്ളവരുടെ വ്യക്തിപ്രഭാവത്താലായിരുന്നു. അത്ര ആകര്‍ഷകമായതാണ് അവരെപ്പോലെയുള്ളവരുടെ മനോഭാവവും ഇടപെടലുകളും. അവര്‍ വന്നു തങ്ങിപ്പോയാല്‍ അതൊരു സംഘവീടായി മാറിയിരിക്കും. രാപ്പകല്‍ കിലോമീറ്ററുകള്‍ നടന്നു ക്ഷീണിച്ചു വലഞ്ഞുവന്നിട്ടാണ് ഈ ആകര്‍ഷകമായ ഇടപെടലുകളെന്നും ഓര്‍ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: