തിരുവനന്തപുരം : ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ഔദ്യോഗിക വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെ സഹോദരന്റെ പേട്ടയിലെ ഫ്‌ളാറ്റിലും തെരച്ചില്‍ നടത്തി കസ്റ്റംസ്. ശ്രീരാമകൃഷ്ണന്റെ വിദേശത്തുള്ള സഹോദരന്റെ ഫ്‌ളാറ്റില്‍ വെച്ചാണ് ഡോളര്‍ കൈമാറിയതെന്ന് സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഫ്‌ളാറ്റിലും തെരച്ചില്‍ നടത്തിയിരിക്കുന്നത്.
രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ഔദ്യോഗിക വസതിയില്‍ നേരിട്ടെത്തിയാണ് ചോദ്യം ചെയ്തത്. കസ്റ്റംസ് സൂപ്രണ്ടന്റ് സലിലിന്റെ നേതൃത്വത്തില്‍ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
ഇതിനു മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും വോട്ടെടുപ്പിന് ശേഷം എത്താമെന്ന് മറുപടി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും നോട്ടീസ് നല്‍കിയത്. എന്നാല്‍ സുഖമില്ലെന്ന കാരണം കാണിച്ച് ചോദ്യം ചെയ്യലില്‍ നിന്നും വീണ്ടും ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ വസതിയില്‍ നേരിട്ടെത്തി.
അതേസമയം തന്റെ സൗകര്യം ചോദിച്ചറിഞ്ഞ് എത്തിയതാണ്. തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള എല്ലാ വിവാദങ്ങള്‍ക്കും വിശദീകരണം നല്‍കാന്‍ തയ്യാറാണെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. നിയമസഭയുടെ ഭരണഘടനാ പദവിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സ്പീക്കറുടെ സൗകര്യം കസ്റ്റംസ് ചോദിച്ചറിയുകയായിരുന്നെന്നുമാണ് ശ്രീരാമകൃഷ്ണന്റെ ഓഫീസ് ഇതിന് മറുപടി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: