ന്യൂദല്‍ഹി: സമരത്തിന്റെ പേരില്‍ റോഡുകള്‍ തടയരുതെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. കര്‍ഷകസമരം മൂലം ദല്‍ഹി-നോയ്ഡ റോഡിലെ ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തില്‍ നോയ്ഡ സ്വദേശി നല്കിയ പൊതുതാല്പര്യഹര്ജിയിലായിരുന്നു കോടതിയുടെ ഈ വിധി.സഞ്ജയ് കിഷന് കൗള്‍ നയിക്കുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
കര്‍ഷകപ്രക്ഷോഭം മൂലം നോയ്ഡ-ദല്‍ഹി റൂട്ടില്‍ സാധാരണയാത്രക്കാര്‍ക്ക് ഒട്ടേറെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നതായി മോണിക്ക അഗര്‍വാള്‍ പറഞ്ഞു. സാധാരണ 20 മിനിറ്റ് മാത്രം എടുക്കുന്ന ദല്‍ഹി-നോയ്ഡ യാത്ര ഇപ്പോള്‍ രണ്ട് മണിക്കൂര്‍ വേണ്ടിവരുന്നു എന്നതായിരുന്നു മോണിക്ക അഗര്‍വാളിന്റെ പരാതി. മോണിക്ക അഗര്‍വാളിന്റെ പരാതിയില്‍ ദല്‍ഹി പൊലീസ് കമ്മീഷണര്‍ക്കും കേന്ദ്രത്തിനും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ കഴിഞ്ഞ മൂന്ന് മാസമായി മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്തുവരികയാണ്. ഈ അതിര്‍ത്തിയില്‍ പല റോഡുകളും അടഞ്ഞു. യാത്രക്കാര്‍ മണിക്കൂറുകളോളം നീണ്ട ഗതാഗത തടസ്സം അനുഭവിക്കുന്നു. ദല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഈ കേസില്‍ ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളെ കൂടി കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നോട്ടീസുകള്‍ നല്‍കിയിട്ടുണ്ട്.
“എങ്ങിനെയാണ് നിങ്ങള്‍ ഇത് പരിഹരിക്കാന്‍ പോകുന്നത് എന്നതിനെക്കുറിച്ച് ആശങ്കയുണ്ട്. നിയമപരമായോ, രാഷ്ട്രീയമായോ അതോ ഭരണനിര്‍വ്വഹണപരമായോ- എങ്ങിനെയാണ് നിങ്ങള്‍ ഈ പ്രശ്നം പരിഹരിക്കാന്‍ പോകുന്നത്? എന്തായാലും യാതൊരു കാരണവശാലും റോഡ് തടസ്സപ്പെടാന്‍ പാടില്ല,” ജഡ്ജി സഞ്ജയ് കിഷന് കൗള്‍ പറഞ്ഞു.
കേസില്‍ വീണ്ടും ഏപ്രില്‍ 19ന് വാദം കേള്‍ക്കും. ഷഹീന്‍ബാഗ് സമരത്തിന്റെ ഭാഗമായും മാസങ്ങളോളം റോഡ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: