ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചത് 1.32 ലക്ഷം പേര്‍ക്ക്. കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷമുള്ള രാജ്യത്തെ ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനവാണ് ഇന്നലെ സംഭവിച്ചത്. കൊവിഡ് കേസുകള്‍ അനിയന്ത്രിതമായി ഉയര്‍ന്നതോടെ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചു. കൊവിഡ് പരിശോധനകള്‍ സംസ്ഥാന സര്‍ക്കാരുകളും വര്‍ദ്ധിപ്പിച്ചു.
കഴിഞ്ഞ അഞ്ചു ദിവസം കൊണ്ട് ആറുലക്ഷത്തിലേറെ പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. മഹാരാഷ്ട്രിലും ഛത്തീസ്ഗഡിലും ആശങ്കാജനകമായ സ്ഥിതിവിശേഷമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍. സര്‍ക്കാരിന്റെ പിടിപ്പുകേടിനെ തുടര്‍ന്ന് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിയതോടെയാണ് മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷമായത്. എന്നാല്‍ വാക്സിന് ലഭ്യതക്കുറവാണ് കൊവിഡ് വ്യാപനത്തിന് കാരണമെന്ന വിചിത്ര ന്യായവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്തെത്തിയെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രിയും പ്രധാനമന്ത്രിയും നേരിട്ട് മറുപടി നല്‍കിയതോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നടപടികള്‍ തുടങ്ങി. ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാവില്ലെങ്കിലും മേഖലകള്‍ തിരിച്ചുള്ള നിയന്ത്രണങ്ങള്‍ മുംബൈയില്‍ അടക്കം കൊണ്ടുവന്നേക്കും. ദല്‍ഹിക്കും മുംബൈക്കും പുറമേ യുപിയിലെ ചില ജില്ലകളിലും രാത്രി കര്‍ഫ്യൂ നടപ്പാക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ യുപി, ബീഹാര്‍ സംസ്ഥാനങ്ങളിലേക്ക് കുടിയേറ്റ തൊഴിലാളികള്‍ വീണ്ടും മടങ്ങിവന്നു തുടങ്ങിയിട്ടുണ്ട്. ഇത്തവണ ഇവര്‍ക്ക് മതിയായ ക്രമീകരണങ്ങളാണ് ആദ്യ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ആഗോള തലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 13.5 കോടിയിലേക്ക് എത്തുന്നു. ഇതുവരെ 29.18 ലക്ഷം പേര്‍ക്ക് ജീവന് നഷ്ടമായി. ചികിത്സയിലുള്ള 2.33 കോടി പേരില്‍ 1.01 ലക്ഷം പേര് ഗുരുതരാവസ്ഥയിലാണ്. 10.84 കോടി പേര് രോഗമുക്തരായി. വ്യാപനം ദിനംപ്രതി വര്‍ധിക്കുന്നതോടെ നിയന്ത്രണങ്ങളില്‍ നല്കിയ ഇളവുകള്‍ പലരാജ്യങ്ങളും പിന്‍വലിച്ചു. ലോക്ഡൗണ്‍ ഏര്പ്പെടുത്തുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകളും ആഗോളതലത്തില്‍ പുരോഗമിക്കുന്നു.
ഫ്രാന്‍സില്‍ കൊവിഡിന്റെ മൂന്നാംതരംഗം ഏപ്രില്‍ ഇരുപതോടെ അതിന്റെ മൂര്ധന്യാവസ്ഥയിലെത്തിയേക്കാമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ പിന്നീട് കുറച്ചുനാളത്തേക്ക് സാധാരണ നിലയിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലവില്‍ 49.23 ലക്ഷം പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 45 ലക്ഷത്തിലധികവും വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. പാരീസില്‍ മാത്രം 2000 പേരാണ് അത്യാഹിത വിഭാഗത്തിലുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: