തൃശൂര്‍: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്കൂള്‍ പ്യൂണിന് അഞ്ച് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയടക്കുന്നതിനും തൃശൂര്‍ പോക്സോ കോടതി വിധി. നെല്ലിക്കുന്ന് കോലഞ്ചേരി വീട്ടില്‍ തോമസി (54)നെയാണ് പോക്സോ കോടതി ശിക്ഷിച്ചത്.
പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗിക ഉദ്ദേശത്തോടെ ദേഹത്ത് സ്പര്‍ശിച്ച് മാനഭംഗപ്പെടുത്തി എന്നതാണ് കേസ്. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി ബിന്ദു സുധാകരനാണ് ശിക്ഷാ വിധി പ്രസ്താവിച്ചത്. പ്രതി പിഴയടക്കാത്ത പക്ഷം മൂന്ന് മാസം കൂടുതല്‍ തടവ് അനുഭവിക്കേണ്ടി വരും.
2014 ലാണ് കേസിനാസ്പദമായ സംഭവം. സ്ക്കൂളിലെ പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്ക്കൂളിലെ പാര്‍ട് ടൈം സ്വീപ്പറായിരുന്ന പ്രതി ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിലെ പല ഭാഗത്തും സ്പര്‍ശിക്കുകയും കെട്ടിപ്പിടിച്ച് കവിളില്‍ ഉമ്മ വെയ്ക്കുകയുമായിരുന്നു.
പേടിച്ചു പോയ കുട്ടി വീട്ടിലെത്തി അമ്മയോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് അന്തിക്കാട് പോലീസില്‍ കുട്ടിയുടെ അമ്മയും ബന്ധുക്കളും പരാതി നല്കി. പല വിദ്യാര്‍ത്ഥിനികളോടും ഇയാള്‍ ഇത്തരത്തില്‍ മോശമായി പെരുമാറിയിരുന്നതായി കുട്ടികള്‍ മൊഴി നല്‍കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രതിയെ സ്കൂളില്‍ നിന്ന് പിരിച്ചുവിടുകയും പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അന്തിക്കാട് സ്റ്റേഷന് ഹൗസ് ഓഫീസറായ കെ.എ. മന്‍സൂറാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഒമാരായ പി.ആര് ഗീത, സുനോജ് ദാസ് എന്നിവരാണ് കേസ് വിചാരണയില്‍ പ്രോസിക്യൂഷനെ സഹായിച്ചത്. പ്രോസിക്യൂഷന് ഭാഗത്തുനിന്ന് 8 സാക്ഷികളെ വിസ്തരിക്കുകയും 8 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: കെ.പി. അജയ് കുമാര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: