ഒസ്ലോ : കോവിഡ് നിയന്ത്രണങ്ങള്‍ ഒന്നും പാലിക്കാതിരുന്ന പ്രധാനമന്ത്രിക്ക് പിഴ ചുമത്തി നോര്‍വീജിയന്‍ പോലീസ്. നോര്‍വീജിയ പ്രധാനമന്ത്രി ഏണ സോള്‍ബെഗിനാണ് സാമൂഹ്യ അകലം പാലിക്കുന്നത് അടക്കമുള്ള കോവിഡ് പ്രതിരോധ നടപടികളില്‍ വീഴ്ചവരുത്തിയതിന് പിഴചുമത്തിയത്. ചട്ടം ലംഘിച്ച് പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ റിസോര്‍ട്ടില്‍ വെച്ച് പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷം സംഘടിപ്പിക്കുകയും കുടുംബാംഗങ്ങളേയും ക്ഷണിച്ചതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പൊതുപരിപാടികള്‍ക്കായി 10 പേരെ മാത്രമേ ക്ഷണിക്കാന്‍ പാടൊള്ളൂവെന്ന് രാജ്യത്ത് നിയന്ത്രണം നിലനില്‍ക്കേയാണ് പിറന്നാള്‍ പ്രധാനമന്ത്രി ആഘോഷമാക്കിയത്.
20,000 നോര്‍വീജിയന്‍ ക്രൗണ്‍ (1.76 ലക്ഷം രൂപ) ആണ് പ്രധാനമന്ത്രിക്ക് പിഴ ചുമത്തിയതെന്ന് പോലീസ് മേധാവി ഓലെ സീവേഡ് പത്രസമ്മേളനത്തില്‍ പറഞ്ഞു. സാധാരണയായി ഇത്തരം സംഭവങ്ങളില്‍ പോലീസ് കര്‍ശനമായി പിഴ ചുമത്താറില്ല. എന്നാല്‍ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് നയിക്കുന്ന ആളാണ് പ്രധാനമന്ത്രി. അതുകൊണ്ടാണ് പ്രധാനമന്ത്രിക്കെതിരേ മാതൃകാപരമായി നടപടി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: