തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കില്ല. മെമു, പുനലൂര്‍- ഗുരുവായൂര്‍ ട്രെയിനുകള്‍ ഒഴിച്ചുള്ള ട്രെയിനുകളില്‍ റിസര്‍വേഷനില്ലാതെ യാത്ര അനുവദിക്കില്ല. തീവണ്ടികളിൽ പൊതുവേ തിരക്ക് കൂടിയ സാഹചര്യത്തിലാണ് പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
നിലവിലുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ തുടരും, ഇപ്പോൾ ഓടുന്ന മറ്റ് വണ്ടികളും സർവീസ് തുടരും. മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കും. നിലവിൽ ഓടുന്ന ഒരു ട്രെയിനിലും സീറ്റുകളുടെ എണ്ണം കുറയ്ക്കില്ല. അന്തർസംസ്ഥാന തീവണ്ടികൾ വരുന്നതിലോ പോകുന്നതിനോ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കില്ല. തിരുവനന്തപുരം റെയില്‍വേ ഡിവിഷന് മാനേജറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും തിരക്ക് ഒഴിവാക്കും. പ്ലാറ്റ്ഫോം ടിക്കറ്റ് നല്‍കില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കും. ടി.ടി.ഇമാര്‍ക്ക് വാക്സിനേഷന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ലോക്ക്ഡൗൺ പേടിച്ച് ഇതരസംസ്ഥാനത്തൊഴിലാളികൾ നാടുകളിലേക്ക് മടങ്ങാൻ തിരക്ക് കൂട്ടിയെന്ന് റെയിൽവേ ഡിവിഷണൽ മാനേജർ പറയുന്നു. അവരെ സമാധാനിപ്പിച്ച് പലയിടത്ത് നിന്നും തിരിച്ചയക്കുകയാണ് ഉണ്ടായത്.
ടിക്കറ്റ് ബുക്കിംഗിലും നല്ല വർദ്ധനയുണ്ടായിട്ടുണ്ട്. നാട്ടിലേക്ക് ആളുകൾക്ക് മടങ്ങണമെങ്കിൽ ഒരു ആശങ്കയും വേണ്ടെന്നും, എല്ലാം സുഗമമായി തുടരുമെന്നും റെയിൽവേ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: