മോദി ഭരണകാലം ഭാരതത്തിന്റെ സുവര്‍ണകാലഘട്ടമായി ചരിത്രത്താളുകളില്‍ രേഖപ്പെടുത്തുമെന്ന് യുപിഎ കാലത്തെ കേന്ദ്ര ആഭ്യന്തരമന്ത്രാലയ അണ്ടര്‍ സെക്രട്ടറിയും മിത്ത് ഓഫ് ‘ഹിന്ദു റ്റെറര്‍’ ന്റെ രചയിതാവുമായ ആര്.വി.എസ്. മണി. ആഭ്യന്തര സുരക്ഷയും അന്തര്‍ദ്ദേശീയ ബന്ധവും മോദി ഭരണത്തില്‍ മെച്ചപ്പെട്ടു. ഭാരതം സൂപ്പര്‍ പവറായി. ചൈനയും, അമേരിക്കയും, ജര്‍മ്മനിയും ഫ്രാന്‍സുമടക്കമുള്ള ലോക ശക്തികള്‍ മോദിയിലൂടെ ഭാരതത്തെ ശ്രവിച്ചു. തിരുവനന്തപുരത്ത് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനിറങ്ങിയ ആര്.വി.എസ് കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക വിഷയങ്ങളില്‍ അതീവ വൈദഗ്ധ്യമാണുള്ളത്. ജന്മഭൂമിക്ക് നല്കിയ അഭിമുഖം.
- യുപിഎ ഭരണത്തില്‍ നിന്നും എന്‍ഡിഎയിലേക്കു ഭരണമാറ്റം എങ്ങനെ?
ഭാരതത്തിന്റെ ആത്മാഭിമാനം ഉയര്‍ത്താനായത് എന്‍ഡിഎയെ വ്യത്യസ്തമാക്കി. ആഭ്യന്തരസുരക്ഷ, സുസ്ഥിരവികസനം, ദേശാന്തര സൗഹൃദം എന്നിവയിലൂടെ ഭാരതം ലോക രാഷ്ട്രങ്ങളുടെ നേതൃപദവിയിലേക്കുയര്‍ന്നു. ആഭ്യന്തര ഉല്‍പ്പാദനക്ഷമത, കാര്‍ഷികോല്‍പ്പന്ന കയറ്റുമതി, ശാസ്ത്ര സാങ്കേതിക പുരോഗതി എന്നിവയിലെല്ലാം ഭാരതം ലോകരാജ്യങ്ങള്‍ക്ക് മുന്നിലെത്തി. ഏറ്റവും ഒടുവില്‍ കോവിഡ് മഹാമാരിയെ ശക്തമായി നേരിടുകമാത്രമല്ല, നൂറ്റി ഇരുപത്തിയഞ്ച് കോടി ജനതയുടെ ആയുസ്സും ആരോഗ്യവും കാത്ത് ഫ്രാന്‍സടക്കമുള്ള പ്രബല ശക്തികള്‍ക്ക് വാക്സിന് കയറ്റി അയച്ചു. ലോക രാഷ്ട്രങ്ങളുടെ സര്വാദരമാണ് നരേന്ദ്രമോദിയെന്ന ശക്തനായ രാഷ്ട്രത്തലവനിലൂടെ ഭാരതം നേടിയെടുത്തത്. ഭാരതത്തെ എല്ലാ മേഖലയിലും സ്വയം പര്യാപ്തതയിലേക്ക് നയിക്കുവാന്‍ ആത്മനിര്‍ഭര്‍ഭാരത് എന്ന ആശയം മോദി നടപ്പില്‍വരുത്തി. എല്ലാപേര്‍ക്കും ബാങ്ക് അക്കൗണ്ട്, ശുചിത്വം ശീലമാക്കാന്‍ സ്വച്ച് ഭാരത്, ചെറുപ്പക്കാര്‍ക്കും ചെറിയ സാങ്കേതിക വിദ്യ കരഗതമാക്കിയവര്ക്കുപോലും അവരുടെ സ്കില്‍ ഡവലപ്മെന്റ് പ്രോഗ്രാമുകള്‍, കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കുമായി വിവിധ ക്ഷേമ പദ്ധതികള്‍, കിസാന്‍ സമ്മാന്‍ നിധി, സ്വയം തൊഴില്‍ സംരംഭകര്‍ക്ക് മുദ്രലോണ്‍ എന്നുവേണ്ട സമസ്തമേഖലയുടെയും വികാസത്തിലൂടെ ഭാരതത്തെ സൂപ്പര്‍ പവറാക്കുകയെന്ന ലക്ഷ്യമാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഇത്രയേറെ ഭാവനാശാലിയായ പ്രധാനമന്ത്രിയെന്നതാണ് മോദിയുടെ വ്യത്യസ്തത.
- പൗരത്വബില്ലും കാര്‍ഷികസമരങ്ങളും രാജ്യത്തെ ജനതയെ എത്രമാത്രം ബാധിക്കും?
പൗരത്വബില്ലിനെതിരെയും കാര്‍ഷികബില്ലിനെതിരെയും ജനങ്ങളില്‍, തെറ്റിദ്ധാരണ ഉണ്ടാക്കി കലാപം മാത്രം ലക്ഷ്യമിടുന്ന ‘ആന്റി മോദി വൈറ’സുകളാണിതിന്റെ പിന്നില്‍. മോദിക്കെതിരെ അന്താരാഷ്ട്ര വേദികളില്‍ ഭാരതത്തെ താഴ്ത്തിക്കെട്ടുവാനുള്ള ലോബിയാണിതിനുള്ളില്‍. രാജ്യത്തെ പ്രധാനപ്പെട്ട സര്‍വകലാശാലകളിലും പൊതുസമൂഹത്തിലും ഇവരുടെ ദുഃസ്വാധീനം ഉണ്ട്. അന്തര്‍ദേശീയതലത്തില്‍ പണമൊഴുക്കിയാണ് രണ്ടുസമരവും തീവ്രമാക്കിനിര്ത്തിയത്.
പൗരത്വ ബില്ലിനെ ഭാരതത്തില്‍ ജീവിക്കുന്ന ഒരൊറ്റ മുസ്ലീമും ഭയപ്പെടേണ്ടതില്ല. നുഴഞ്ഞുകയറ്റക്കാര്‍ക്കും ഭാരതവിരുദ്ധ തീവ്രവാദികള്‍ക്കുമാണ് ദോഷം. ഇതേവസ്തുതയാണ് കാര്‍ഷിക ബില്ലിന്റെ കാര്യത്തിലും. കേരളം, തമിഴ്നാട്, കര്‍ണാടകമടക്കമുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കുള്ള കാര്‍ഷിക പരിഗണനയല്ല പഞ്ചാബിലും ഹരിയാനയിലും. ഇടനിലക്കാരായ വന്വ്യാപാരികള് കര്‍ഷകരെ പതിറ്റാണ്ടുകളായി നടത്തിയ ചൂഷണത്തിനെതിരെയാണ് കാര്‍ഷിക ബില്‍. മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന്റെ മനസ്സറിഞ്ഞാണ് മോദി സര്‍ക്കാര്‍ കാര്‍ഷികബില്‍ അവതരിപ്പിച്ചത്. കാര്‍ഷിക ബില്ലിനെതിരെ നടന്ന സമരം തന്നെ ഉദാഹരണം. ഹൈവേകളിലെ പൊതുഗതാഗതം തടസപ്പെടുത്തി ശീതികരിച്ച മുറികളില്‍ മുന്തിയമദ്യവും വിലപിടിച്ച ആഹാര സാധനങ്ങളും ശേഖരിച്ച് നടത്തുന്ന സമരത്തിന്റെ സാമ്പത്തിക സ്രോതസ്സില്‍ നിന്ന് തന്നെ എല്ലാം വ്യക്തം. പാവപ്പെട്ട കര്‍ഷകര്‍ക്ക് സ്വപ്നം കാണാന്‍ പറ്റാത്തവിധം സുഖസൗകര്യങ്ങളോടെ കര്‍ഷക മുതലാളിമാര്‍ക്കുവേണ്ടി മോദിവിരുദ്ധരുടെ സ്പോണ്‍സേര്‍ഡ് സമരമാണിത്. കര്‍ഷക സമരമെന്നപേരില്‍ ദേശവിരുദ്ധരുടെ കൂട്ടായ്മയെ ജനം തിരിച്ചറിഞ്ഞു. ബീഫ് നിരോധനം ആഹാര സ്വാതന്ത്ര്യത്തിനെതിരല്ലേ? ബീഫിന്റെ പേരില്‍ കേരളമടക്കം വന്‍ ആഘോഷമാക്കിയതിന് പിന്നിലുള്ള ലോബിയേതെന്ന് ഇതിനകം വ്യക്തമാണ്. പശുഭാരതത്തിന്റെ മാത്രമല്ല, ലോകരാജ്യങ്ങള്‍ പോലും വിശുദ്ധമെന്നാണ് കരുതുന്നത്. ഹിന്ദുക്കള്ക്കാരാധ്യമായ പശുവിനെ കശാപ്പുചെയ്യുന്നത് ആഘോഷമാക്കിയതാണ് പല സ്ഥലത്തും അക്രമങ്ങളിലേക്ക് വഴിവച്ചത്. പശുക്കുട്ടിയെ പൊതുനിരത്തുവച്ച് കശാപ്പ് ചെയ്ത് കറിവച്ച് കഴിച്ച കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മൃഗസംരക്ഷണ നിയമമുപയോഗിച്ച് ഇനിയും കേസെടുത്ത് ജയിലിലടയ്ക്കാവുന്നതാണ്.
- കേരളത്തിലെ ലവ്ജിഹാദ് വീണ്ടും തെരഞ്ഞെടുപ്പ് വിഷയമാകുമ്പോള്‍.
ലവ് ജിഹാദ് കേരളത്തിന്റെ മാത്രം സാമൂഹ്യ പ്രശ്നമല്ല. ഭാരതത്തിലെ ഒട്ടെല്ലാ സംസ്ഥാനത്തും ആസൂത്രിതമായ പ്രണയക്കുരുക്കുണ്ട്. ഒരു പ്രത്യേകമതത്തിലേക്ക് കബളിപ്പിച്ചും പ്രലോഭനങ്ങളില്‍ വീഴ്ത്തിയും ഹിന്ദുപെണ്‍കുട്ടികളെ ആസൂത്രിതമായി നിര്‍ബന്ധിച്ച് മതം മാറ്റിയതിന്റെ ആയിരക്കണക്കിനുദാഹരണമാണുള്ളത്. അഖിലയെ ഹാദിയയാക്കി മതം മാറ്റിയതിന് പിന്നിലെ ആസൂത്രിതകേന്ദ്രങ്ങള് നിരവധിയുണ്ട്. മതംമാറ്റി ഐ.എസിലേക്കാണ് റിക്രൂട്ട് ചെയ്യുന്നത്. സിറിയയിലേക്ക് കടത്തിയവരെക്കുറിച്ച് ഇനിയും ശരിയായ വിവരം ഇല്ല. ഇസ്ലാമിക് സ്റ്റേറ്റിന്റെ സെക്സ് അടിമകളെ സൃഷ്ടിക്കുകയാണ് ലവ് ജിഹാദിലൂടെ ഹിന്ദുക്കള്‍ മാത്രമല്ല നൂറുകണക്കിന് ക്രിസ്ത്യന്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ലവ്ജിഹാദില്പ്പെടുത്തി നാടുകടത്തി. ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര് നില്‍ക്കക്കള്ളിയില്ലാതെയാണ് ലവ്ജിഹാദിനെതിരെ പ്രമേയവുമായെത്തിയതെന്നോര്ക്കണം.
കേരളത്തിലെ ഇടതുംവലതും രാഷ്ട്രീക്കാര്‍ ലവ് ജിഹാദ് കണ്ടില്ലെന്ന് നടിക്കുന്നത് അപകടകരമാണ്. കേരളത്തില്‍ ബാലികമാരെ ‘അറബിക്കല്യാണ’മെന്ന പേരില്‍ ലൈംഗിക അടിമകളാക്കുന്നതിനെതിരെ ബുദ്ധിജീവികള്‍ക്ക് പ്രതികരണമില്ല. ബുദ്ധിയും വിവേകവും അടിയറവെച്ച അവരും മതതീവ്രവാദികളുടെ തടവറയിലാണ്. ശബരിമല മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വിഭിന്നമായ ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ്. അവിടെ സ്ത്രീകള്‍ക്ക് പ്രവേശന സ്വാതന്ത്ര്യം ഹനിക്കപ്പെട്ടിട്ടില്ല. യുവതി പ്രവേശനത്തെ മാത്രമാണ് നിയന്ത്രിച്ചിട്ടുള്ളത്. ശബരിമല ശ്രീധര്‍മ്മശാസ്താവിന്റെ നൈഷ്ഠിക ബ്രഹ്്മചര്യവ്രതാചരണത്തിന് വിരുദ്ധമായി കോടതിക്ക് തീരുമാനമെടുക്കാനാവില്ല. കേരള സര്‍ക്കാര്‍ അവിശ്വാസികളെ കയറ്റി ശബരിമലയുടെ പരിപാവനത്വവും വിശുദ്ധിയും കളങ്കപ്പെടുത്താന്‍ നടത്തിയ ശ്രമമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ശബരിമല ആചാരസംരക്ഷണത്തിനെതിരെ കോടികള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് ചെലവാക്കിയത്. ഇപ്പോള്‍ ആചാര സംരക്ഷണം നടത്തുമെന്ന് പറയുന്നത് ഹിന്ദുവോട്ടുമാത്രം ലക്ഷ്യംവച്ചാണ്. ഹിന്ദുക്കളെ എക്കാലവും കബളിപ്പിക്കാനാവില്ലെന്ന തിരിച്ചറിവാണ് പന്തളം നഗരസഭയില്‍ സിപിഎമ്മിനെ വിശ്വാസികള്‍ തിരസ്കരിച്ചതിന് പിന്നില്‍. സിപിഎം ഹിന്ദുക്കളുടെ വോട്ടുകൊണ്ട് വിജയിക്കുകയും അങ്ങേയറ്റം ഹൈന്ദവദ്രോഹം നടത്തുകയുമാണ്. ഇ.എംഎസിന്റെ കാലംമുതല്‍ ഇത് ഹിന്ദുക്കള്‍ അനുഭവിക്കുകയാണ്.
- കേരളത്തിന്റെ വികസന സാധ്യതകള്‍
മനുഷ്യവിഭവശേഷി, വിദ്യാഭ്യാസം എന്നിവയില്‍ കേരളം മുന്നിലാണ്. വികസനത്തില്‍ ഏറെ പിന്നിലും. അടിസ്ഥാന വികസനം ലക്ഷ്യമാക്കിയുള്ള മുന്നേറ്റമാണിനി കേരളത്തിനഭികാമ്യം. കൃഷി, കാലിവളര്‍ത്തല്‍, കരകൗശലം, കൈത്തറി, കയര്‍ തുടങ്ങിയ അടിസ്ഥാനമേഖലയിലെ വികസനം ലക്ഷ്യമാക്കി ഭാവാത്മകമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പില്‍വരുത്തണം. ആഹാരത്തിന് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന അടിമത്താവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. കുറേ മാളുകളും ഫഌറ്റുകളുമാണ് കേരളത്തിന്റെ വികസനമായി കാണാന്‍ കഴിയുന്നത്. കേരളത്തിന്റെ പണം മറ്റ് സംസ്ഥാനങ്ങളിലേക്കാണ് ഒഴുകുന്നത്. കേരളത്തിന്റെ ബൗദ്ധികശേഷി പതിറ്റാണ്ടുകളായി മറ്റ് രാജ്യങ്ങള്‍ക്ക് പണയപ്പെട്ടിരിക്കുകയാണ്. കേരളം ആഗോള കണ്‍സ്യൂമര്‍ ക്യാപിറ്റലാണിന്ന്. മാറിമാറിയുള്ള ഭരണമാറ്റംകൊണ്ട് അഴിമതിയും, കടക്കെണിയുമാണ് കേരളത്തിന്റെ നേട്ടം. കേരളജനതയുടെ മനോഭാവത്തിലും മാറ്റംവേണം. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന-ജനക്ഷേമ പദ്ധതികള്‍ കേരളത്തിന്റെ വികസനം സാധ്യമാകും. അതിന് എന്‍ഡിഎയെ നേതൃത്വത്തിലുള്ള സര്‍ക്കാറാണ് കേരളത്തിലുണ്ടാകേണ്ടത്. പടിഞ്ഞാറിന്റെ പ്രത്യയശാസ്ത്രം വലിച്ചെറിഞ്ഞ് കേരള ജനതയും ഭാരതത്തോട് ചേരുന്നകാലം അനതിവിദൂരമല്ല.
അജി നെടുമങ്ങാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: