തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.
ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. കോട്ടയം ജില്ലയുടെ വിവിധ മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം ശക്തമായ കാറ്റും മഴയും മിന്നലും തുടങ്ങി. കടുത്തുരുത്തി, പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളുടെ പ്രദേശങ്ങളിലാണ് ശക്തമായ മഴയുണ്ടായത്.
പൂഞ്ഞാര്‍ മണ്ഡലത്തിലെ പലയിടത്തും കനത്ത കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി ബന്ധം തടസപ്പെട്ടിട്ടുണ്ട്. പോളിംഗ് ബൂത്തുകളില്‍ പലതിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇതും പോളിംഗിനെ ബാധിച്ചേക്കുമെന്ന് സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: