ചെന്നൈ: ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടുവെന്ന് നടന് മാധവന്. മാധവന് ആദ്യമായി സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരിക്കുന്ന ‘റോക്കട്രി; ദി നമ്പി ഇഫക്ട്’ എന്ന ചിത്രത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച. നമ്പി നാരായണനും പ്രധാനമന്ത്രിക്കും ഒപ്പമുള്ള ചിത്രങ്ങളും മാധവന് ട്വീറ്റ് ചെയ്തു. നമ്പിനാരായണന്റെ ജീവിതമാണ് ചിത്രത്തിന് പ്രചോദനമായത്. ചിത്രത്തിന്റെ ഭാഗങ്ങൾ പ്രധാനമന്ത്രിയെ കാണിച്ചുവെന്ന് മാധവന് കുറിച്ചു.
ചിത്രത്തിലെ രംഗങ്ങളോടുള്ള മോദിയുടെ പ്രതികരണവും നമ്പി നാരായണനോട് മറ്റുള്ളവർ ചെയ്ത തെറ്റിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശങ്കയും സ്പര്‍ശിച്ചുവെന്ന് മാധവന് ട്വീറ്റ് ചെയ്തു. ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം. 1994-ല്‍ ചാരക്കേസില്‍ അറസ്റ്റിലായ അദ്ദേഹം പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടു. കഴിഞ്ഞയാഴ്ച ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറക്കിയിരുന്നു.
വാണിജ്യ ഉപഗ്രഹ വിപണിയില്‍ ഇന്ത്യയെ അടയാളപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ‘ധിക്കാരിയായ പ്രതിഭ’ ആയിട്ടാണ് നമ്പി നാരായണനെ അവതരിപ്പിച്ചിരിക്കുന്നത്. എങ്ങനെയാണ് തന്റെ രാജ്യസ്നേഹം പതനത്തിന് ഇടയാക്കി, ഇന്ത്യയുടെ ബഹിരാകാശ പദ്ധതി വിദേശരാജ്യങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് ആരോപിക്കപ്പെട്ട് അറസ്റ്റിലാകുന്നതെന്ന് ട്രെയിലര്‍ ചിത്രീകരിക്കുന്നു.
തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ഒരേസമയം ‘റോക്കട്രി; ദി നമ്പി ഇഫക്ട്’ ചിത്രീകരിച്ചു. തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഹിന്ദി, ഇംഗ്ലീഷ് പതിപ്പില്‍ അതിഥിവേഷത്തില്‍ ഷാരൂഖ് ഖാന് എത്തുന്നുണ്ട്. മാധവനാണ് നമ്പി നാരായണനായി വേഷമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: