ചെന്നൈ: ജേഴ്സിയില്‍ നിന്ന് മദ്യ ബ്രാന്‍ഡിന്റെ ലോഗോ നീക്കംചെയ്യാന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയിന്‍ അലി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. മദ്യപിക്കുകയോ അതിനെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാത്ത അലി തന്റെ കുപ്പായത്തില്‍ നിന്ന് മദ്യബ്രാന്‍ഡ് ലോഗോ ആയ എസ്എന്‍ജെ 10000 എന്നത് മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. ലോഗോ നീക്കം ചെയ്യാനുള്ള അലിയുടെ ആവശ്യം സിഎസ്കെ സമ്മതിച്ചതായാണ് സൂചന.
ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സ്പോണ്‍സര്‍മാരാണ് ചെന്നൈ ആസ്ഥാനമായുള്ള എസ്എന്‍ജെ ഡിസ്റ്റിലറി. ഇവരുടെ ബിയര്‍ ബ്രാന്‍ഡാണ് എസ്എന്‍ജെ 10000. സിഎസ്കെ അടുത്തിടെയാണ് അവരുടെ പുതിയ ജേഴ്സി പുറത്തിറക്കിയത്. ഇന്ത്യന്‍ സായുധ സേനയ്ക്ക് ആദരാവായി സ്പോര്‍ട്സ് കാമഫ്ലേജും ജേഴ്സിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍, ലോഗോ മാറ്റാന്‍ അലി അഭ്യര്‍ത്ഥന നടത്തിയിട്ടില്ലെന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥന് പ്രതികരിച്ചത്. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ (ആര്‍സിബി) ടീമില്‍ ഉള്‍പ്പെട്ടിരുന്ന അലിയെ ഈ വര്‍ഷം ആദ്യം നടന്ന ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 7 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: