കോഴിക്കോട്: നാദാപുരം നരിക്കാട്ടേരിയിൽ വിദ്യാര്‍ത്ഥിയായ പതിനാറുകാരന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. കുട്ടിയെ സഹോദരൻ കഴുത്തു ഞെരിച്ച് കൊല്ലുന്നു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് കേസിൽ പുനരന്വേഷണം നടത്താൻ റൂറൽ എസ്.പി ഉത്തരവിട്ടു. നേരത്തെ പോലീസ് അന്വേഷിച്ചപ്പോള്‍ ആത്മഹത്യയാണെന്ന് പറഞ്ഞ് അവസാനിപ്പിച്ച കേസാണിത്.
നാദാപുരം നരിക്കോട്ടേരി സ്വദേശി അസീസാണ് മരിച്ചത്. അസീസിനെ സഹോദരന്‍ കഴുത്തില്‍ പിടിച്ച് ഞെരിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വീഡിയോ പുറത്തുവന്നതോടെ പ്രതികളായ ബന്ധുക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വീടിനു മുന്നിൽ തടിച്ചു കൂടി. കുട്ടി കൊല്ലപ്പെടുന്നതിന് മുമ്പ് സുഹൃത്തുക്കളെ വിളിച്ച് വീട്ടില്‍ കടുത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് അസീസ് കൊല്ലപ്പെടുന്നത്. രണ്ടാനമ്മയില്‍ നിന്നും കടുത്ത പീഡനമാണ് അസീസിന് നേരിടേണ്ടി വന്നതെന്നാണ് കരുതുന്നത്. നേരത്തെ പ്രതിഷേധം ശക്തമായപ്പോള്‍ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തിരുന്നു. എന്നാല്‍ ആത്മഹത്യ തന്നെയെന്ന് അവരും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പറയുന്നു.
അസീസിനെ മര്‍ദിച്ച സഹോദരന്‍ ഇപ്പോള്‍ വിദേശത്താണ് ഉള്ളത്. വീട്ടുകാരില്‍ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാദാപുരത്തെ ടാക്സി ഡ്രൈവര്‍ അഷ്‌റഫിന്റെ മകനാണ് അബ്ദുള്‍ അസീസ്. വിദ്യാര്‍ത്ഥിയുടെ മാതാവിന്റെ ബന്ധുക്കള്‍ ഈ മരണം കൊലപാതകമാണെന്ന് നേരത്തെ സംശയം ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: