ഗുവാഹത്തി: തളര്‍ന്നുവീണ ബിജെപി പ്രവര്ത്തകന് അടിയന്തര വൈദ്യസഹായം എത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ തമുല്‍പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു സംഭവം. റാലിയില്‍ സംസാരിച്ചുകൊണ്ടിരുന്ന പ്രധാനമന്ത്രി ഇടയ്ക്ക് പ്രസംഗം നിര്‍ത്തിയശേഷം നിര്‍ജ്ജലീകരണം മൂലം തളര്‍ന്നുവീണ ബിജെപി പ്രവര്‍ത്തകനിലേക്ക് എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് തനിക്ക് ഒപ്പമെത്തിയ വൈദ്യസംഘത്തോട് പാര്‍ട്ടി പ്രവര്ത്തകന് ആവശ്യമായ പരിചരണം നല്കാന് മോദി നിര്‍ദേശിച്ചു.
‘പിഎംഒ വൈദ്യസംഘം, ദയവായി ചെന്ന് നിര്‍ജ്ജലീകരണം മൂലം പ്രശ്നങ്ങള്‍ നേരിടുന്ന പ്രവര്‍ത്തകനെ നോക്കൂ. എനിക്കൊപ്പം എത്തിയിട്ടുള്ള ഡോക്ടര്‍മാര്‍, ദയവായി അവരെ പെട്ടെന്ന് സഹായിക്കുക.’- മോദി മൈക്കിലൂടെ നിര്‍ദേശിച്ചു. പ്രോട്ടോക്കോളിന്റെ ഭാഗമായി നാലംഗ വൈദ്യസംഘമാണ് പ്രധാനമന്ത്രിക്കൊപ്പം സഞ്ചരിക്കുന്നത്.
ഫിസിഷ്യന്‍, പാരാമെഡിക്, ശസ്ത്രക്രിയാ വിദഗ്ധന്‍, അടിയന്തര ഘട്ടങ്ങളില്‍ വൈദ്യസഹായം നല്‍കാനുള്ള വിദഗ്ധന്‍ എന്നിവര്‍ സംഘത്തിലുണ്ട്. വലിയ രീതിയിലുള്ള മെഡിക്കല്‍ ഉപകരണങ്ങളും ഇവരുടെ കൈവശമുണ്ട്. സംസ്ഥാനത്തെ അവസാനഘട്ട വോട്ടെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണത്തിനായിരുന്നു പ്രധാനമന്ത്രി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: