പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. കെപിസിസി നിര്‍വ്വാഹക സമിതി അംഗവും യുഡിഎഫ് മുന്‍ ജില്ലാ ചെയര്‍മാനുമായ എ.രാമസ്വാമി രാജിവച്ച് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡിസിസി നേതൃത്വത്തിനെതിരെയും ഷാഫി പറമ്പിലിനെതിരെയും രൂക്ഷമായ വിമര്‍ശനവും ഉന്നയിച്ചു. പാര്‍ട്ടിയില്‍ നിരന്തരം അവഗണന നേരിട്ടു. ഷാഫിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഷാഫി മാറുന്നില്ലെങ്കില്‍ നെന്മാറയില് പരിഗണിക്കുമെന്ന് പറഞ്ഞെങ്കിലും അതും ഉണ്ടായില്ലെന്നും രാമസ്വാമി പ്രതികരിച്ചു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ബാഹ്യ ശക്തികളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ കാര്യങ്ങള്‍ ഉള്‍പ്പെടെ ഒന്നും തന്നെ അറിയിക്കാറില്ല. രാഹുല്‍ ഗാന്ധിയുടെ പര്യടനം പരാജയമായിരുന്നു. ഷാഫിയാണ് പരിപാടി നിശ്ചയിച്ചതെന്നും കടുത്ത അവഗണന നേരിട്ടതായും രാമസ്വാമി ആരോപിച്ചു. പാലക്കാട് മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ യുഡിഎഫിന്റെ വോട്ട് കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. പണം വാങ്ങിയാണ് നെന്മാറ സീറ്റ് ഘടക കക്ഷിക്ക് നല്‍കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.പി. പ്രമോദിന് വോട്ട് ചെയ്യണം.
മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നതില്‍ കെപിസിസി നേതൃത്വത്തിന് പങ്കുണ്ടെന്നും എ.രാമസ്വാമി വ്യക്തമാക്കി. ഇത്തവണ പാര്‍ട്ടി പുനസംഘടന നടത്തിയപ്പോഴും തന്നെ അവഗണിച്ചു. പാര്‍ട്ടി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് തെരെഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വിട്ട് നില്‍ക്കുകയായിരുന്ന രാമസ്വാമിയെ ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണഠന്, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന് എം പി തുടങ്ങി നേതാക്കള്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് തെരെഞ്ഞടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുത്ത് വരവെയാണ് പാര്‍ട്ടി വിടുന്നുവെന്ന പ്രഖ്യാപനം നാടകീയമായി നടത്തിയത്. വൈകിട്ട് യാക്കരയില്‍ നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ രാമസ്വാമി പങ്കെടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: