കോട്ടയം: കനത്ത മഴയിലും ആവേശം ചോരാതെ നാടും നാട്ടുകാരും ഒപ്പം കൂടിയതോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി മിനര്‍വ മോഹന്റെ തുറന്ന വാഹനത്തിലെ പര്യടനത്തിന് ആവേശകരമായ സ്വീകരണം. താമര മാലകളും ചെണ്ടമേളവും ആര്‍പ്പുവിളികളുമായി സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ കാത്തു നില്ക്കുന്ന നാട്ടുകാര്‍ നരേന്ദ്രമോദിയുടെ കൈകള്‍ക്കു കരുത്തു പകരാന്‍ മിനര്‍വ മോഹന്‍ തന്നെ വിജയിക്കുമെന്നുറപ്പിക്കുന്നു.
ഇന്നലെ ചിങ്ങവനത്തു നിന്നാണ് പ്രചാരണം ആരംഭിച്ചത്. വിവിധ കേന്ദ്രങ്ങളിലെ സ്വീ കരണത്തിനുശേഷം വൈകിട്ട് സിമന്റ് കവലയില്‍ യാത്ര എത്തിയപ്പോഴേയ്ക്കും കോരിച്ചൊരിയുന്ന മഴയായി. തെല്ലും ആവേശം ചോരാതെയാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്നവര്‍ സ്ഥാനാര്‍ത്ഥിയെ കാത്തുനിന്നത്. വര്‍ണ്ണ ബലൂണുകളും ചെണ്ടമേളങ്ങളും ആര്‍പ്പു വിളികളും ആഘോഷവുമായി എത്തിയവര്‍ സ്ഥാനാര്‍ത്ഥിയ്ക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയത്.
മൂലേടത്ത് എത്തിയപ്പോഴേയ്ക്കും നരേന്ദ്രമോദിയ്ക്ക് ജയ് വിളികളുമായി നൂറുകണക്കിനു സ്ത്രീകളാണ് സ്ഥാനാര്‍ത്ഥി മിനര്‍വ മോഹനെ കാത്തു നിന്നത്.
ശബരിമലയില്‍ പോലീസ് സംരക്ഷണയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ആവേശം കാട്ടിയ സിപിഎം എന്തുകൊണ്ടാണ് ഭരണമുണ്ടായിരുന്ന സംസ്ഥാനങ്ങളില്‍ ഒരിടത്തു പോലും സ്ത്രീകളെ മുഖ്യമന്ത്രിയാക്കാതിരുന്നതെന്ന് മിനര്‍വ മോഹന്‍ വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ ചോദിച്ചു. ഇവിടെ പര്യടനം സമാപിച്ചു.
ബിജെപി മണ്ഡലം പ്രസിഡന്റ് ടി.ആര്. അനില്‍കുമാര്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖില്‍ രവീന്ദ്രന്, ബിജെപി സംസ്ഥാന സമിതി അംഗം എം.എസ്. കരുണാകരന്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വി.പി. മുകേഷ്, കെ. ശങ്കരന്, വിനു ആര്. മോഹന്‍, ഷാജി തൈച്ചിറ, കെ.യു. രഘു, എസ്. ജയ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: