ഇസ്രത്ത് ജഹാന് ഏറ്റുമുട്ടല്‍ കേസില്‍ അവസാന പ്രതികളായ മൂന്നു പോലീസ് ഉദ്യോഗസ്ഥരെയും അഹമ്മദാബാദിലെ പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടതോടെ ഒന്നരപ്പതിറ്റാണ്ടിലേറെക്കാലത്തെ അപവാദ പ്രചാരണത്തിന് അന്ത്യമാവുകയാണ്. ജി.എല്‍. സിംഗാള്‍, തരുണ്‍ ബാരോട്ട്, അനജു ചൗധരി എന്നിവരെയാണ് വിചാരണ കോടതി വെറുതെ വിട്ടത്. ഔദ്യോഗിക കൃത്യനിര്വഹണത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ഈ മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരായ അന്വേഷണം ഉചിതമല്ലെന്നും, ഇവര്‍ക്കെതിരെ തെളിവുകളൊന്നുമില്ലെന്നും കോടതി വ്യക്തമാക്കിയിരിക്കുന്നു. 2004 ലാണ് മുംബൈയിലെ മുംബ്ര സ്വദേശിനിയായ ഇസ്രത്ത് ജഹാന്, മലയാളിയായ പ്രാണേഷ് പിള്ള മതംമാറിയ ജാവേദ് ഷെയ്ഖ് എന്നിവരടക്കം നാല് പേര് അഹമ്മദാബാദില്‍ പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാനെത്തിയവരാണെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവരുമായുള്ള ഏറ്റുമുട്ടല്‍ നടന്നത്. കോണ്‍ഗ്രസ്സ് കേന്ദ്രം ഭരിച്ചിരുന്ന കാലത്ത് രഹസ്യാന്വേഷണ ഏജന്‍സികളാണ് ഈ വിവരം ഗുജറാത്ത് പോലീസിന് നല്‍കിയത്.
കൊല്ലപ്പെട്ടത് നിരപരാധികളാണെന്നും, ഗുജറാത്ത് പോലീസ് അവരെ മനഃപൂര്‍വം വെടിവച്ച് കൊല്ലുകയായിരുന്നുവെന്നുമാണ് ബിജെപി വിരുദ്ധര്‍ പ്രചാരണം നടത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണ് ഇത് നടന്നതെന്ന് ആക്ഷേപിച്ച പ്രതിപക്ഷം നരേന്ദ്ര മോദിയെ കേസില്‍ പ്രതിയാക്കണമെന്നും, മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും നിരന്തരം ആവശ്യപ്പെട്ടുപോന്നു. എന്നാല്‍ മുംബൈക്കാരിയായ ഇസ്രത്ത് ജഹാനും, അവിടെ കഴിഞ്ഞിരുന്ന ജാവേദ് ഷെയ്ഖും എന്തിന് ഗുജറാത്തിലെത്തിയെന്ന ചോദ്യത്തിന് ഉത്തരം നല്കാന് ഇക്കൂട്ടര്‍ക്ക് കഴിഞ്ഞില്ല. എന്നുമാത്രമല്ല, മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ പിടിയിലായ ഡേവിഡ് കോള്മാന് ഹെഡ്ലി, ഇസ്രത്ത് പാക് ഭീകര സംഘടനയായ ലഷ്കറെ തൊയ്ബയുടെ ചാവേറായിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയ്ക്ക് മൊഴി നല്‍കുകയും ചെയ്തു. ഇസ്രത്തിനെ തങ്ങളുടെ രക്തസാക്ഷിയായി വിശേഷിപ്പിച്ച് ലഷ്ക്കറിന്റെ മുഖപത്രമായ ലഷ്കര്‍ ടൈംസ് വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിനൊക്കെ ശേഷവും ഇസ്രത്തിനെയും കൂട്ടാളികളെയും നിരപരാധികളായി ചിത്രീകരിച്ച് കുപ്രചാരണം നടത്തുന്നത് ചിലര്‍ തുടര്‍ന്നു.
വിചാരണ കോടതിയുടെ ഇപ്പോഴത്തെ വിധി അന്തിമമായി കരുതാം. ഇതിനെതിരെ അപ്പീല്‍ പോകേണ്ടത് സിബിഐ ആണ്. അതുണ്ടാവുമെന്ന് നിയമവിദഗ്ധര്‍ കരുതുന്നില്ല. ഈ കേസില്‍ നേരത്തെ നാല് പോലീസ് ഉദ്യോഗസ്ഥരെയും കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഈ വിധിക്കെതിരെയും സിബിഐ അപ്പീല്‍ നല്‍കിയിരുന്നില്ല. കൊല്ലപ്പെട്ട ഇസ്രത്ത് അടക്കമുള്ളവര്‍ ഭീകരവാദികളല്ലെന്ന് തെളിയിക്കാനായിട്ടില്ലെന്ന സുപ്രധാന പരാമര്‍ശവും ഇപ്പോഴത്തെ വിധിയിലുണ്ട്. രാജ്യത്ത് ഭീകരവാദികള്‍ക്കെതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്നതിന് ഇസ്രത്ത് ജഹാന് കേസ് മുന്‍നിര്‍ത്തി വലിയ കുപ്രചാരണമാണ് തല്‍പ്പരകക്ഷികള്‍ നടത്തിയത്. കേരളവും ഇതിന് വേദിയായി. ഓരോ തെരഞ്ഞെടുപ്പിലും ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ ഇതിന്റെ പേരില്‍ കോണ്‍ഗ്രസ്സ് അപവാദ പ്രചാരണം നടത്തി. പാക്കിസ്ഥാനും ഇത് ഏറ്റുപിടിച്ചു. കേസിലെ മുഴുവന്‍ പ്രതികളെയും കോടതി കുറ്റവിമുക്തരായി പ്രഖ്യാപിച്ചതോടെ ഇക്കൂട്ടര്‍ രാജ്യത്തോട് മാപ്പു പറയണം. സത്യം ചെരുപ്പിടാന്‍ തുടങ്ങും മുന്‍പേ നുണ ലോകം ചുറ്റുമായിരിക്കാം. അപ്പോഴും സത്യം സത്യവും നുണ നുണയുമായിരിക്കും. ഇസ്രത്ത് ജഹാന് കേസിലെ വിധി ഈ സത്യത്തിന് അടിവരയിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: