ന്യൂദല്‍ഹി: പഞ്ചസാര, പരുത്തി, ചണം എന്നിവ ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യാനുള്ള തീരുമാനം പാക്കിസ്ഥാന് റദ്ദാക്കി. ഇന്ത്യയില്‍ നിന്നും ചരക്കുകള്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനമെടുത്ത ശേഷം മണിക്കൂറുകള്‍ക്കുള്ളിലാണ് ഈ തീരുമാനം റദ്ദാക്കിയത്. പാകിസ്ഥാനിലെ പ്രതിപക്ഷപാര്‍ട്ടികളില്‍ നിന്നും മൗലികവാദസംഘടനകളില് നിന്നുമുള്ള പ്രതിഷേധങ്ങള്‍ക്ക് വഴങ്ങി തീരുമാനം പിന്‍വലിക്കുകയായിരുന്നു ഇമ്രാന് സര്‍ക്കാര്‍.
കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞ തീരുമാനം ഇന്ത്യ പിന്‍വലിച്ചാല്‍ മാത്രമേ പഞ്ചസാരയും പരുത്തിയും ഇറക്കുമതി ചെയ്യാന്‍ കഴിയൂ എന്നതാണ് പാക് മന്ത്രിസഭയുടെ പുതിയ തീരുമാനം. “കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് എടുത്തുകളയാനുള്ള തീരുമാനം റദ്ദാക്കിയാല്‍ മാത്രമേ ഇന്ത്യയില്‍ നിന്നും ചരക്കുകള്‍ ഇറക്കുമതി ചെയ്യാന്‍ സാധിക്കൂ,” – മന്ത്രിസഭയുടെ തീരുമാനം വിശദീകരിച്ചുകൊണ്ട് പാക് ആഭ്യന്തരമന്ത്രി ഷേഖ് റാഷിദ് പറഞ്ഞു.
പുതിയതായി നിയമിതനായ ധനമന്ത്രി ഹമ്മദ് അസ്ഹര്‍ ആണ് ബുധനാഴ്ച ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനസ്ഥാപിക്കുമെന്ന തീരുമാനം പ്രഖ്യാപിച്ചത്. 2019-ല്‍ ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപരബന്ധം പാക്കിസ്ഥാന് നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം റദ്ദാക്കി ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനസ്ഥാപിക്കാന്‍ ഇമ്രാന്‍ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അധികം വൈകാതെ ഈ തീരുമാനത്തെ ചോദ്യം ചെയ്ത് പാകിസ്ഥാനുള്ളില്‍ നിന്നുതന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
പാകിസ്ഥാന് മുസ്ലിം ലീഗ് നവാസ് (പിഎംഎല്‍-എന്‍) നേതാവ് അഹ്സാന് ഇഖ്ബാല്‍ നിരവധി ചോദ്യങ്ങളാണ് ഇമ്രാന്ഖാന് നേരെ ഉയര്‍ത്തിയത്. ‘മോദി ഇപ്പോള്‍ ഹിറ്റ്ലറല്ലാതായോ? കശ്മീരിന്റെ കാര്യത്തില്‍ മോദി തീരുമാനം മാറ്റിയോ? ജമാത്ത് ഇസ്ലാമിയുടെ അമീര്‍ സിറാജുള്‍ ഹഖും ഇമ്രാന്‍ഖാനെതിരെ തിരിഞ്ഞിരുന്നു. കശ്മീരി മുസ്ലിങ്ങളുടെ മുറിവില്‍ ഉപ്പുതേക്കുന്നതിന് മാത്രമേ ഇത് ഉപകരിക്കൂ എന്നാണ് സിറാജുള്‍ ഹഖ് പറഞ്ഞത്. പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി(പിപിപി) നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ അബ്ദുള്‍ റഹ്മാന് മാലിക്കും ഇമ്രാന് സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്തിരുന്നു. ഇന്ത്യയില്‍ നിന്നും പഞ്ചസാര ഇറക്കുമതി ചെയ്താല്‍ രണ്ട് മാസത്തേക്ക് അത് ഉപയോഗിക്കരുതെന്ന് അദ്ദേഹം പാകിസ്ഥാന്‍കാരോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
രാജ്യത്തിനകത്ത് ഒട്ടേറെ ആഭ്യന്തരപ്രശ്നങ്ങള്‍ നേരിടുന്ന ഇമ്രാന്ഖാന് ഇന്ത്യയില്‍ നിന്നും ചരക്കുകള്‍ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ പുതിയ അസ്വാരസ്യങ്ങള്‍ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും പഞ്ചസാരയും പരുത്തിയും ഇറക്കുമതി ചെയ്യാന്‍ മന്ത്രിസഭയുടെ ധന ഏകോപന സമിതി(ഇസിസി) നല്കിയ അംഗീകാരം ഫെഡറല്‍ മന്ത്രിസഭായോഗം വീണ്ടും റദ്ദാക്കി.
ഫെബ്രുവരിയില്‍ ഇന്ത്യയുമായി വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെട്ടതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകാനുള്ള നടപടികളുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കോവിഡ് മഹാമാരിക്കിടെ അവശ്യമരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞവര്‍ഷം മെയില്‍ ഇന്ത്യയില്‍നിന്ന് മരുന്നുകളും അസംസ്കൃത വസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പാക്കിസ്ഥാന് നീക്കിയിരുന്നു. പൂര്‍ണമായും വിച്ഛേദിച്ച ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പഴയനിലയിലേക്ക് തിരികെ പോകുന്നതിന്റെ ആദ്യപടി ആയിരുന്നു ഈ നടപടി.
മന്ത്രിസഭയുടെ ധന ഏകോപന സമിതി(ഇസിസി)യുടെ അംഗീകാരത്തിന് സമര്‍പ്പിക്കും മുന്‍പ് ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ പട്ടികയ്ക്ക് വാണിജ്യ-ടെക്സ്റ്റൈല്‍ വകുപ്പിന്റെ ചുമതലകൂടിയുള്ള പ്രധാനമന്ത്രി ഇമ്രാന് ഖാന് പച്ചക്കൊടി കാട്ടിയിരുന്നു. ഇസിസി യോഗത്തിനുശേഷം ഇസ്ലാമബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ധനമന്ത്രി ഇന്ത്യയില്‍നിന്ന് 0.5 ദശലക്ഷം ടണ്‍ പഞ്ചസാര ഇറക്കുമതി ചെയ്യാന്‍ സ്വകാര്യമേഖലയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയത്. പഞ്ചസാരയ്ക്ക് ഇന്ത്യയിലുള്ള വിലക്കുറവാണ് തീരുമാനത്തിന് കാരണമായി ചൂണ്ടിക്കാട്ടിയത്. പാക്കിസ്ഥാനില്‍ ലഭ്യത കുറഞ്ഞതും ഇന്ത്യയിലെ വിലക്കുറവുമാണ് ചണത്തിന്റെയും പരുത്തിയുടെയും വാഗാ അതിര്‍ത്തിവഴിയുള്ള ഇറക്കുമതിക്ക് നിര്‍ബന്ധിതമാക്കിയത്. ലോകത്തെ ഏറ്റവും വലിയ പരുത്തി ഉത്പാദക രാജ്യമാണ് ഇന്ത്യ. പഞ്ചസാരയുടെ കാര്യത്തില്‍ രണ്ടാമതും. റമദാന് മുന്‍പായി പഞ്ചസാരവില പിടിച്ചുനിര്‍ത്താന്‍ ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതി സഹായിക്കും.
പാകിസ്ഥാനുമായുള്ള വ്യാപാരബന്ധം സുഗമമായി മുന്നേറുമെന്ന് പ്രത്യാശിക്കുന്നതിനിടയിലാണ് മറ്റ് പ്രതിപക്ഷപാര്‍ട്ടികളില്‍ നിന്നും മൗലികവാദ സംഘടനകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നത്. ഇതോടെ തല്ക്കാലം തീരുമാനം വേണ്ടെന്ന് വെയ്ക്കാന്‍ ഇമ്രാന് സര്‍ക്കാര്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: