ഗോഹട്ടി: ഓള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) തലവന്‍ ബദറുദ്ദീന്‍ അജ്മല്‍ തെരഞ്ഞെടുപ്പ് റാലിയിക്കിടെ അസമിലെ സാംസ്കാരിക ചിഹ്നമായ ഗാമോസ എടുത്ത് എറിഞ്ഞത് വിവാദത്തിലേക്ക്. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഖ്യത്തിലാണ് അസമിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.യു.ഡി.എഫ് മത്സരിക്കുന്നത്. അജ്മലിന്റെ പെരുമാറ്റം സംസ്ഥാനത്ത് വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. അജ്മലിന്റെ പ്രവൃത്തി അസമീസ് സംസ്കാരത്തെ അപമാനിക്കുന്നതാണെന്നും സംഭവം അസമിലെ ജനങ്ങളെ വേദനിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.
അസമിലെ നാഗര്ബേരയില് നടന്ന റാലിക്കിടെയാണ് പാര്‍ട്ടി പ്രവര്ത്തകന് അണിയിക്കാന്‍ കൊണ്ടുവന്ന ഗാമോസ അജ്മല്‍ ദേഷ്യത്തോടെ പിടിച്ചു വാങ്ങി പ്രവര്‍ത്തകനെ അതുകൊണ്ട് മര്‍ദിച്ച് എടുത്ത് എറിഞ്ഞത്. പൊതു പരിപാടികളില്‍ സന്ദര്‍ശിക്കുന്ന വിശിഷ്ടാതിഥികളെ ആദരപൂര്‍വം അണിയിക്കുന്ന കൈത്തറി കൊണ്ടുള്ള ഗാമോസ അസമീസ് സംസ്കാരത്തിന്റെ പ്രതീകമാണ്. അസമിലെ ആരാധാനാലയങ്ങള്‍ പോലും ഗാമോസ കൊണ്ട് അലങ്കരിക്കാറുണ്ട്.. പ്രധാനമന്ത്രി നരേന്ദ്ര മോദി സമീപകാലത്ത് ദേശീയ തലത്തില്‍ ജനപ്രിയമാക്കിയ പരമ്പരാഗത ആസാമീസ് ഗാമോസ കൈത്തറിയില്‍ നെയ്തതാണ്. കോട്ടണ്‍ ആണ് മിക്കപ്പോളും ഇതു നിര്‍മിക്കാന്‍ ഉപയോഗിക്കുന്നതെങ്കിലും പ്രത്യേക അവസരങ്ങളില്‍ ഗാമോസ തയ്യാറാക്കാന്‍ സില്‍ക്ക് ഉപയോഗിക്കാറുണ്ട്.
എന്നാല്‍, റാലിയില്‍ പങ്കെടുക്കുന്ന നേതാക്കളെ അഭിവാദ്യം ചെയ്തുകൊണ്ട് ‘അനാവശ്യ കാലതാമസം’ വരുത്തിയതിനാലാണ് അജ്മല്‍ അത്തരത്തില്‍ പ്രതികരിച്ചതെന്നാണ് പാര്‍ട്ടിയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: