ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം കുറയുമെന്ന സിറ്റിങ് എംഎല്‍എയായ മന്ത്രി തോമസ് ഐസക്കിന്റെ വെളിപ്പെടുത്തല്‍ വിവാദത്തില്‍. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഐസക്കിന്റെ വെളിപ്പെടുത്തല്‍.
കഴിഞ്ഞ തവണ തനിക്ക് മുപ്പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. ഇത്തവണ പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഇടതുസ്ഥാനാര്‍ത്ഥി ജയിക്കുമെന്നാണ് ഐസക്ക് പറഞ്ഞത്. യുഡിഎഫിന്റെ പരാമര്‍ശത്തോടുള്ള മറുപടി എന്ന നിലയിലായിരുന്നു പ്രതികരണം. ആലപ്പുഴയില്‍ തോമസ് ഐസക്കിനെയും, തൊട്ടടുത്ത മണ്ഡലമായ അമ്പലപ്പുഴയില്‍ മന്ത്രി ജി. സുധാകരനെയും മത്സരിപ്പിക്കാത്തതില്‍ പാര്‍ട്ടിയിലും മുന്നണിയിലും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഐസക്കിന്റെ പ്രതികരണം ചര്‍ച്ചയാകുന്നത്.
ഐസക്ക് മത്സരിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം വലിയ തോതില്‍ ഇത്തവണ ഇടിയുമെന്ന് അദ്ദേഹം തന്നെ തുറന്ന് സമ്മതിച്ചതോടെ, കുറയുന്ന വോട്ടുകള്‍ ഏത് മുന്നണിക്ക് പോകുമെന്ന ചോദ്യമാണ് ഉയരുന്നത്. നിലവിലെ ഇടതു സ്ഥാനാര്‍ത്ഥി പി.പി. ചിത്തരഞ്ജനെതിരെ വ്യാപകമായി പോസ്റ്റര്‍ പ്രചാരണം നടക്കുകയും, ഒരു വിഭാഗം സിപിഎമ്മുകാര്‍ നിഷ്ക്രിയരായതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 1996ല്‍ വി.എസിനെ കാലുവാരി തോല്‍പ്പിച്ച പഴയ മാരാരിക്കുളം മണ്ഡലത്തിന്റെ ഭൂരിപക്ഷം പ്രദേശങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഇപ്പോഴത്തെ ആലപ്പുഴ മണ്ഡലം എന്നതും ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: