കൊച്ചി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരം ചെറുകിട കര്‍ഷകര്‍ക്ക് നല്‍കിയ പണം വാങ്ങിയതില്‍ ലക്ഷക്കണക്കിന് അനര്‍ഹരും. രണ്ടായിരം രൂപ വച്ച് മൂന്നു തവണയായി ആറായിരം രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അക്കൗണ്ടുകളില്‍ ഇട്ടു നല്‍കിയത്. കൃഷിക്ക് വളമടക്കം വാങ്ങാനും മറ്റു കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനുമാണ് കേന്ദ്രം പണം നേരിട്ട് നല്‍കിയത്. കേരളത്തില്‍ നിന്ന് 30 ലക്ഷത്തോളം പേര്‍ പണം വാങ്ങി. പക്ഷേ ഇതില്‍ 14 ലക്ഷത്തിലേറെ പേര്‍ മാത്രമാണ് കര്‍ഷകര്‍ക്കുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയില്‍ (കെസിസി) ചേര്‍ന്നത്. 15 ലക്ഷത്തിലേറെ പേര്‍ പദ്ധതിയില്‍ അംഗങ്ങളായിട്ടില്ല. ഇതില്‍ ചേരുമ്പോള്‍ പല കാര്യങ്ങളും വെളിപ്പെടുത്തേണ്ടിവരുമെന്നതാണ് കാരണം. ആദായ നികുതി അടയ്‌ക്കുന്നവര്‍ അടക്കം പണം വാങ്ങിയിട്ടുണ്ട്.
കിസാന്‍ സമ്മാന്‍ പദ്ധതി പ്രകാരം പണം വാങ്ങാന്‍ കൃഷി ഭൂമിക്ക് നികുതി അടച്ച രസീത് ഹാജരാക്കിയാല്‍ മാത്രം മതിയായിരുന്നു. പദ്ധതി കേന്ദ്രത്തിന്റെയാണെങ്കിലും അര്‍ഹരായവരെ കണ്ടെത്തുക കേരളത്തിന്റെ ചുമതലയായിരുന്നു. അനര്‍ഹരെ കണ്ടെത്തേണ്ടതും സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമായിരുന്നു. കേന്ദ്ര നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അനര്‍ഹരെ കണ്ടെത്തി വരികയാണ്.
പണം വാങ്ങിയ അര്‍ഹതയില്ലാത്തവര്‍ പണം മടക്കി നല്‍കേണ്ടി വരും. ഈ പണം അര്‍ഹതയുള്ള കൂടുതല്‍ പേര്‍ക്ക് നല്‍കാനാണ് കേന്ദ്ര തീരുമാനം. എന്നാല്‍, കര്‍ഷക സമ്മാന്‍ പദ്ധതി പ്രകാരം നല്‍കിയ മുഴുവന്‍ തുകയും കേന്ദ്രം തിരിച്ചു പിടിക്കുകയാണെന്ന കുപ്രചാരണമാണ് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും നടത്തുന്നത്. എന്നാല്‍, അര്‍ഹരായ ഒരാളില്‍ നിന്നു പോലും പണം മടക്കി വാങ്ങില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. പണം കൈപ്പറ്റിയ അനര്‍ഹരെ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിക്കൊടുക്കുന്ന മുറയ്‌ക്ക് നടപടിയുമുണ്ടാകും.
ദേശീയ തലത്തില്‍ 33 ലക്ഷം അനര്‍ഹരാണ് പണം വാങ്ങിയത്. ഇവര്‍ കൈപ്പറ്റിയത് 2326.88 കോടിയും. അതില്‍ 15 ലക്ഷം പേരും മലയാളികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: