കഴിഞ്ഞ 20 വര്‍ഷമായി കേരളത്തില്‍ എത്ര പുതിയ വ്യവസായങ്ങളുണ്ടായി എന്ന ഇ. ശ്രീധരന്റെ പാലക്കാട്ടെ ചോദ്യത്തിന് ഇടത് വലത് മുന്നണികള്‍ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. 2001 മുതല്‍ 2021 വരെ 10 വര്‍ഷം യു.ഡി.എഫും 10 വര്‍ഷം എല്‍.ഡി.എഫുമാണ് കേരളം ഭരിച്ചത്. ഈ കാലയളവില്‍ മുഖ്യമന്ത്രിമാരായിരുന്നത് എ.കെ. ആന്റണി, വി.എസ്. അച്യുതാനന്ദന്, ഉമ്മന്‍ചാണ്ടി എന്നിവരും ഇപ്പോഴത്തെ പിണറായി വിജയനുമാണ്. വ്യവസായ മന്ത്രിയായത് പി.കെ. കുഞ്ഞാലികുട്ടി, ഇബ്രാഹിംകുഞ്ഞ്, എളമരം കരിം, എ.പി. മൊയ്തീന്, ഇ.പി. ജയരാജന് തുടങ്ങിയവര്‍.
ഈ കാലയളവില്‍ 2009-2014 ല്‍ കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രിസഭയില്‍ ഏഴ് പേരുണ്ടായിരുന്നു. ഇവരില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ പോലും ശ്രീധരന്റെ ചോദ്യത്തിന് മറുപടി പറഞ്ഞില്ല. ഈ കാലയളവില്‍ കേരളത്തില്‍ ആരംഭിച്ചത് രണ്ട് വ്യവസായങ്ങള്‍ മാത്രമാണ്. പാലക്കാട്ടെ ബി.ഇ.എം.എല്ലും ദുബായ് ഗവര്‍മെന്റുമായി ചേര്‍ന്ന് കൊച്ചിയിലെ സ്മാര്‍ട്ട്സിറ്റിയും. ബി.ഇ.എം.എല്‍. കേന്ദ്രഗവര്മെന്റ് ഉടമസ്ഥതയിലുള്ളതും കൊച്ചിസ്മാര്‍ട്ട് സിറ്റി കേരളാ സര്‍ക്കാര്‍- ദുബായി സ്മാര്‍ട്ട്സിറ്റി കമ്പനി സംയുക്തസംരംഭവുമാണ്. കൊച്ചിയിലെ സ്മാര്‍ട്ട്സിറ്റി കരാറില്‍ പറഞ്ഞിരുന്ന യാതൊരു വ്യവസ്ഥകളും പാലിച്ചില്ല. കഴിഞ്ഞ 15 വര്‍ഷമായി പണി തുടങ്ങിയിട്ടും നാളിതുവരെ പൂര്‍ത്തീകരിച്ചില്ല. 8 ലക്ഷം സ്ക്വയര്‍ഫീറ്റില്‍ 90000 പേര്‍ക്ക് തൊഴില്‍നല്‍കും എന്ന വാഗ്ദാനം പാലിച്ചില്ല. കേരളാ സര്‍ക്കാരിന്റെ 245 ഏക്കര്ഭൂമിയടക്കമുള്ള വര്‍ധിച്ച നിക്ഷേപം ഉപയോഗപ്പെടുത്താന്‍ കഴിയാതെ നഷ്ടപ്പെടുകയാണ്.
കഴിഞ്ഞ 20 വര്‍ഷങ്ങള്‍കൊണ്ട് കേരളാ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള 21 വന്‍കിട വ്യവസായസ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയതായി കേരളാ സര്‍ക്കാരിന്റെ പബ്ലിക് എന്റര്‍പ്രൈസസ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ 21 വന്‍കിട വ്യവസായ സ്ഥാപനങ്ങളില്‍ പലതും തന്ത്രപ്രധാന മേഖലകളില്‍ ഉള്ളതാണ്. 2000ല്‍ കുറഞ്ഞത് 3000 കോടിയുടെ നിക്ഷേപം ഉണ്ടായിരുന്ന ഈ വന്‍കിട കമ്പനികളില്‍ 3000 സ്ഥിര ജീവനക്കാരും 6000ല്‍ അധികം താത്കാലിക ജീവനക്കാരും ഉണ്ടായിരുന്നു. ഇന്നത്തെ കമ്പോളവിലയുടെ അടിസ്ഥാനത്തില്‍ കുറഞ്ഞത് 20000 കോടിയുടെ നിക്ഷേപം ഈ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതു മൂലം നഷ്ടമായി. ഈ കമ്പനികള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് 25000ല്‍ അധികം ആളുകള്‍ക്ക് തൊഴില്ലഭിക്കുമായിരുന്നു. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ നികുതിവരുമാനം 10000 കോടിയിലധികം നഷ്ടമായി. ഏറ്റവുമധികം കമ്പനികള്‍ പൂട്ടിപ്പോയത് തിരുവനന്തപുരം, കണ്ണൂര്‍ ജില്ല കളിലാണ്. തിരുവനന്തപുരം ജില്ലയില്‍ പൂട്ടിപ്പോയ കമ്പനികള്‍,
1) കേരളാ ഹൈടെക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, 2) കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ പ്രോഡക്ട് ട്രേഡിങ്ങ് കോര്പറേഷന്, 3) ട്രിവാന്‍ഡ്രം സ്പിന്നിങ്മില്സ്, 4) കേരളാ സ്റ്റേറ്റ് സാലിസിലിക്കേറ്റ് ആന്‍ഡ് കെമിക്കല്‍സ്, 5) മെട്രോ പൊളിറ്റന്‍ എന്‍ജിനീയറിങ്, 6) കെല്‍ട്രോണ്‍ കൗണ്ടര്‍സ്, 7) ട്രിവാന്‍ഡ്രം റബ്ബര്‍ വര്‍ക്സ് എന്നിവയാണ്.
ഇവയില്‍ കഴക്കൂട്ടത്തുള്ള കേരളാ സ്റ്റേറ്റ് സാലിസിലിക്കറ്റ് ലിമിറ്റഡ് ആസ്പിരിന്‍ എന്ന മരുന്ന് വന്‍ തോതില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന കമ്പനിയാണ്. മരുന്നി ദൗര്‍ലഭ്യം നേരിടുന്ന ഈ കാലത്ത് ഈ മരുന്ന് കമ്പനി പൂട്ടി പോകാന്‍ ഇടയാക്കിയ സാഹചര്യം അക്ഷന്തവ്യമാണ്. കേരളത്തിലെ ആദ്യത്തെ വ്യവസായ സ്ഥാപനങ്ങളിലൊന്നായ ട്രിവാന്‍ഡ്രം റബ്ബര്‍ വര്‍ക്സ് എയര്‍ പോര്‍ട്ടിന് സ്ഥലം നല്‍കുന്നതിന് വേണ്ടിയാണ് നിര്‍ത്തലാക്കിയത്. പിന്നീട് മാറ്റി സ്ഥാപിക്കുകയായിരുന്നു
കണ്ണൂരില്‍ പൂട്ടിപ്പോയ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വ്യവസായ സ്ഥാപനങ്ങള്‍, 1) കെല്‍ട്രോണ്‍ ക്രിസ്റ്റല്‍സ് ലിമിറ്റഡ്, 2) കെല്‍ട്രോണ്‍ മാഗ്നെറ്റിക്സ്, 3) കെല്‍ട്രോണ്‍ റെസിസ്റ്റേര്‍സ് 4) കേരളാ ഗാര്‍മെന്റ്സ് ലിമിറ്റഡ് 5) ആസ്ട്രാള്വാച്ചസ് എന്നിവയാണ്.
കേരളാസോപ്പ്സ് ആന്‍ഡ് ഓയില്‍സ് കോഴിക്കോട് വെള്ളയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണ്. ഇതിന് വന്‍ പുനരുദ്ധാരണ പദ്ധതി നടപ്പാക്കിയെങ്കിലും പൂര്‍ണ്ണമായി വിജയിച്ചില്ല.
കേരളാ കണ്‍സ്ട്രക്ഷന്‍ കമ്പോണന്റ്സ് കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍ നിര്‍മ്മിച്ചിരുന്ന കമ്പനിയാണ്. ഇത് ചേര്‍ത്തലയില്‍ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയുടെ നാട്ടിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ആലപ്പുഴയിലെ സ്കൂട്ടെര്‍സ് കേരളാ അടച്ചു പൂട്ടിയതില്‍ മന്ത്രി ജി. സുധാകരന് പങ്കുണ്ട്. കേരളത്തിലെ ഇപ്പോഴത്തെ വ്യവസായ മന്ത്രി ഇ.പി. ജയരാജന് പറയുന്നത് പയ്യന്നൂരില്‍ സ്കൂട്ടര്‍ നിര്‍മ്മാണവ്യവസായം തുടങ്ങുമെന്നാണ്.
വ്യവസായമന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ജില്ലയിലെ കേരളാ സ്റ്റേറ്റ് വുഡ് ഇന്‍ഡസ്ട്രീസും കുറ്റിപ്പുറം മണ്ഡലത്തിലെകേരളാസ്റ്റേറ്റ് ഡിറ്റര്‍ജന്റ് ആന്‍ഡ് കെമിക്കല്‍സും അടച്ചു പൂട്ടി. പുനലൂരിലെ ട്രാവന്‍കൂര്‍ പ്ലൈവുഡ് അടച്ചു പൂട്ടി. തൃശ്ശൂര്‍ ജില്ലയില്‍ സര്‍ക്കാര്‍ ഉടമയില്‍ പ്രവര്‍ത്തിച്ചിരുന്ന വന്കിടകമ്പനികളായ കേരളാ പവര്‍ഡിവൈസസ്, കെല്‍ട്രോണ്‍ റെക്ടിഫൈര്സ് എന്നിവ ഈ കാലയളവില്പൂട്ടിപ്പോയി.
മേല്‍പ്പറഞ്ഞ 21 വന്‍കിടവ്യവസായ സ്ഥാപനങ്ങളെ കൂടാതെ ആലപ്പുഴ കെ.എസ്.ഡി.പി. മരുന്ന് കമ്പനിയിലെ വിറ്റാമിന്‍ എ ഉണ്ടാക്കുന്നപ്ലാന്റ് അടച്ചു പൂട്ടി പൊളിച്ചു വിറ്റു. ധനമന്ത്രി തോമസ്ഐസക്കിന്റെ മണ്ഡലത്തിലാണ് ആലപ്പുഴ കലവൂരില്‍ കെ.എസ്.ഡി.പി. സ്ഥിതിചെയ്യുന്നത്.കേരളാ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളില്‍ അഴിമതിക്കെതിരെ നിരവധി സി.ബി.ഐ, വിജിലന്‍സ് കേസ്നിലനില്ക്കുന്നു. ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളത് പാലക്കാട് ജില്ലയില്‍ വാളയാറിലുള്ള മലബാര്‍ സിമന്റസിലാണ്. മുന്‍ വ്യവസായസെക്രട്ടറിയും ചീഫ് സെക്രട്ടറിയുമായിരുന്ന ജോണ്മത്തായിയെ പ്രതിചേര്‍ക്കണമെന്ന് അടുത്തിടെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിവിധി പ്രഖ്യാപിച്ചു. അവിടെ മാനേജിങ് ഡയറക്ടര്‍ ആയിരുന്ന പത്മകുമാറിനെ നേരത്തെ അറസ്റ്റ് ചെയ്യുകയുണ്ടായി. അദ്ദേഹത്തെ ഇപ്പോള്‍ വീണ്ടും വ്യവസായ പുനരുദ്ധാരണത്തിന് വേണ്ടിയുള്ള റിയാബ് എന്ന ബോര്‍ഡില്‍ സെക്രട്ടറിയായി നിയമിച്ചു. മലബാര്‍ സിമന്റ്സിലെ അഴിമതികള്‍ക്കെതിരെ നിലപാടെടുത്ത കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണത്തില്‍ നാളിതുവരെ അന്വേഷണം പൂര്‍ത്തിയായിട്ടില്ല.
പാലക്കാട് ജില്ലയിലെ എരുത്തേമ്പതി പഞ്ചായത്തില്‍ 36 ഏക്കര്‍ സ്ഥലത്ത് 2008 ജൂണ്‍ എട്ടിന് അന്നത്തെ കേന്ദ്രമന്ത്രി വയലാര്‍ രവി കല്ലിട്ട് കെട്ടിടം പണി ആരംഭിച്ച അഗസ്ത്യ ബയോഫാം ഇന്ത്യ ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് മരുന്ന് നിര്‍മാണ കമ്പനിയുടെ പ്രവര്‍ത്തനം ആഗോളതലത്തിലുള്ള മയക്കു മരുന്ന് മാഫിയയുടെ ആക്രമണം മൂലം നിന്ന് പോയി. 2012 ഒക്ടോബറില്‍ കമ്പനി കേരളാ ഹൈക്കോടതി ഏറ്റെടുത്തു. കമ്പനി തുറക്കുന്നതിനു വേണ്ടി നല്കിയ ഹര്‍ജി ന്യൂഡല്‍ഹിയിലെ നാഷണല്‍ കമ്പനി ലോഅപ്പലേറ്റ് ട്രൈബുണലിന്റെയും കര്‍ണാടക ഹൈക്കോടതിയുടെയും പരിഗണനയിലാണ്. 2012 മുതല്‍ സംസ്ഥാനം ഭരിച്ച യു.ഡി.എഫ്, എല്‍.ഡി.എഫ്. സര്‍ക്കാരുകള്‍ കമ്പനി തുറക്കുന്നതിനായി യാതൊരു നടപടികളും സ്വീകരിച്ചില്ല.
കൊറോണയ്ക്ക് നല്കുന്ന 15 ഇനം പ്രതിരോധമരുന്നുകള്‍ ഉള്‍പ്പെടെ 230 മരുന്നുകള്‍ നിര്‍മ്മിക്കുന്നതിനാണ് കമ്പനിക്ക് ലൈസന്‍സ് ലഭിച്ചിട്ടുള്ളത്. അധോലോക മയക്കുമരുന്ന് ലോബിക്കെതിരെ അന്വേഷണം നടത്തി നിയമ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ കമ്പനി അടഞ്ഞു പോകില്ലായിരുന്നു. കഴിഞ്ഞ 9 വര്‍ഷമായി കമ്പനി അടഞ്ഞു കിടക്കുന്നത് മൂലം 15000 കോടിയുടെ നഷ്ടമാണ് രാജ്യത്തിനുണ്ടായിട്ടുള്ളത്. 5000 പേര്‍ക്ക് നേരിട്ടും 20000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നഷ്ടപ്പെട്ടു. തിരുവനന്തപുരം ്രടാവന്കൂര് ടൈറ്റാനിയത്തില്‍ മാലിന്യമുക്ത പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള 200 കോടിയുടെ അഴിമതികേസില്‍ അന്വേഷണം എങ്ങുമെത്തിയില്ല.
കൊല്ലത്തെ കാഷ്യൂ കോര്‍പറേഷനില്‍ നടന്ന 500 കോടിയുടെ അഴിമതിയെ സംബന്ധിച്ച് സി.ബി.ഐ. തയാറാക്കിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടും പ്രതികളെ വിചാരണചെയ്യാന്‍ കേരളാസര്‍ക്കാര്‍ അനുമതിനല്‍കിയില്ല. സി.ബി.ഐ. സമര്‍പ്പിച്ച കുറ്റപത്രം അനുസരിച്ച് പ്രതികളെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇപ്പോള്‍ കേരളാ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കേരളാ സര്‍ക്കാരിന്റെ ഏറ്റവും വലിയ രാസവ്യവസായശാലകൊല്ലത്തെ കെ.എം.എം.എല്‍. കമ്പനിയാണ്. ഇവിടെ മാനേജിങ് ഡയറക്ടറെ നിയമിക്കുന്നതിനായി 25 വര്‍ഷം വ്യവസായ മാനേജ്മെന്റില്‍ പരിചയസമ്പത്തുള്ള കെമിക്കല്‍ എന്‍ജിനീയര്‍മാരുടെ അഭിമുഖം നടത്തിയ ശേഷം ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാത്ത ഇലക്ട്രിക്കല്‍ എന്‍ജിനീയറെ മാനേജിങ് ഡയറക്ടര്‍ ആയി നിയമിച്ചു. ഇതാണ് എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ പ്രൊഫഷണല്‍ മാനേജ്മന്റ്.
എല്‍.ഡി.എഫിന്റെ പ്രകടന പത്രികയില്‍ പറയുന്നത് ചെറുകിടഇടത്തരം വ്യവസായങ്ങളുടെ എണ്ണം 3 ലക്ഷമായി വര്‍ധിപ്പിക്കും എന്നാണ്. എന്നാല്‍ നിലവിലുള്ള ചെറുകിട-ഇടത്തരം വ്യവസായ യൂണിറ്റുകളുടെ എണ്ണം 140000 ആണ്. കഴിഞ്ഞ 64 വര്‍ഷംകൊണ്ട് 140000 യൂണിറ്റുകളാണ് തുടങ്ങിയതെങ്കില്‍ അടുത്ത 5 വര്‍ഷത്തില്‍ എങ്ങനെയാണു 160000 യൂണിറ്റുകള്‍ തുടങ്ങുന്നത്. ഇപ്പോള്‍ നിലവിലുള്ള 140000 യൂണിറ്റുകളില്‍ 50000 ല്‍ താഴെ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കയര്‍, കശുവണ്ടി, കൈത്തറി, റബ്ബര്‍, എഞ്ചിനീയറിംഗ് തുടങ്ങി നിരവധി യൂണിറ്റുകള്‍ അടഞ്ഞുകിടക്കുന്നു. സി.പി.എമ്മിന്റെയും, സി.പി.ഐയുടെയും തെറ്റായ സമരങ്ങള്‍ മൂലം കേരളത്തില്‍ ധാരാളം ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ അടച്ചുപൂട്ടി. ആന്തൂരിലെ ആഡിറ്റോറിയം ഉടമയുടെയും പുനലൂരിലെ വര്‍ക്ക് ഷോപ് ഉടമയുടെയും ദാരുണാന്ത്യം ഇതിനു തെളിവാണ്.
യു.ഡി.എഫിന്റെയും എല്‍.ഡി.എഫ്.ന്റെയും അഴിമതിയും അക്രമസമരങ്ങളും മൂലം കേരളം കഴിഞ്ഞ 20 വര്‍ഷമായി വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറി. ഇതിനൊരു മോചനം വരാന്‍ നരേന്ദ്രമോദിയുടെയും ഇ. ശ്രീധരന്റെയും നേതൃത്വത്തിലുള്ള ബി.ജെ.പി. മുന്നണി തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തില്‍ വരണം. അതാണ് മെട്രോമാന് ഇ. ശ്രീധരന് സുപ്രധാന ചോദ്യത്തിലൂടെ കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാരുടെ മുന്നിലേക്ക് ഉന്നയിച്ചിരിക്കുന്നത്.
പ്രൊഫ. ഡി. അരവിന്ദാക്ഷന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: