ന്യൂദല്‍ഹി: കണ്ണൂര്‍ ജില്ലയിലെ സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങള്‍ ഭരണഘടനാവിരുദ്ധമായി പ്രവര്ത്തിക്കുന്നവായാണെന്നും അവയ്ക്കെതിരെ നടപടിയെടുക്കണമെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയ്ക്ക് പരാതി. തൃക്കരിപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ എം.പി. ജോസഫാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇത് സംബന്ധിച്ച പരാതി അയച്ചിരിക്കുന്നത്.
സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകള്‍ സന്ദര്‍ശിച്ചതില്‍ നിന്നും രാജ്യത്തിന്റെ പരമാധികാരം, ഭരണഘടനയും നിയമവും നടപ്പിലാക്കല്‍ എന്നിവയെ ബാധിക്കുന്ന ചില അമ്പരപ്പിക്കുന്ന നഗ്ന സത്യങ്ങള്‍ തിരിച്ചറിഞ്ഞെന്ന് അദ്ദേഹം പറയുന്നു. തന്റെ നിയോജകമണ്ഡലത്തിലെ എതാനും ഗ്രാമങ്ങള്‍ ‘പാര്‍ട്ടി ഗ്രാമങ്ങള്‍’ എന്നാണ് അറിയപ്പെടുന്നത്. ‘ഇവിടുത്തെ ഭരണാധികാരം സിപിഎമ്മിനാണ്. ചൈനയുടെ ഒരു നാനോപതിപ്പ് എന്ന് അവകാശപ്പെടാവുന്ന ഈ ഗ്രാമങ്ങളില്‍ ഭരിയ്ക്കാനും, നിര്‍ദേശങ്ങള്‍ നല്‍കാനും ഈ പ്രദേശത്തിന്റെ അതിര്‍ത്തി കാക്കാനും ഉള്ള എല്ലാ അവകാശങ്ങളും പാര്‍ട്ടി നേതാക്കള്‍ക്കാണ്,’ ജോസഫ് തന്റെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
‘തെരഞ്ഞെടുപ്പുകളില്‍ ഈ പാര്‍ട്ടിഗ്രാമങ്ങളിലാണ് വന്‍തോതില്‍ കള്ളവോട്ടുകളും മറ്റ് തെരഞ്ഞെടുപ്പനുബന്ധ അതിക്രമങ്ങളും നടക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇതിനെതിരെ പ്രദേശിക തെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ജില്ലാ ഭരണകൂടം വരെ ഇക്കാര്യത്തില്‍ പക്ഷപാതപരമായാണ് പെരുമാറുന്നത്,’ അദ്ദേഹം തന്റെ കത്തില്‍ പറയുന്നു.
‘ഇവിടെ മിക്ക ബൂത്തുകളിലും പോളിംഗ് ഏജന്റുമാര്‍ ഉണ്ടാകാറില്ല, പകരം സിപിഎം ഏജന്റുമാര്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനം. ആരെങ്കിലും അവിടേക്ക് പ്രവേശനിക്കാന് ശ്രമിച്ചാല്‍ അവരെ ശാരീരികമായി പുറന്തള്ളുകയോ ആക്രമിക്കുകയോ ചെയ്യും. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സിപിഎം അംഗമല്ലാത്ത ഒരു ഏജന്റ് സിപിഎമ്മുകാരാല്‍ മാരകമായി ആക്രമിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. ഇത് യുഡിഎഫിന്റെ ബൂത്ത് ഏജന്റുമാരില്‍ ഭയം നിറയ്ക്കുന്നു. ജില്ലാ ഭരണകൂടത്തിന് പോലും തങ്ങളെ സംരക്ഷിക്കാന്‍ സാധിക്കില്ലെന്നതിനാലാണിത്. ഇനി ജില്ലാ ഭരണകൂടം എടുത്തുനോക്കിയാല്‍ അവിടെ അടിതൊട്ട് മുടിവരെ സിപിഎം അനുഭാവികളോ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരോ പാര്‍ട്ടി സഹയാത്രികരോ ആണ്. പാര്‍ട്ടിയില്‍ സ്ഥിരാംഗത്വമുള്ളവര്‍ വരെ അവിടെ ഉണ്ട്. നിര്‍ഭാഗ്യമെന്ന് പറയട്ടെ, എന്തുണ്ടായാലും ജില്ലാ ഭരണകൂടം സിപിഎമ്മിന് അനുകൂലമായേ നിലപാടെടുക്കൂ,’ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം പാര്‍ട്ടിഗ്രാമങ്ങളില്‍ അര്‍ധസൈനിക വിഭാഗങ്ങളെ വിന്യസിക്കണമെന്നതാണ് ജോസഫിന്റെ ആവശ്യം. പോളിംഗ് ബൂത്തുകളും ഏജന്റുമാരും വോട്ടിംഗ് സമയത്തും അതിന് ശേഷവും സംരക്ഷിക്കപ്പെടുമെന്ന സ്ഥിതിവിശേഷമുണ്ടാകണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
മാധ്യമങ്ങള്‍ക്കയച്ച കത്തില്‍ ഈ പാര്‍ട്ടിഗ്രാമങ്ങളിലേക്ക് പത്രപ്രവര്‍ത്തകരെ അയയ്ക്കണമെന്നും സത്യം മനസ്സിലാക്കാന്‍ അവര്‍ ഏപ്രില്‍ നാല് മുതല്‍ ഇവിടങ്ങളില്‍ നിരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: