ആലപ്പുഴ: കായംകുളത്തെ വോട്ടറെ പെന്ഷന് നല്കി സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി. കായംകുളത്ത് പ്രായമായവരുടെ തപാൽ വോട്ടിനിടെയാണ് സംഭവം. സഹകരണ ബാങ്കിലെ ജീവനക്കാരാണ് വോട്ടെടുപ്പ് സമയത്ത് പെന്ഷന് നല്‍കാനെത്തി വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ചത്.
സംഭവത്തില്‍ യുഡിഎഫ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി കളക്ടര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വരണാധികാരിയോട് റിപ്പോര്‍ട്ട് തേടിയതായി ജില്ലാ കളക്ടര്‍ എ.അലക്സാണ്ടര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടിയുണ്ടാകും. അടിയന്തിര റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശ നല്‍കിയിരിക്കുന്നത്. കായംകുളം മണ്ഡലത്തില്‍ എഴുപത്തിയേഴാം നമ്പർ ബുത്തിലെ ചേരാവള്ളി തോപ്പില്‍ വീട്ടിലാണ് സംഭവം.
തപാല്‍ വോട്ടിനൊപ്പം പെന്‍ഷനും വിതരണം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമമുണ്ടായെന്ന് കുടുംബവും ആരോപിച്ചു. സംഭവത്തിന്റെ വീഡിയോ യുഡിഎഫ് പുറത്തുവിട്ടിരുന്നു. രണ്ടു മാസത്തെ പെന്ഷന് ഉണ്ടെന്നും സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അടുത്തമാസം മുതല്‍ പെന്ഷന് തുക 2500 രൂപയുണ്ടാകുമെന്നും പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് ഇതെന്ന് യുഡിഎഫ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: