ന്യൂദല്‍ഹി: മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയ്‌ക്കെതിരെ തരംതാണപരാമര്‍ശം നടത്തിയതിന്റെ പേരില്‍ ഡിഎംകെ നേതാവ് എ. രാജയ്‌ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ചെപ്പോക്ക്-തിരുവള്ളിക്കെനി പ്രചാരണത്തിനിടയില്‍ എ. രാജയുടെ വിവാദപരാമര്‍ശം ഉണ്ടായത്. മുഖ്യമന്ത്രി പളനിസ്വാമി പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത അവിഹിത സന്തതിയാണെന്നും എന്നാല്‍ സ്റ്റാലിന്‍ കുടുംബത്തില്‍ പിറന്ന പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പുത്രനാണെന്നുമായിരുന്നു രാജയുടെ വിവാദ പ്രസംഗം. ‘സമയമെത്തുന്നതിന് മുന്‍പ് പ്രസവിച്ച ഈ കുട്ടിയ്‌ക്ക് ദല്‍ഹിയില്‍ നിന്നുള്ള ഒരു ഡോക്ടര്‍-പ്രധാനമന്ത്രി നരേന്ദ്രമോദി- ആരോഗ്യസര്‍ട്ടിഫിക്കറ്റ് ന്ല്‍കുകയും ചെയ്തു,’ രാജ പറഞ്ഞു. ഇതേ തുടര്‍ന്ന് തിരുവൊട്രിയൂരില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ മുഖ്യമന്ത്രി പളനിസ്വാമി പൊട്ടിക്കരയുകയുണ്ടായി.
ഈ വിവാദപരാമര്‍ശത്തിനെതിരെ എഐഎഡിഎംകെ ശക്തമായ പ്രക്ഷോഭം നടത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 (പ്രകോപനപരമായ പ്രസ്താവന), 294ബി വകുപ്പുകള്‍(പൊതുവേദിയില്‍ തരംതാണഭാഷ പ്രയോഗിക്കല്‍) പ്രകാരവും ജനപ്രതിനിധിനിയമത്തിലെ127ാം വകുപ്പ്(തെരഞ്ഞെടുപ്പ് യോഗം കലക്കല്‍) പ്രകാരവും പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ വിവാദപരാമര്‍ശത്തിന്റെ പേരില്‍ ബുധനാഴ്ച വൈകീട്ട് ആറ് മണിക്കകം വിശദീകരണം നല്‍കണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.
‘പ്രാഥമിക വിവരമനുസരിച്ച് താങ്കളുടെ പ്രസംഗത്തിലെ ഉള്ളടക്കം അപകീര്‍ത്തികരവും അശ്ലീലപരവും മാതൃത്വത്തെ ഇകഴ്‌ത്തുന്നതുമാണ്. ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ഗൗരവമേറിയ ലംഘനമാണ്,’ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: